Flash News

ജയം തുടരാന്‍ റയല്‍ മാഡ്രിഡ്; തടുത്തിടാന്‍ പിഎസ്ജി

ജയം തുടരാന്‍ റയല്‍ മാഡ്രിഡ്; തടുത്തിടാന്‍ പിഎസ്ജി
X


പാരിസ്: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ രണ്ടാം പാദ പ്ലേ ഓഫില്‍ സ്പാനിഷ് കരുത്തന്‍മാരായ റയല്‍ മാഡ്രിഡും ഫ്രഞ്ച് കരുത്തരായ പിഎസ്ജിയും വീണ്ടും നേര്‍ക്കുനേര്‍. സ്വന്തം തട്ടകത്തില്‍ 3-1ന് വിജയിച്ച് റയല്‍ മാഡ്രിഡ് കളത്തിലിറങ്ങുമ്പോള്‍ രണ്ടാം പാദത്തില്‍ വിജയത്തോടെ തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് പിഎസ്ജി. ചൊവ്വാഴ്ച രാത്രി 1.30നാണ് മല്‍സരം.
പിഎസ്ജിയുടെ കളിത്തട്ടില്‍ നടക്കുന്ന മല്‍സരത്തില്‍ തിരിച്ചടികള്‍ ഏറെ ഏറ്റുവാങ്ങിയാണ് ആതിഥേയര്‍ ഇറങ്ങുന്നത്. സൂപ്പര്‍ താരം നെയ്മറിന്റെ പരിക്കാണ് പിഎസ്ജിയുടെ പ്രധാന തലവേദന. കാലിന് പരിക്കേറ്റ നെയ്മര്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ്. നെയ്മറുടെ അഭാവത്തില്‍ എഡിസണ്‍ കവാനിയുടെയും എംബാപ്പയുടെയും ഏഞ്ചല്‍ ഡി മരിയയുടെയും  കാലുകളിലാവും പിഎസ്ജിയുടെ വിജയ പ്രതീക്ഷകള്‍. നെയ്മറെക്കൂടാതെ മാര്‍ക്യുനോസും പിഎസ്ജി നിരയില്‍ ഇന്ന് കളിക്കില്ല. റയലിനോട് തോല്‍വി വഴങ്ങിയതിന് ശേഷം പിഎസ്ജി കളിച്ച നാല് മല്‍സരവും ജയിച്ചിരുന്നു. ഡ്രാക്‌സലറും കുര്‍സാവയും  ഡി മരിയയും കവാനിയും കളം നിറഞ്ഞ് കളിച്ചാല്‍ റയലിനെയും വീഴ്ത്താനുള്ള കളിക്കരുത്ത് പിഎസ്ജിക്കുണ്ട്. പ്രതിരോധത്തില്‍ തിയാഗോ സില്‍വയുടെയും ഡാനി ആല്‍വസിന്റെയും കളിക്കരുത്തും പിഎസ്ജിക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

ആധിപത്യത്തോടെ റയല്‍
ആദ്യ പാദത്തിലെ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് റയല്‍ രണ്ടാം പാദത്തിനൊരുങ്ങുന്നത്. സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗാരത് ബെയ്‌ലും സെര്‍ജിയോ റാമോസും മാഴ്‌സലോയുമെല്ലാം മികച്ച ഫോമിലാണ് പന്ത് തട്ടുന്നത്.  വല്ലീജോയുടെ പരിക്ക് മാറ്റിനിര്‍ത്തിയാല്‍ മികച്ച ടീം തന്നെയാവും റയലിന് വേണ്ടി പാരീസില്‍ ബൂട്ടണിയുക.അവസാനം കളിച്ച അഞ്ച് മല്‍സരത്തില്‍ നാലിലും റയല്‍ മാഡ്രിഡ് വിജയം കണ്ടപ്പോള്‍ എസ്പാന്യോളിനോട് അട്ടിമറി തോല്‍വിയും ഏറ്റുവാങ്ങി. ലാ ലിഗയിലെ കിരീടം പ്രതീക്ഷകള്‍ അവസാനിച്ച റയലിന് ചാംപ്യന്‍സ് ലീഗില്‍ കിരീടം നേടേണ്ടത് അഭിമാന പ്രശ്‌നമാണ്.
Next Story

RELATED STORIES

Share it