Flash News

'ജാദവിനെപ്പോലെ തനിക്കും മാതാവിനെ ആലിംഗനം ചെയ്യാനായില്ല'-യാസീന്‍ മാലിക്.

ശ്രീനഗര്‍: രാജ്യത്തെ തടവറകളില്‍ നിന്നു നേരിട്ട അനുഭവങ്ങളെക്കുറിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് തുറന്ന കത്തുമായി ജെകെഎല്‍എഫ് നേതാവ് യാസീന്‍ മാലിക്. ഇന്ത്യയിലെ വിവിധ ജയിലുകളില്‍ കഴിഞ്ഞിരുന്ന കാലത്ത് കുല്‍ഭൂഷണ്‍ ജാദവിനെപ്പോലെ തനിക്കും ചില്ലുമറ കാരണം തന്റെ മാതാവിനെ ആലിംഗനം ചെയ്യാനായില്ലെന്ന് മാലിക് കത്തില്‍ പറഞ്ഞു. പാകിസ്താന്‍ ജയിലില്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തിനു നേര്‍ക്കുണ്ടായ അധികൃതരുടെ മോശം പെരുമാറ്റം സംബന്ധിച്ചു ഡിസംബര്‍ 28ന് സുഷമാ സ്വരാജ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം തന്നെ സ്പര്‍ശിച്ചതായും മാലിക് വ്യക്തമാക്കി. ജയില്‍ജീവിതത്തിന്റെ ദുരന്തങ്ങളറിയുന്ന ഒരാളെന്ന നിലയില്‍ താങ്കളുടെ വാക്കുകള്‍ എന്റെ ഹൃദയത്തെ സ്പര്‍ശിച്ചിരിക്കുന്നു. പാകിസ്താനില്‍ വധശിക്ഷ കാത്ത് കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവികന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാനെത്തിയ മാതാവും പത്‌നിയും അനുഭവിച്ച ക്ലേശങ്ങള്‍ തനിക്ക് മനസ്സിലാക്കാന്‍ സാധിക്കും. കുല്‍ഭൂഷണെ കാണാനെത്തിയ മാതാവിന് ചില്ലുമറ കാരണം ആലിംഗനം ചെയ്യാനാവാതെ മടങ്ങേണ്ടിവന്നതുപോലുള്ള അനുഭവം തന്റെ കുടുംബത്തിനുമുണ്ടായിട്ടുണ്ട്. തിഹാര്‍ അടക്കമുള്ള ജയിലുകളില്‍ കഴിഞ്ഞപ്പോള്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ മാതാവിനും ചില്ലുമറ കാരണം ആലിംഗനം ചെയ്യാനായില്ല. കുപ്രസിദ്ധമായ ജോധ്പൂര്‍ ജയിലില്‍ ചില്ലുമറയ്ക്കപ്പുറത്തു തന്നെ കണ്ട മൂത്ത സഹോദരിക്ക് കണ്ണുനീര്‍ നിയന്ത്രിക്കാനായില്ലെന്നും ഒന്ന് തൊടാനുള്ള അവളുടെ ആഗ്രഹം പോലും സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ നിഷേധിച്ചെന്നും മാലിക് വ്യക്തമാക്കി. സഹോദരനെ കാണാന്‍ പറ്റാതെ പോയ തന്റെ സഹോദരി ആമിന അനുഭവിച്ച മാനസികാഘാതത്തെക്കുറിച്ച് മനസ്സിലാക്കാന്‍ മാന്യയായ വനിതയെന്ന നിലയില്‍ താങ്കള്‍ക്ക് സാധിക്കുമെന്നും വിദേശകാര്യ മന്ത്രിക്കുള്ള കത്തില്‍ മാലിക് പറയുന്നു. കുല്‍ഭൂഷന്റെ അവകാശങ്ങള്‍ക്കു താന്‍ പിന്തുണ നല്‍കുന്നതായും മാലിക് കത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it