Flash News

ജാഗ്രതാ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക് കൊടുങ്കാറ്റിനും കനത്ത ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അസം, മേഘാലയ, ത്രിപുര എന്നിവിടങ്ങളില്‍  ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കേരളം, തമിഴ്‌നാട്, തെക്കന്‍ കര്‍ണാടക, ജമ്മു-കശ്മീര്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, പഞ്ചാബ്, ബിഹാര്‍, ജാര്‍ഖണ്ഡ്, സിക്കിം, ഒഡീഷ, വടക്കുപടിഞ്ഞാറന്‍ മധ്യപ്രദേശ്, തെലങ്കാന, റായലസീമ, ആന്ധ്രപ്രദേശിന്റെ ഉത്തരതീരം എന്നിവിടങ്ങളില്‍ കനത്ത കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചിലയിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. കാറ്റ് രണ്ടുമൂന്നു ദിവസം തുടരുമെങ്കിലും ബാധിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം വരുംദിവസങ്ങളില്‍ കുറയും.
ഉത്തരേന്ത്യയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ നൂറിലേറെ പേര്‍ മരിച്ചിരുന്നു. കൊടുംചൂടില്‍ വലഞ്ഞിരിക്കുന്നതിനിടെയാണ് കൊടുങ്കാറ്റും കനത്ത മഴയും ദുരിതം വിതച്ചെത്തിയത്. മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റ് വീശിയടിച്ചത്. ഉത്തര്‍പ്രദേശിന്റെ പല മേഖലകളിലും കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയ കാറ്റ് രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും നാശം വിതച്ചു. ഡല്‍ഹിയില്‍ വിമാനഗതാഗതത്തെയും കാറ്റ് പ്രതികൂലമായി ബാധിച്ചു.
കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ തണുത്ത മഴമേഘങ്ങള്‍ കിഴക്കന്‍ രാജസ്ഥാനു മീതെ രൂപപ്പെട്ട ചെറിയ ന്യൂനമര്‍ദ മേഖലയിലേക്ക് ഇരച്ചുകയറിയതോടെയാണ് അതിശക്തമായ പൊടിക്കാറ്റുണ്ടായതെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയത്. കൊടുങ്കാറ്റ് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
അതേസമയം, രണ്ടു ദിവസത്തിനുള്ളില്‍ കൊടുങ്കാറ്റില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 124 ആയെന്ന് അധികൃതര്‍ അറിയിച്ചു. ഉത്തര്‍പ്രദേശില്‍ 73 പേര്‍ മരിക്കുകയും 91 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജസ്ഥാനില്‍ 35 പേരാണ് മരിച്ചത്. 206 പേര്‍ക്കു പരിക്കേറ്റു. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമാണ് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ ഉണ്ടായത്.
സ്ഥിതിഗതികളുടെ തീവ്രത മുന്‍കൂട്ടി അറിയിക്കുന്നതില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പരാജയപ്പെട്ടെന്ന് ഉത്തര്‍പ്രദേശില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു. തെലങ്കാനയില്‍ എട്ടും ഉത്തരാഖണ്ഡില്‍ ആറും പഞ്ചാബില്‍ രണ്ടു പേരും കൊല്ലപ്പെട്ടുവെന്നും മന്ത്രാലയം വ്യക്തമാക്കി. ബാധിക്കപ്പെട്ട സംസ്ഥാനങ്ങളിലെല്ലാം വൈദ്യുതി വിതരണം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. 12,000 വൈദ്യുതിത്തൂണുകള്‍ കടപുഴകിവീഴുകയും 2500 ട്രാന്‍സ്‌ഫോമറുകളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it