ernakulam local

ജാതിമരങ്ങള്‍ മരുന്നടിച്ച് ഉണക്കുന്നു

കാലടി: കാഞ്ഞൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ സ്വകാര്യവ്യക്തി കായ് ഫലം ഏറെയുള്ള  ജാതിമരങ്ങള്‍ കീടനാശിനി അടിച്ച് ഉണക്കുന്നു. വര്‍ഷങ്ങളായി നല്ല വിളവു നല്‍കി വന്നിരുന്ന ജാതി മരങ്ങളാണ് കരിച്ചുകളയുന്നത്.
സ്വകാര്യവ്യക്തി അടുത്തയിടെ സ്വന്തമാക്കിയ ഭൂമിയിലാണ് പരിസ്ഥിതിയെ വെല്ലുവിളിച്ചുകൊണ്ടുളള തേര്‍വാഴ്ച. മാസങ്ങള്‍ക്കു മുന്‍പ് ഇവിടെനിന്നും മണ്ണ് കുഴിച്ചെടുത്ത് മറിച്ചു വില്‍ക്കുകയും കുഴിയില്‍ പാറമട മാലിന്യമുള്‍പ്പെടെ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന വസ്തുക്കള്‍ കൊണ്ടുവന്നു നിറയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരേ നാട്ടില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്ന് വന്നത്. അതിനുശേഷവും ഇത്തരത്തില്‍ കാര്‍ഷിക വിളനിലം കരിച്ചുണക്കുന്നത് വീണ്ടും പാരിസ്ഥിതിക ആഘാതത്തിന് ഇടയാക്കുമെന്ന് കര്‍ഷകരും സമീപവാസികളും ചൂണ്ടിക്കാട്ടുന്നു. വില്ലകള്‍ പണിത് വില്‍പന നടത്തുവാന്‍ ലക്ഷ്യമിട്ടാണ് ഈ ഭൂമി കൈക്കലാക്കിയിട്ടുളളത്. എന്നാല്‍ റോഡ് നിര്‍മിക്കാന്‍ എന്ന വ്യാജേന മണ്ണ് ആഴത്തില്‍ കുഴിച്ചെടുത്ത് മറിച്ചു വില്‍ക്കുകയാണുണ്ടായത്.
സമീപവാസികളുടെ കിണറുകളില്‍ ജലലഭ്യത നഷ്ടപ്പെടുവാനും പരിസര മലിനീകരണത്തിനും മറ്റും  ഈ പ്രവര്‍ത്തികള്‍ കാരണമാവുമെന്നും നാട്ടുകാര്‍ ആശങ്കപ്പെടുന്നു. പഞ്ചായത്തില്‍നിന്നോ മറ്റ്്  സ്ഥാപനങ്ങളില്‍ നിന്നോ ആവശ്യമായ അനുമതി വാങ്ങാതെയാണ് ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും പരക്കെ ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it