Kottayam Local

ജല സ്രോതസ്സുകള്‍ വറ്റി വരണ്ടു : ചങ്ങനാശ്ശേരിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം



ചങ്ങനാശ്ശേരി: വേനല്‍ചൂട് ശക്തമായതിനെ തുടര്‍ന്ന് ജല സ്രോതസ്സുകള്‍ വറ്റിവരണ്ടതോടെ നഗരവും പരിസരങ്ങളും കുടിവെള്ള ക്ഷാമത്തിലേക്ക്.
ഇതിനിടിയല്‍ എംസി റോഡ് വികസനത്തിന്റെ ഭാഗമായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിയിലും അല്ലാതെയും സംഭവിക്കുന്ന പൈപ്പു പൊട്ടല്‍കൂടിയായതോടെ ജനം ദുരിതത്തിലമായി. എന്നാല്‍ പ്രശ്‌ന പരിഹാരത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും എല്ലാം എങ്ങുമെത്തിയില്ല. ഇതിനെ തുടര്‍ന്ന് നഗരത്തില്‍ മാത്രമല്ല സമീപ പഞ്ചായത്തുകളിലും കുടിവള്ള ക്ഷാമം തുടര്‍ക്കഥയായി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ശുദ്ധ ജലക്ഷാമം അനുഭവപ്പെടുന്ന പഞ്ചായത്തുകളില്‍ പ്രശ്‌ന പരിഹാരത്തിനുള്ള ആദ്യ പടിയെന്ന നിലയില്‍ കുടിവെള്ളമെത്തിക്കാനുള്ള ക്വട്ടേഷനുകള്‍ നേരത്തെതന്നെ ക്ഷണിച്ചിരുന്നു. പഞ്ചായത്തുകള്‍ തോറും 5000 ലിറ്റര്‍ കുടിവെള്ളം എത്തിക്കുന്നതിനുള്ള ക്വട്ടേഷനുകളാണ് അന്ന് ക്ഷണിച്ചിരിക്കുന്നത്. ഫെബ്രൂവരി 15ന് തന്നെ ക്വട്ടേഷന്‍ തുറന്നു പരിശോധിക്കുകയും തുടര്‍ന്ന് കലക്ടറേറ്റില്‍ നിന്നുള്ള നിര്‍ദേശാനുസരണം കുടിവെള്ള വിതരണം നടത്താനും കഴിഞ്ഞിരുന്നു. അതോടൊപ്പം ഏതെല്ലാം പോയന്റുകളിലാണ് കുടിവെള്ള വിതരണം നടത്തേണ്ടതെന്ന് പഞ്ചായത്തുകള്‍ നേരത്തെ തന്നെ തീരുമാനിക്കുകയും ചെയ്തിരുന്നു.
പഞ്ചായത്തിലും പരിസരങ്ങളിലും അനുഭവപ്പെട്ടിരുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ റവന്യൂ ടവറില്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ വിവിധ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് അവലോകന യോഗം നടത്തി. താലൂക്കിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമുണ്ടാക്കാന്‍ വേനല്‍ച്ചൂട് ആരംഭിച്ചപ്പോള്‍ തന്നെ തീരുമാനം എടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫെബ്രുവരി അവസാനിക്കാറായിട്ടും അതിനുള്ള ഒരു നടപടികളും ആരംഭിച്ചിട്ടുമില്ല. തിരുവല്ലാ കറ്റോട്ട് ശുദ്ധജല പദ്ധതിയില്‍ നിന്ന് വല്ലപ്പോഴുമൊരിക്കല്‍ എത്തുന്ന കുടിവെള്ളം മാത്രമാണ് നഗരത്തിലെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്രയം. എന്നാല്‍ ആറ്റില്‍ ജലനിരപ്പ് താഴ്ന്നതോടെ സാധാരണ നടത്തി വന്ന പോലെയുള്ള പമ്പിങ് അവിടെ നടക്കുന്നുമില്ല. വാഴപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ വക്കച്ചന്‍പടി, ആറ്റുവക്കേരി പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം ആരംഭിച്ചിട്ടുണ്ട്. കടുത്ത വരള്‍ച്ച കാരണം ഈ പ്രദേശങ്ങളിലെ കിണറുകളും മറ്റു ജലസ്രോതസ്സുകളും വറ്റിവരണ്ടു തുടങ്ങി. പൈപ്പുകളിലൂടെയുള്ള ശുദ്ധജലം യഥാസമയങ്ങളില്‍ എത്താറില്ലെന്നു നാട്ടുകാര്‍ പറയുന്നു. പായിപ്പാട് പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡായ പൂവം, നക്രാപുതുവല്‍ ഭാഗങ്ങളിലും കുടിവെള്ള ക്ഷാമം വ്യാപകമായിട്ടുണ്ട്.
ഇവിടെ വളരെ അകലെ നിന്നുപോലും വെള്ളം കൊണ്ടുവരേണ്ട അവസ്ഥയാണുള്ളത്. കുറിച്ചി,മാടപ്പള്ളി, തൃക്കൊടിത്താനം പഞ്ചായത്തുകളുടെ പലഭാഗങ്ങളിലും പ്രത്യേകിച്ചു  കിഴക്കന്‍ മേഖലകളിലും  കുടിവെള്ളക്ഷാമം രൂക്ഷമാണ്. ചങ്ങാശ്ശേരിയുടെ പടിഞ്ഞാറന്‍ പ്രദേശമായ വാലടി, ഈര, കൈനടി, പയറ്റുപാക്ക തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍തുക കൊടുത്ത് നാട്ടുകാര്‍ കുടിവെള്ളം വാങ്ങിത്തുടങ്ങി. എന്നാല്‍ ഇതിന്റെ പരിശുദ്ധിയെ കുറിച്ച് നാട്ടുകാരില്‍ സംശയവും ഉയര്‍ന്നിട്ടുണ്ടെങ്കിലും മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ഇവ വാങ്ങിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നത്. ഇതിനിടയില്‍ നഗരത്തിലും സമീപങ്ങളിലെയും ജല സ്രോതസ്സുകള്‍ വറ്റിവരളാനും ആരംഭിച്ചിട്ടുണ്ട്.
നഗരത്തിന്റെ പലഭാഗങ്ങളിലും സമീപ പഞ്ചായത്തുകളിലും നിരവധി വഴിയോരക്കിണറുകള്‍ ഉണ്ടെങ്കിലും അവ ഉപയോഗ പ്രദമാക്കുന്ന കാര്യത്തില്‍ അധികൃതര്‍ നിസ്സംഗതപാലിക്കുകയാണ്. അവകൂടി പ്രയോജനപ്പെടുത്തിയാല്‍ കുടിവെള്ളക്ഷാമത്തിനു താല്‍ക്കാലികമായെങ്കിലും പരിഹാരമുണ്ടാക്കാനാവും.
Next Story

RELATED STORIES

Share it