ജമ്മു കശ്മീര്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കി: മന്‍മോഹന്‍ സിങ്‌

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ പ്രശ്‌നം കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ വഷളാക്കിയെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീര്‍ വിഷയം കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. ചരിത്രത്തില്‍ ഒരിക്കലും ഇല്ലാത്തവിധത്തില്‍ കശ്മീര്‍ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. വിഷയം പക്വതയോടെ കൈകാര്യം ചെയ്യാന്‍ മോദിസര്‍ക്കാരിനു സാധിച്ചില്ല. കേന്ദ്രസര്‍ക്കാരിന്റെ പിടിപ്പുകേടാണ് ഇതിനെല്ലാം കാരണം. കശ്മീരിലേത് പ്രത്യേക സാഹചര്യമാണെന്ന് മനസ്സിലാക്കി തന്നെ അതിനെ നേരിടണമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
ജിഎസ്ടിയും നോട്ടു നിരോധനവും മൂലം രാജ്യത്തിന്റെ സാമ്പത്തിക രംഗം തകര്‍ന്നു. പൊതുതിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാരാനായില്ല. രണ്ടുകോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും രണ്ടുലക്ഷം തൊഴില്‍ പോലും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. വലിയ വാഗ്ദാനങ്ങള്‍ നല്‍കി മോദി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു.
യുപിഎ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 7.8 ശതമാനമായിരുന്നു രാജ്യത്തെ വളര്‍ച്ച നിരക്ക്. 2014-18 കാലയളവില്‍ രാജ്യാന്തര സാമ്പത്തിക വളര്‍ച്ച 2.8ല്‍ നിന്ന് 3.8ലേക്കു വളര്‍ന്നെങ്കിലും ഇന്ത്യന്‍ സാമ്പത്തിക രംഗം അതിനൊപ്പം വളരാതെ ഒറ്റപ്പെട്ടു. വളരെ വികലമായാണ് രാജ്യത്തിന്റെ വിദേശനയം കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്തത്. അയല്‍രാജ്യങ്ങളുമായുള്ള നല്ല ബന്ധം തകര്‍ത്തു. ഉപഭൂഖണ്ഡത്തിന്റെ സമാധാനത്തെ തന്നെ ബാധിക്കുന്ന പ്രശ്‌നമായി കണ്ട് പാകിസ്താന് മുന്നറിയിപ്പ് നല്‍കാന്‍ സര്‍ക്കാരിനു സാധിക്കണമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
Next Story

RELATED STORIES

Share it