kozhikode local

ജല വിതരണം ആരംഭിക്കണമെങ്കില്‍ റോഡ് വീണ്ടും വെട്ടിപ്പൊളിക്കണം

കുന്ദമംഗലം: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജപ്പാന്‍ കുടിവെള്ളം ഇത്തവണയും വിതരണം ചെയ്യാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ആശങ്ക. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ലൈന്‍ പോകുന്ന മുറിയനാല്‍ കുന്ദമംഗലം ദേശീയ പാതയില്‍ ജല അതോറിറ്റിയുടെ മാന്‍ ഹോളുകള്‍ ടാര്‍ ചെയ്ത് മൂടിയതോടെ ഇത് തുറക്കാതെ ജല വിതരണം ആരംഭിക്കാന്‍ കഴിയില്ല എന്നാണ് ജൈക്ക അധികൃതര്‍ പറയുന്നത്.
ഈ ഭാഗത്ത് റോഡില്‍ മെയിന്‍ വാല്‍വ് അടക്കം ആറു മാന്‍ ഹോളുകളാണ് ഉള്ളത്. ഇത് തുറന്നാല്‍ മാത്രമേ പൈപ്പ് ലൈനിന്റെ വാല്‍വുകള്‍ അടക്കാനും തുറക്കാനും കഴിയുകയുള്ളൂ. റോഡ് പൊളിക്കാന്‍ ഒരു കാരണവശാലും അനുമതി നല്‍കാന്‍ സാധിക്കില്ലെന്നാണ് ദേശീയ പാത വിഭാഗം പറയുന്നത്. റോഡില്‍ ടാറിങ് നടത്തുന്നതിന് മുമ്പ് ഇക്കാര്യം ജല അതോറിറ്റിയെ അറിയിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ രണ്ടാഴ്ച കൂടി സമയം ചോദിച്ചിട്ടും ഇത് അംഗീകരിക്കാതെ ദേശീയ പാത അധികൃതര്‍ റോഡ് ടാറിങ് നടത്തുകയായിരുന്നു എന്നാണ് ജൈക്ക അധികൃതര്‍ പറയുന്നത്. ഇതിനിടയില്‍ ഇന്നലെ ജൈക്ക അധികൃതര്‍ വീണ്ടും പൈപ്പ് ലൈനില്‍ ടെസ്റ്റ് റണ്‍ നടത്തി.
കാരന്തൂര്‍ മെഡിക്കല്‍കോളജ് റോഡില്‍ പൈപ്പില്‍ ലീക്ക് കണ്ടെത്തി. ഇവിടെ പൈപ്പ് ലൈന്‍ റോഡരികില്‍ ആയതുകൊണ്ട് ഇവിടെയിപ്പോള്‍ പണി നടക്കുന്നുണ്ട്. പദ്ധതി ജല അതോറിറ്റിക്ക് കൈമാറുന്നതിന് കത്ത് നല്‍കിയിട്ടുണ്ടെന്നും ഉടന്‍ തന്നെ അവര്‍ പദ്ധതി ഏറ്റെടുക്കുമെന്നും ജൈക്ക അധികൃതര്‍ പറഞ്ഞു.
എന്നാലും റോഡിലെ മാന്‍ ഹോളുകള്‍ തുറക്കാതെ ജല വിതരണം ആരംഭിക്കാന്‍ സാധിക്കില്ലെന്നാണ് അവര്‍ പറയുന്നത്. 29 ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്കിലെ വാല്‍വ് അടച്ചാണ് ഇപ്പോള്‍ പണികള്‍ നടത്തുന്നത് കണക്ഷന്‍ നല്‍കി തുടങ്ങിയാല്‍ മെയിന്‍ വാല്‍വ് അടക്കുന്നത് പ്രായോഗികമല്ലെന്നും ജൈക്ക അധികൃതര്‍ പറയുന്നു. ഇതോടെ പണമടച്ച് വെള്ളം പ്രതീക്ഷിച്ചിരുന്നവര്‍ ആശങ്കയിലായിരിക്കുകയാണ്.
Next Story

RELATED STORIES

Share it