ജന്തര്‍മന്ദറിലെ സമരങ്ങള്‍ വിലക്കാനാവില്ല

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജന്തര്‍മന്ദര്‍ അടക്കമുള്ള മേഖലകളിലെ മുഴുവന്‍ സമരപരിപാടികളും നിരോധിച്ച ദേശീയ ഹരിത കോടതി നടപടി അംഗീകരിക്കാനാവില്ലെന്ന് സുപ്രിംകോടതി. ജന്തര്‍മന്ദറിലും ഇന്ത്യാ ഗേറ്റിനു സമീപവും പ്രക്ഷോഭപരിപാടികള്‍ക്കു സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താനാവില്ല.
സമാധാനത്തോടെ ജീവിക്കാനുള്ള പൗരന്‍മാരുടെ അവകാശത്തിനും പ്രക്ഷോഭം നടത്താനുള്ള അവകാശങ്ങള്‍ക്കും ഇടയില്‍ സന്തുലിതമായ നിലപാട് സ്വീകരിക്കണമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ജന്തര്‍മന്ദറിലും ഇന്ത്യാ ഗേറ്റിനു സമീപത്തും സമരത്തിന് അനുമതി നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്്.
കര്‍ഷകസംഘടനയായ മസ്ദൂര്‍ കിസാന്‍ ശക്തി സംഘാടന്‍ ഉള്‍പ്പെടെയുള്ളവയുടെ ഒരുകൂട്ടം ഹരജികള്‍ പരിഗണിക്കവെ ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണു നടപടി.
ഹരിത കോടതിയുടെ ഉത്തരവ് സമരം ചെയ്യാനുള്ള പൗരന്റെ അവകാശനിഷേധമാണെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടംഗ ബെഞ്ച് ഇന്നലെ ഹരജിയില്‍ പ്രാഥമിക വാദമാണ് കേട്ടത്. സര്‍ക്കാരിന്റെയും പോലിസിന്റെയും റിപോര്‍ട്ട് ലഭിച്ച ശേഷമാവും വിഷയത്തില്‍ സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിക്കുക.
പരിസ്ഥിതി കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ വര്‍ഷം ജന്തര്‍മന്ദറില്‍ എല്ലാവിധത്തിലുള്ള പ്രക്ഷോഭപരിപാടികള്‍ക്കും ഹരിത കോടതിയുടെ പ്രിന്‍സിപ്പല്‍ ബെഞ്ച് വിലക്കേര്‍പ്പെടുത്തിയത്്. ശബ്ദമലിനീകരണത്തില്‍ നിന്നു ജനങ്ങളെ രക്ഷിക്കേണ്ടത് രാഷ്ട്രത്തിന്റെ ചുമതലയാണെന്നു വ്യക്തമാക്കിയായിരുന്നു നടപടി. പാര്‍ലമെന്റില്‍ നിന്ന് ഒരുകിലോമീറ്റര്‍ അടുത്തുള്ള ജന്തര്‍മന്ദറിലെ മുഴുവന്‍ താല്‍ക്കാലിക സമരപ്പന്തലുകളും നീക്കം ചെയ്യാനും ഹരിത കോടതി നിര്‍ദേശം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it