Editorial

രജനി വരുന്നു; പിന്നാലെ ബിജെപിയും?

തമിഴ്‌നാട്ടില്‍ താരരാഷ്ട്രീയത്തിന്റെ ഒരു പുതിയ യുഗം ആവിര്‍ഭവിക്കുകയാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ കാലമായി തമിഴ്‌നാട് രാഷ്ട്രീയവും ഭരണരംഗവും പൂര്‍ണമായും താരാധിപത്യത്തിനു കീഴ്‌പ്പെട്ടിരിക്കുകയായിരുന്നു. എംജിആറും ജയലളിതയുമാണ് ഇത്രയും കാലം തമിഴരുടെ രാഷ്ട്രീയക്കിനാവുകളുടെ മൂര്‍ത്തീഭാവമായി നിലനിന്നത്. അവര്‍ രണ്ടു പേരും രംഗം വിട്ടതോടെ തമിഴ് രാഷ്ട്രീയത്തില്‍ ആവിര്‍ഭവിച്ച വിടവ് നികത്താനായി ഇതാ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് തന്നെ രംഗത്തിറങ്ങിയിരിക്കുന്നു. 2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലും പുതിയ പാര്‍ട്ടിയുണ്ടാക്കി മല്‍സരിക്കുമെന്നാണ് രജനീകാന്ത് പ്രഖ്യാപിച്ചിരിക്കുന്നത്. രജനിയുടെ രാഷ്ട്രീയപ്രവേശം തമിഴ്‌നാട്ടില്‍ വലിയ കോളിളക്കം ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. താരരാജാക്കന്മാര്‍ ജനങ്ങളുടെ ഹൃദയത്തില്‍ അധിവസിക്കുന്ന നാടാണത്. എംജിആറും എന്‍ ടി രാമറാവുവും അടക്കമുള്ള താരനായകന്മാര്‍ എങ്ങനെയാണ് തങ്ങളുടെ ഈ സ്വാധീനം രാഷ്ട്രീയശക്തിയായി വളര്‍ത്തിയെടുക്കുന്നത് എന്നതിന് നേരത്തേ കൃത്യമായ പാഠങ്ങള്‍ നല്‍കിയിട്ടുമുണ്ട്. തമിഴ്‌നാട്ടില്‍ ദ്രാവിഡതയുടെ പേരിലാണ് ഈ രാഷ്ട്രീയം ശക്തി പ്രാപിച്ചതെങ്കില്‍ ആന്ധ്രപ്രദേശില്‍ തെലുങ്കു ജനതയുടെ അഭിമാനം എന്ന പേരിലാണ് രാമറാവു തന്റെ തെലുഗുദേശം പാര്‍ട്ടിയെ അധികാരത്തില്‍ എത്തിച്ചത്. അതിനാല്‍, രജനീകാന്തിന്റെ പുതിയ പാര്‍ട്ടി ദ്രാവിഡ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും ദേശീയ രാഷ്ട്രീയകക്ഷികള്‍ക്കും തമിഴ്‌നാട്ടില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യം തീര്‍ച്ചയാണ്. കരുണാനിധിയുടെ ഡിഎംകെ ശക്തമായ പ്രസ്ഥാനമായി നിലനില്‍ക്കുന്നുവെങ്കിലും അദ്ദേഹത്തിന്റെ കാലശേഷം അതിന്റെ ഗതി എന്താവുമെന്നു പറയാന്‍ കഴിയില്ല. മറുവശത്ത് ഭരണകക്ഷിയായ എഐഎഡിഎംകെ ജയലളിതയുടെ മരണശേഷം പ്രതിസന്ധിയിലാണ്. തമ്മിലടിക്കുന്ന നേതാക്കള്‍ ആ പാര്‍ട്ടിയെ അതിന്റെ സ്വാഭാവിക അന്ത്യത്തിലേക്കു കൊണ്ടുപോകാനാണ് സാധ്യത. ആ വിടവിലേക്ക് രജനി വരുമ്പോള്‍ കൂടെ കടന്നുവരുന്നത് ബിജെപി ആയിരിക്കുമെന്നു തീര്‍ച്ചയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന് തമിഴ്‌നാട്ടില്‍ ഇന്നുവരെ കാര്യമായ വേരോട്ടം കിട്ടുകയുണ്ടായിട്ടില്ല. അതിനൊരു കാരണം ഹിന്ദുത്വരാഷ്ട്രീയത്തോട് പൊതുവില്‍ തമിഴ് ജനത പുലര്‍ത്തിവന്ന വിമുഖതയാണ്. പക്ഷേ, അതിനെ തന്ത്രപൂര്‍വം മറികടന്ന് തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാന്‍ ബിജെപിയെ സഹായിക്കുന്ന പ്രധാന ഘടകം രജനിയുടെ സ്വാധീനം തന്നെയാവും. 2019ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മല്‍സരിക്കില്ലെന്നാണ് രജനീകാന്തിന്റെ നിലപാട്. ആ സമയത്ത് തന്റെ സ്വാധീനം നരേന്ദ്ര മോദിക്കും ബിജെപിക്കും വേണ്ടി അദ്ദേഹം വിനിയോഗിക്കുമെന്നാണ് സൂചനകള്‍. ബിജെപിയുടെ ബാലികേറാമലയായി നിലനിന്ന തമിഴ്‌നാട്ടില്‍ അവര്‍ക്ക് പുതിയൊരു വഴിത്താര വെട്ടിത്തുറക്കുകയാണോ രജനിയെന്ന് അധികം വൈകാതെ തിരിച്ചറിയാനാവും.
Next Story

RELATED STORIES

Share it