ജലഗതാഗത വകുപ്പ് ബോട്ട് സര്‍വീസുകള്‍ നഷ്ടത്തില്‍

സമീര്‍  കല്ലായി
മലപ്പുറം: സൗരോര്‍ജത്തിലേക്കു മാറാനുള്ള നിര്‍ദേശം നടപ്പാവാന്‍ വൈകുന്നതുമൂലം ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വീസുകള്‍ നഷ്ടത്തില്‍ തന്നെ. സംസ്ഥാനത്തു ജലഗതാഗതവകുപ്പ് 63 സര്‍വീസുകളാണ് നടത്തുന്നത്. ഇതില്‍ 10 സര്‍വീസുകള്‍ നിര്‍ത്തലാക്കി. 1500ഓളം തൊഴിലാളികളാണുള്ളത്. ഓരോ ബോട്ടിനും ദിനേന മിനിമം 100 ലിറ്റര്‍ ഡീസലെങ്കിലും വേണം. സൗരോര്‍ജത്തിലേക്കു മാറിയാല്‍ വന്‍ തുക ലാഭിക്കാനാവും. എന്നാല്‍, ഈ ആശയം ഇപ്പോഴും പൂര്‍ണമായിട്ടില്ല. വൈക്കത്ത് മാത്രമുള്ള ഈ സര്‍വീസ് വന്‍ ലാഭത്തിലാണ്.
ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍പേര്‍ ജലഗതാഗതത്തെ ആശ്രയിക്കുന്നത്. തൊട്ടുപിന്നിലായി എറണാകുളം, കൊല്ലം ജില്ലകളും. തൃക്കരിപ്പൂരില്‍ നിന്നു രണ്ട് സര്‍വീസ് പയ്യന്നൂരിലേക്കും പടന്നയിലേക്കുമുണ്ട്. പറശ്ശിനിക്കടവ്-മാട്ടൂല്‍ സര്‍വീസുമുണ്ട്. നേരത്തേ എറണാകുളം കോര്‍പറേഷന്റെ കിംകോയും കെഎസ്ആര്‍ടിസിയും ബോട്ട് സര്‍വീസ് നടത്തിയിരുന്നെങ്കിലും ജലഗതാഗതവകുപ്പിനു കൈമാറുകയായിരുന്നു.
ഫറോക്ക്, കരുവന്‍തിരുത്തി, ബേപ്പൂര്‍, ചാലിയം സൗരോര്‍ജ ബോട്ട് സര്‍വീസിനായി സര്‍വേ നടന്നെങ്കിലും യാഥാര്‍ഥ്യമായിട്ടില്ല.
2015 വരെ, 12 വര്‍ഷത്തോളം ബോട്ട് സര്‍വീസിന്റെ മിനിമം ചാര്‍ജ് മൂന്നു രൂപയായിരുന്നു. പിന്നീടതു നാലു രൂപയാക്കി. രണ്ടു കിലോമീറ്ററോളം അകലമുള്ള ഓരോ ജെട്ടിയിലെത്തുമ്പോഴും ഒരുരൂപ മാത്രമാണു കൂടുക. ഇതുമൂലം വന്‍ നഷ്ടത്തിലാണ് ഓരോ ബോട്ടുകളും സര്‍വീസ് നടത്തുന്നത്. മിനിമം ചാര്‍ജ് എട്ടുരൂപ പോരെന്ന ബസ്സുടമകളുടെ വാദത്തിനിടെയാണ് ജലഗതാഗത വകുപ്പ് ഇപ്പോഴും നാലുരൂപയ്ക്ക് സര്‍വീസ് നടത്തുന്നത്. സൗരോര്‍ജത്തിലേക്കു മാറാനുള്ള നിര്‍ദേശം എത്രയും വേഗത്തില്‍ നടപ്പാക്കി വകുപ്പിനെ നഷ്ടത്തില്‍ നിന്നു കരകയറ്റണമെന്നാണു ജീവനക്കാരുടെ ആവശ്യം.
Next Story

RELATED STORIES

Share it