World

ജറുസലേം എംബസി ഉദ്ഘാടനച്ചടങ്ങില്‍ ട്രംപ് പങ്കെടുക്കില്ല

ജറുസലേം: മെയ് 14ന് യുഎസ് എംബസി തെല്‍ അവീവില്‍ നിന്നു ജറുസലേമിലേക്ക് മാറ്റുന്ന ചടങ്ങില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുക്കില്ല. ജറുസലേമിലെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ പട്ടിക കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു. ഇതില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേരില്ല. ട്രംപിന്റെ മകള്‍ ഇവാന്‍ക, മരുമകനും ഉപദേഷ്ടാവുമായ ജാര്‍ഡ് കുഷ്‌നര്‍, ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നുചിന്‍, ഇസ്രായേലിലെ യുഎസ് അംബാസഡര്‍ ഡേവിഡ് ഫ്രൈഡ്മാന്‍, പശ്ചിമേഷ്യയിലെ പ്രതിനിധി ജേസണ്‍ ഗ്രീന്‍ബ്ലാറ്റ് ചടങ്ങില്‍  പങ്കെടുക്കും.യുഎസ് എംബസിയെ സൂചിപ്പിക്കുന്ന ദിശാ ബോര്‍ഡുകള്‍ തിങ്കളാഴ്ച ജറുസലേമില്‍ സ്ഥാപിച്ചിരുന്നു.
2017 ഡിസംബറിലാണ് എംബസി ജറുസലേമിലേക്കു മാറ്റുമെന്നു ട്രംപ് പ്രഖ്യാപിച്ചത്. ദശാബ്ദങ്ങളായി യുഎസ് പിന്തുടരുന്ന നയങ്ങളും അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇതിനെതിരേ വ്യാപക പ്രതിഷേധം ഫലസ്തീനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഉയരുകയും ട്രംപിന്റെ തീരുമാനത്തെ യുഎന്‍ പൊതു സഭ തള്ളുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it