ജയിലിലുള്ള മാതാവിനെ കാണാന്‍ കുട്ടികള്‍ക്ക് സൗകര്യമൊരുക്കണം

ന്യൂഡല്‍ഹി: ജയിലില്‍ നിന്ന് അമ്മയെ പിരിഞ്ഞ കുട്ടിക്ക് ആഴ്ചയില്‍ മൂന്നു തവണ കാണാന്‍ സൗകര്യമൊരുക്കണമെന്ന ശുപാര്‍ശയുമായി കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. ഇത്തരത്തിലുള്ള കുട്ടികള്‍ മനുഷ്യക്കടത്തിന് ഇരയാകുന്നുണ്ടെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് മേനകയുടെ നടപടി. ഇതു സംബന്ധിച്ച് ജയില്‍ മാന്വലില്‍ നിബന്ധന കൂട്ടിച്ചേര്‍ക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിനു മേനക ഗാന്ധി കത്തെഴുതിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇതുവഴി അമ്മയ്ക്ക് കുട്ടിയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ സാധിക്കുമെന്നും കത്തിലുണ്ട്.
ജയിലില്‍ വച്ച് ജന്മം നല്‍കുന്ന കുട്ടികളെ അഞ്ചു വയസ്സു വരെ അമ്മയോടൊപ്പം കൂടെ താമസിപ്പിക്കാറുണ്ട്. എന്നാല്‍, അഞ്ചു വയസ്സാകുന്നതോടെ പെട്ടെന്ന് കുട്ടിയെ അമ്മയില്‍ നിന്നു വേര്‍പിരിക്കും. ഇതില്‍ പകുതിയോളം സ്ത്രീകള്‍ക്ക് അതിനു ശേഷം കുട്ടികളെക്കുറിച്ചുള്ള യാതൊരു വിവരവും ലഭ്യമല്ലെന്ന് കണ്ടെത്തിയതായും കുട്ടികളില്‍ പലരും മനുഷ്യക്കടത്തിന് ഇരയാകുന്നുണ്ടെന്നും മേനക ഗാന്ധി പറഞ്ഞു.
അമ്മയ്ക്കും കുട്ടിക്കും തമ്മില്‍ ആഴ്ചയില്‍ മൂന്നു തവണ കാണാന്‍ അവസരമൊരുക്കുന്നതോടൊപ്പം കുട്ടിയെ ജില്ല വിട്ട് പുറത്തുകൊണ്ടുപോകരുതെന്ന നിബന്ധനയും ജയില്‍ മാന്വലില്‍ ഉള്‍പ്പെടുത്താനാണ് ആലോചിക്കുന്നതെന്നും മേനക കൂട്ടിച്ചേര്‍ത്തു. അമ്മയില്‍ നിന്നു വേര്‍പിരിച്ച ശേഷം കുട്ടികളെ അഭയകേന്ദ്രങ്ങളിലാക്കാറാണ് പതിവ്. എന്നാല്‍, അഭയകേന്ദ്രത്തിലെത്തുന്നതോടെ അമ്മയ്ക്ക് കുട്ടിയുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. ജയിലുമായുള്ള ബന്ധം അഭയകേന്ദ്രങ്ങള്‍ ഒഴിവാക്കുന്നതിനാലാണ് ഇതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.



Next Story

RELATED STORIES

Share it