kozhikode local

ജറുസലേം: ട്രംപിന്റെ പ്രഖ്യാപനം ലോകം തള്ളിക്കളയും- ഫലസ്തീന്‍ അംബാസഡര്‍

കോഴിക്കോട്: ജനിച്ച മണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന ഫലസ്തീന്‍ ജനതയ്‌ക്കൊപ്പമാണെന്നത് ആശ്വാസവും കരുത്തുമാണെന്ന് ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ അദ്‌നാന്‍ അബു അല്‍ ഹൈജ. അരനൂറ്റാണ്ടിലേറെ തുടര്‍ന്ന എല്ലാ ധാരണകളെയും കാറ്റില്‍ പറത്തി ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമാക്കുന്നതായ അമേരിക്കന്‍ പ്രസിഡന്റ് റോണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ലോകം ഒന്നടങ്കം തള്ളിക്കളയുകയും അപലപിക്കുകയുമായിരുന്നു-അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കന്‍ ധാര്‍ഷ്ട്യത്തിനെതിരേ ഫലസ്തീനൊപ്പം മാനവികതക്കൊപ്പം മുസ്ലിം യൂത്ത്‌ലീഗ് യൂത്ത് മൂവ് കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ സമാധാന ശ്രമങ്ങളെയും വെല്ലുവിളിക്കുന്നതാണ് ട്രംപിന്റെ പ്രഖ്യാപനവും ഇസ്രായേലിന്റെ നയനിലപാടുകളും. മുസ്്‌ലിംകളും ക്രിസ്ത്യാനികളും വിശുദ്ധമായി കരുതുന്ന ബൈതുല്‍ മുഖദ്ദസ് ഉള്‍ക്കൊള്ളുന്ന ജറുസലേമിക്കുള്ള ഇസ്രാഈല്‍ കടന്നുകയറ്റം തന്നെ നിയമ വിരുദ്ധമാണ്. അവിടം തലസ്ഥാനമാക്കിയുള്ള പ്രഖ്യാപനങ്ങളും നീക്കങ്ങളും തീര്‍ത്തും നീതിക്കും ന്യായത്തിനും അന്താരാഷ്ട്ര മര്യാദകള്‍ക്കും നിരക്കാത്തതും. ലോക രാജ്യങ്ങളുടെ ഒന്നാകെയുള്ള അഭ്യര്‍ഥനയും ഉപദേശവും ഉള്‍ക്കൊണ്ട് ജറുസലേമിന്മേലുള്ള അവകാശവാദം ഉപേക്ഷിക്കാനും തെറ്റു തിരുത്താനും അവര്‍ തയ്യാറാവണം. അയ്യായിരം കൊല്ലത്തിലേറെ ഫലസ്തീനില്‍ വസിക്കുന്നവര്‍ക്ക് നേരെയാണ് അധിനിവേശവും കൈയേറ്റവും. ജനിച്ച മണ്ണില്‍ അഭയാര്‍ഥികളെ പോലെ കഴിയുന്നവരായിരിക്കുന്നു ഫലസ്തീന്‍ ജനത. എക്കാലവും ഇന്ത്യ ഫലസ്തീനൊപ്പമായിരുന്നു. തുടര്‍ന്നും അങ്ങിനെതന്നെ ആയിരിക്കുമെന്നാണ് കരുതുന്നതെന്നും അദ്‌നാന്‍ അബു അല്‍ ഹൈജ പറഞ്ഞു. മുസ്്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഇന്ത്യന്‍ അമ്പാസഡറും അന്താരാഷ്ട്ര നിരീക്ഷകനുമായ ടി പി ശ്രീനിവാസന്‍, ടി എ അഹമ്മദ് കബീര്‍ എംഎല്‍എ, മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മോയിന്‍കുട്ടി, മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം സംസാരിച്ചു.
Next Story

RELATED STORIES

Share it