World

ജറുസലേം വില്‍പനയ്ക്കുള്ളതല്ല: മഹ്മൂദ് അബ്ബാസ്‌

ന്യൂയോര്‍ക്ക്: യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇസ്രായേലിനും യുഎസിനും എതിരേ രൂക്ഷവും ധീരവുമായ ഭാഷയില്‍ പ്രതികരിച്ച് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്.
ജറുസലേം വില്‍പനയ്ക്കുള്ളതല്ലെന്നു പറഞ്ഞായിരുന്നു വ്യാഴാഴ്ച യുഎന്‍ സമ്മേളനത്തില്‍ അബ്ബാസ് പ്രസംഗം ആരംഭിച്ചത്. വന്‍ കരഘോഷത്തോടെയാണ് സദസ്സ് അബ്ബാസിന്റെ വാക്കുകളെ എതിരേറ്റത്. തുടര്‍ന്ന്, അദ്ദേഹം ഇസ്രായേലിന്റെ വംശീയതയെ ശക്തമായി വിമര്‍ശിച്ചു.
യുഎസ് ഭരണകൂടം വിവേകശൂന്യമായ പിന്തുണയാണ് ഇസ്രായേലിനു നല്‍കുന്നതെന്നും ഇരു രാജ്യങ്ങളും യുഎന്‍ പ്രമേയങ്ങളോ അന്താരാഷ്ട്ര മധ്യസ്ഥ കരാറുകളോ പാലിക്കാന്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിന്റെ വംശീയ നിയമം ഒരു വംശീയ രാജ്യരൂപീകരണത്തിലേക്കും വംശവെറിയിലേക്കും നയിക്കുമെന്നും ദ്വിരാഷ്ട്ര പരിഹാരത്തിന് പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി യുഎസ് അംഗീകരിക്കുകയും എംബസി ജറുസലേമിലേക്കു മാറ്റുകയും ചെയ്ത ശേഷം ആദ്യമായാണ് അബ്ബാസ് യുഎന്‍ വേദിയില്‍ സംസാരിക്കുന്നത്. കൂടുതല്‍ ലോക രാജ്യങ്ങള്‍ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാന്റെ ആണവകരാര്‍ പച്ചക്കള്ളമാണെന്നു പറഞ്ഞ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും രംഗത്തുവന്നു. തന്റെ വാദത്തെ ന്യായീകരിക്കാന്‍ ഗൂഗ്ള്‍ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ ഫോട്ടോയുമായാണ് നെതന്യാഹു പ്രസംഗവേദിയിലെത്തിയത്. അതേസമയം, ഏകപക്ഷീയമായ നടപടികള്‍ കൈക്കൊള്ളുന്നത് ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന് പരിഹാരമാവില്ലെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അഭിപ്രായപ്പെട്ടു. സമാധാനം പുനസ്ഥാപിക്കാന്‍ ദ്വിരാഷ്ട്ര പരിഹാരമല്ലാതെ മറ്റു എളുപ്പവഴികളില്ലെന്നും അദ്ദേഹം പറഞ്ഞു.
യമനില്‍ സൗദി അറേബ്യയുടെയും യുഎഇയുടെയും നേതൃത്വത്തില്‍ നടക്കുന്ന യുദ്ധക്കുറ്റങ്ങളെക്കുറിച്ച് അന്താരാഷ്ട്രതല അന്വേഷണം നടത്താന്‍ യുഎന്‍ മനുഷ്യാവകാശ സമിതി തീരുമാനിച്ചു. 8ന് എതിരേ 21 വോട്ടുകള്‍ക്കാണ് കൗണ്‍സില്‍ പ്രമേയം പാസാക്കിയത്. ബംഗ്ലാദേശിലെ റഖൈനില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ നടന്ന വംശീയ ആക്രമണങ്ങളുടെ തെളിവുകള്‍ ശേഖരിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കാനും മനുഷ്യാവകാശ സമിതി തീരുമാനിച്ചു.

Next Story

RELATED STORIES

Share it