ജബ്ബാര്‍ വധംസിപിഎം നേതാക്കള്‍ ഉള്‍പ്പെടെ മൂന്നു പേരെ വെറുതെവിട്ടു

കൊച്ചി: കാസര്‍കോട് പെര്‍ളയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അബ്ദുല്‍ ബഷീര്‍ എന്ന ജബ്ബാറിനെ വെട്ടിയും കുത്തിയും കൊന്ന കേസില്‍ സിബിഐ പ്രത്യേക കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച രണ്ട് സിപിഎം നേതാക്കള്‍ അടക്കം മൂന്നുപേരെ ഹൈക്കോടതി വെറുതെവിട്ടു. നാലാംപ്രതിയും കുമ്പള ഏരിയാ സെക്രട്ടറിയുമായിരുന്ന  സുധാകരന്‍ മാസ്റ്റര്‍, ആറാം പ്രതിയും സിപിഎം എന്‍മകജെ ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന നടുവില്‍ അബ്ദുല്ലക്കുഞ്ഞി, 13ാം പ്രതി യശ്വന്ത് കുമാര്‍ എന്നിവരെയാണ് ഡിവിഷന്‍ ബെഞ്ച് വെറുതെ വിട്ടത്.
ശിക്ഷാ വിധിക്കെതിരേ മറ്റു പ്രതികളായ മൊയ്തീന്‍ കുഞ്ഞി, രവി, അബ്ദുല്‍ ബഷീര്‍, മഹേഷ്, എന്നിവര്‍ നല്‍കിയ അപ്പീലുകള്‍ ഹൈക്കോടതി തീര്‍പ്പാക്കി. നിയമവിരുദ്ധ സംഘംചേരലിനും ഗൂഢാലോചനയ്ക്കും തെളിവു ലഭിക്കാത്തതിനാല്‍ ഇവര്‍ക്ക് ആ വകുപ്പുകളില്‍ മാത്രമുള്ള ശിക്ഷ ഒഴിവാക്കി. കേസില്‍ രണ്ടും മൂന്നും പ്രതികളായിരുന്ന പിന്നീട് മാപ്പുസാക്ഷികളായ അഷറഫ് അസൈനാറിന്റെയും അബ്ദുല്‍ റസാഖിന്റെയും മൊഴികള്‍ കൊണ്ടു ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുധാകരന്‍ മാസ്റ്ററെയും അബ്ദുല്ലക്കുഞ്ഞിയെയും വെറുതെവിട്ടത്. പറഞ്ഞുകേട്ട വിവരങ്ങള്‍ മാത്രമാണു മാപ്പുസാക്ഷികള്‍ മൊഴിയായി നല്‍കിയിരിക്കുന്നത്.
ഗൂഢാലോചന സംബന്ധിച്ച നേരിട്ടുള്ള വിവരങ്ങള്‍ അവര്‍ക്ക് നല്‍കാനായില്ല. സുധാകരന്‍ മാസ്റ്റ—റോടും അബ്ദുല്ലക്കുഞ്ഞിയോടും കളിച്ചാല്‍ ഇതാണു ഗതിയെന്ന് ഒന്നാംപ്രതി മൊയ്തീന്‍ കുഞ്ഞി ആക്രമണത്തിനു ശേഷം പറഞ്ഞെന്നു മൊഴിയുണ്ടെങ്കിലും അത് അവര്‍ കൊല നടത്താന്‍ ഏല്‍പ്പിച്ചുവെന്നതിന് തെളിവല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇരുമ്പുവടിയുമായി ആക്രമിക്കാന്‍ ഓടിയെത്തിയ 13ാം പ്രതിയെ തിരിച്ചറിയല്‍ പരേഡില്‍ തിരിച്ചറിയാനായില്ലെന്നു വ്യക്തമാക്കിയാണ് യശ്വന്ത് കുമാറിനെ വെറുതെ വിട്ടത്. അക്രമികളിലൊരാള്‍ യേശു എന്നു വിളിക്കുന്നത് മാത്രമാണ് ഇയാള്‍ക്കെതിരായ തെളിവായി സിബിഐ കൊണ്ടുവന്നത്. ഇത് ശിക്ഷിക്കാന്‍ പര്യാപ്തമല്ലെന്നും സംശയത്തിന്റെ ആനുകൂല്യം നല്‍കി വെറുതെവിടുകയാണെന്നും 89 പേജുള്ള ഉത്തരവ് പറയുന്നു. 2009 നവംബര്‍ മൂന്നിന് രാത്രി പത്തേമുക്കാലോടെയാണ് ഉക്കിനടുക്ക എല്‍ക്കാന റോഡിലൂടെ സുഹൃത്ത് സുബൈറിനൊപ്പം കാറില്‍ കാസര്‍കോട്ട് നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന ജബ്ബാറിനെ (26) ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. കാര്‍ റോഡിന് കുറുകെയിട്ട് ജബ്ബാറിന്റെ കാര്‍ തടഞ്ഞായിരുന്നു ആക്രമണം. യൂത്ത്‌കോണ്‍ഗ്രസ് പെര്‍ള ടൗണ്‍ സെക്രട്ടറിയും എന്‍മകജെ പഞ്ചായത്ത് മൂന്നാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്നു ജബ്ബാര്‍.
Next Story

RELATED STORIES

Share it