ജലമലിനീകരണത്തിനെതിരേ ഇരുപത്കിലോമീറ്റര്‍ നീന്തി അര്‍ജുന്‍

കൊച്ചി: ജലസംരക്ഷണം, മാലിന്യമുക്ത ജലാശയങ്ങള്‍ എന്നീ ആശയങ്ങള്‍ ജനമനസ്സുകളിലേക്ക് എത്തിക്കാന്‍ പത്താം ക്ലാസുകാരനായ അര്‍ജുന്‍ സന്തോഷ് നീന്തിയത് ഇരുപതു കിലോമീറ്റര്‍. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല പെരുമ്പളം ദ്വീപില്‍ നിന്ന് രാവിലെ ഒമ്പതരയ്ക്ക് ആരംഭിച്ച ദീര്‍ഘദൂര നീന്തല്‍ അവസാനിച്ചത് ഉച്ചയ്ക്ക് ഒന്നരയ്ക്ക് എറണാകുളം മറൈന്‍ ഡ്രൈവ് ജെട്ടിയില്‍. റോട്ടറി കൊച്ചിന്‍ മിഡ്ടൗണിന്റെ വേവ് എന്ന ജലസംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു അര്‍ജുന്റെ സാഹസിക നീന്തല്‍. ആഴമേറിയ വേമ്പനാട്ടു കായലും കൊച്ചിക്കായലും നീന്തിക്കയറിയ അര്‍ജുനെ സ്വീകരിക്കാന്‍ മറൈന്‍ ഡ്രൈവില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് നേരിട്ടെത്തിയിരുന്നു. നൂറുകണക്കിനാളുകളുടെ ആര്‍പ്പുവിളികള്‍ക്കും കരഘോഷങ്ങള്‍ക്കും വാദ്യമേളങ്ങള്‍ക്കും ഇടയിലേക്കാണ് അര്‍ജുന്‍ നീന്തിയെത്തിയത്. അരൂര്‍ എംഎല്‍എ എം എ ആരിഫാണു പെരുമ്പളം മാര്‍ക്കറ്റ് ജെട്ടിയില്‍ നീന്തല്‍ ഫഌഗ് ഓഫ് ചെയ്തത്. തുടര്‍ന്നു നീന്തല്‍ വിദഗ്ധര്‍ കയറിയ ബോട്ടുകളുടെയും വള്ളങ്ങളുടെയും അകമ്പടിയോടെയാണ് അര്‍ജുന്‍ കൊച്ചിയിലേക്കു നീന്തിയത്. ജലാശയങ്ങള്‍ എത്രത്തോളം മലിനമാണ് എന്നതിനു താന്‍ നീന്തിയ കായലുകള്‍ തന്നെ ഉദാഹരണങ്ങളാണെന്ന് നീന്തലിനു ശേഷം അര്‍ജുന്‍ മാധ്യമങ്ങളോടു പറഞ്ഞു. അര്‍ജുന്‍ സന്തോഷിന്റെ നീന്തല്‍ ജനമനസ്സിലേക്കു ജലമലിനീകരണത്തിനെതിരേയുള്ള ആശയം പകര്‍ന്നുനല്‍കുമെന്ന് മന്ത്രി സി രവീന്ദ്രനാഥ് പൊതുയോഗത്തില്‍ ചൂണ്ടിക്കാട്ടി. മാലിന്യ നിര്‍മാര്‍ജനത്തിന് ആര് എന്തു ശ്രമങ്ങള്‍ നടത്തിയാലും അതിനെ സര്‍ക്കാര്‍ പൂര്‍ണമായി പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. റോട്ടറി കൊച്ചിന്‍ മിഡ്ടൗണ്‍ പ്രസിഡന്റ് അനില്‍ വര്‍മ അധ്യക്ഷത വഹിച്ചു. നീന്തല്‍ പരിശീലകന്‍ പെരുമ്പളം പനയ്ക്കല്‍ വീട്ടില്‍ പി ജി സന്തോഷ് കുമാറിന്റെയും ബീനയുടെയും മകനായ അര്‍ജുന്‍ ചെറുപ്പത്തിലേ നീന്തല്‍ പരിശീലിച്ചിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യാ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. പെരുമ്പളം ദ്വീപിലേക്കു പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് അര്‍ജുന്‍ നടത്തിയ നീന്തല്‍ സമരം രണ്ടുവര്‍ഷം മുമ്പു വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. വേമ്പനാട്ടു കായല്‍ മലിനീകരണത്തിനെതിരേ 2013ല്‍ അര്‍ജുന്‍ പൂച്ചാക്കല്‍ മുതല്‍ പെരുമ്പളം വരെ 4 കിലോമീറ്റര്‍ നീന്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it