kozhikode local

ജലസംരക്ഷണ മഹായജ്ഞത്തിന് ജില്ലയില്‍ തുടക്കം

മുക്കം : ഹരിതകേരളം മിഷന്‍ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് തുലാവര്‍ഷ ജലം തടഞ്ഞുനിര്‍ത്താനായി ജലസംരക്ഷണ മഹായജ്ഞത്തിന് കാരശ്ശേരി പഞ്ചായത്തിലെ കല്‍പ്പൂരില്‍ തുടക്കമായി. ജലവിഭവ മന്ത്രി മാത്യു ടി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. 2017ല്‍ കാലവര്‍ഷത്തില്‍ 48 ശതമാനം കുറവുണ്ടായിട്ടുണ്ട്. അതിനാല്‍ തടയണകളിലൂടെ സംഭരിക്കുന്ന ജലം സൂക്ഷ്മമായി ഉപയോഗിക്കണം. ചെറുകിട സംവിധാനങ്ങളിലൂടെ ജലം സംഭരിക്കുന്ന രീതികള്‍ പ്രോത്സാഹിപ്പിക്കും. സംസ്ഥാനത്തെ ജലസ്രോതസുകള്‍ മലിനമാകാതെ സൂക്ഷിക്കുമെന്നും മാലിന്യങ്ങള്‍ പുഴകളിലേക്കും മറ്റ് ജലസ്രോതസുകളിലേക്കും വലിച്ചെറിയുന്നവര്‍ക്ക് ജയില്‍ശിക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി പറഞ്ഞു. വേനല്‍ക്കാലത്ത് കൃഷി, ജലസേചനം, കുടിവെളളം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ജലം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാഭരണകൂടത്തിന്റ ആഭിമുഖ്യത്തില്‍ ജലസംരക്ഷണ മഹായജ്ഞം ആരംഭിച്ചത്. പാഴായി പോകുന്ന തുലാവര്‍ഷ നീരൊഴുക്ക് തടഞ്ഞു നിര്‍ത്തി വേനല്‍കെടുതിയെ നേരിടാനുളള മുന്നൊരുക്കമാണ് പദ്ധതിയിലൂടെ ജില്ലയിലാകെ നടക്കുക. ജലസേചനം, കൃഷി വകുപ്പുകള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ സംയുക്തമായി അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലയിലെ 459 വിസിബികളും ചെക്ക്ഡാമുകളും ജലസേചനവകുപ്പ്, ചെറുകിടജലസേചനവകുപ്പിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട എന്‍ജിനീയര്‍മാരും ഉദ്യോഗസ്ഥരും ഈ നിര്‍മ്മിതികള്‍ സ്ഥിതിചെയ്യുന്ന ഇടങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തുകയും അളവുകള്‍ ശേഖരിച്ച് ജിഐഎസ് സഹായത്തോടെ മാപ്പില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.  ഹരിതകേരളം മിഷന്റെ ജില്ലയിലെ ചീഫ് കോര്‍ഡിനേറ്ററായ ജില്ലാ കലക്ടര്‍ യു വി ജോസിന്റെ  മേല്‍നോട്ടത്തില്‍ ആത്മ പദ്ധതിയില്‍ കൃഷി ഓഫീസര്‍മാരാണ് പ്രവര്‍ത്തനം താഴേതട്ടില്‍ നടപ്പിലാക്കുന്നത്.   ജോര്‍ജ് എം തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍  യു വി ജോസ്, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ വിനോദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി കെ കാസിം, ഹരിത മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശന്‍, ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പി അജിത് കുമാര്‍ സംസാരിച്ചു. ആനയാംകുന്ന് വിഎംഎച്ച്എസ് സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും മുക്കം ഐഎച്ച്ആര്‍ഡി, കാരശ്ശേരി കോ-ഓപറേറ്റീവ് കോളജ് വിദ്യാര്‍ഥികളും കുടുംബശ്രീ പ്രവര്‍ത്തകരും തൊഴിലുറപ്പ് പ്രവര്‍ത്തകരും തടയണ നിര്‍മ്മാണ പ്രവൃത്തിയില്‍ പങ്കാളികളായി.
Next Story

RELATED STORIES

Share it