ജയിലുകളില്‍ സൗകര്യങ്ങള്‍ അപര്യാപ്തം; വിചാരണയെ ബാധിക്കുന്നു സുപ്രിംകോടതി

ന്യൂഡല്‍ഹി: രാജ്യത്തെ ജയിലുകളില്‍ തടവുകാരെ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ അപര്യാപ്തമാണെന്നു സുപ്രിംകോടതി. ജയിലുകളിലെ അസൗകര്യങ്ങളെത്തുടര്‍ന്ന് വിചാരണാ നടപടികള്‍ വൈകുന്നതായും ഇത് വിചാരണത്തടവുകാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാവുന്നതായും കോടതി നിരീക്ഷിച്ചു. ജയിലുകളിലെ സൗകര്യങ്ങള്‍ വര്‍ധിക്കുന്നതുള്‍പ്പെടെയുള്ള പരിഷ്‌കരണ നടപടികള്‍ക്കായി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ സഹായം സുപ്രിംകോടതി തേടി. കേസില്‍ അമിക്കസ് ക്യൂറിയായി ഗൗരവ് അഗര്‍വാളിനെയും കോടതി നിയമിച്ചു.
ജസ്റ്റിസുമാരായിരുന്ന എ കെ ഗോയലും യു യു ലളിതും ഈ വര്‍ഷം മാര്‍ച്ചില്‍ ഫരീദാബാദ് ജയില്‍ സന്ദര്‍ശിച്ചതിനു ശേഷം ജില്ലാ ജഡ്ജിയോട് ഈ വിഷയത്തില്‍ വിശദീകരണം തേടിയിരുന്നു. ജയിലുകള്‍ പരിഷ്‌കരിക്കാന്‍ ആവശ്യമായ നടപടികളെക്കുറിച്ചു പഠിച്ച് വിശദമായ റിപോര്‍ട്ട് തയ്യാറാക്കാനായിരുന്നു നിര്‍ദേശം. തുടര്‍ന്ന്, ജയിലുകളിലെ അസൗകര്യങ്ങള്‍ സംബന്ധിച്ച് ഫരീദാബാദ് ജില്ലാ ജഡ്ജി സമര്‍പ്പിച്ച റിപോര്‍ട്ട് പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി.
ജയിലിലെ ഭക്ഷണം, ശുചിത്വം, വൈദ്യസഹായം എന്നിവ ദയനീയമാണെന്നു റിപോര്‍ട്ടില്‍ പറയുന്നു. ജയില്‍ പരിഷ്‌കരണം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും ശുപാര്‍ശകളും അടങ്ങുന്ന ജില്ലാ ജഡ്ജി സമര്‍പ്പിച്ച റിപോര്‍ട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാന്‍വില്‍കര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് പരിഗണിച്ചത്.
ഫരീദാബാദ് ജയിലിലെ അസൗകര്യങ്ങളുടെ പശ്ചാത്തലത്തിലാണ് സുപ്രിംകോടതി ജയില്‍ വിഷയം സ്വമേധയാ പരിഗണിച്ചതെങ്കിലും പരിഷ്‌കരണ നടപടികളില്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജയിലുകളെയും ഉള്‍പ്പെടുത്തുകയായിരുന്നു.
പല ജയിലുകളിലെയും സാഹചര്യങ്ങള്‍ അതീവ ദയനീയമാണെന്നു കോടതി നിരീക്ഷിച്ചു. ഇതു വിചാരണാ നടപടികളെ പ്രതികൂലമായി ബാധിക്കുകയും നീതി നടപ്പാവുന്നതിന് കാലതാമസമെടുക്കുകയും ചെയ്യുന്നു. ജയിലുകളില്‍ ഗതാഗത സൗകര്യങ്ങളും വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യങ്ങളും കുറവാണ്. അതിവേഗ വിചാരണ നടത്തുന്നതിനു പലപ്പോഴും അസൗകര്യങ്ങള്‍ തടസ്സമാവുകയാണെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. ജയില്‍ പരിഷ്‌കരണം സംബന്ധിച്ച് ബോംബെ, രാജസ്ഥാന്‍ ഹൈക്കോടതികള്‍ പുറപ്പെടുവിച്ച ഉത്തരവുകളും കോടതി പരിഗണിക്കും.
Next Story

RELATED STORIES

Share it