ജയ ബച്ചനെതിരേ പരാമര്‍ശം: അഗര്‍വാള്‍ മാപ്പ് പറഞ്ഞു

ന്യൂഡല്‍ഹി: ജയ ബച്ചനെതിരേ നടത്തിയ മോശം പരാമര്‍ശത്തിന് ബിജെപി നേതാവ് നരേഷ് അഗര്‍വാള്‍ മാപ്പ് പറഞ്ഞു. രാജ്യസഭാ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് അഗര്‍വാള്‍, സമാജ്‌വാദി പാര്‍ട്ടി (എസ്പി) വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ജയ ബച്ചനാണ് എസ്പി രാജ്യസഭാ സീറ്റ് നല്‍കിയത്. തന്നെ തഴഞ്ഞ് നൃത്തം ചവിട്ടുന്നവളും സിനിമയില്‍ അഭിനയിക്കുന്നവളുമായ ഒരുവള്‍ക്ക് സീറ്റ് നല്‍കി എന്നാണ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
പ്രസ്താവന വിവാദമായതോടെയാണ് അദ്ദേഹം മാപ്പ് പറഞ്ഞത്. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പരാമര്‍ശം പിന്‍വലിക്കുന്നതായി പറഞ്ഞ അഗര്‍വാള്‍, തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നും പറഞ്ഞു.
പ്രസ്താവന പിന്‍വലിച്ചെങ്കിലും ബിജെപിക്കകത്തുള്ളവര്‍ പോലും അഗര്‍വാളിനെതിരേ തിരിഞ്ഞിരിക്കുകയാണ്. ബിജെപി എംപി രൂപാ ഗംഗുലിയും കേന്ദ്ര ഭക്ഷ്യ, സംസ്‌കരണ മന്ത്രി ഹര്‍സിമ്രാട്ട് ബാദലും അഗര്‍വാളിനെ വിമര്‍ശിച്ചു. എസ്പിയും ബിഎസ്പിയും അദ്ദേഹത്തിന്റെ പ്രസ്താവനയെ അപലപിച്ചു.
അഗര്‍വാളിനെതിരേ ബിജെപി ഉടന്‍ നടപടി സ്വീകരിക്കണമെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. അഗര്‍വാള്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും ബിഎസ്പി നേതാവ് മായാവതിയും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it