ജനസംഖ്യാനുപാതത്തില്‍ ഹജ്ജ് ക്വാട്ട പുനപരിശോധിക്കണം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഹജ്ജ് നയം ചോദ്യം ചെയ്ത് സുപ്രിംകോടതിയുടെ പരിഗണനയിലുള്ള കേസില്‍ കേരളം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സംസ്ഥാനങ്ങള്‍ക്ക് ഹജ്ജ് ക്വാട്ട അനുവദിക്കുന്നതിനുള്ള മാനദണ്ഡം സംസ്ഥാനങ്ങളിലെ ജനസംഖ്യയാവരുതെന്നും അപേക്ഷകരുടെ എണ്ണം പരിഗണിച്ചാവണമെന്നും സത്യവാങ്മൂലത്തില്‍ കേരളം ആവശ്യപ്പെട്ടു. അതല്ലെങ്കില്‍ സംസ്ഥാനതലത്തില്‍ നടത്തിവരുന്ന നറുക്കെടുപ്പ് അഖിലേന്ത്യാതലത്തില്‍ നടത്തണമെന്നും കേരളം ആവശ്യപ്പെട്ടു. നറുക്കെടുപ്പ് അഖിലേന്ത്യാതലത്തില്‍ നടത്തുകയാണെങ്കില്‍ സംസ്ഥാനങ്ങളോടുള്ള വിവേചനം എന്ന ആരോപണം ഒഴിവാക്കാനുമാവുമെന്നുമാണ് സംസ്ഥാനത്തിന്റെ വാദം. അപേക്ഷകരുടെ എണ്ണം പരിഗണിച്ചായിരിക്കണം ക്വാട്ട നിശ്ചയിക്കേണ്ടതെന്നാണ് കേരളത്തിന്റെ ആവശ്യം. എന്നാല്‍, ഈ രീതി അവലംബിച്ചാല്‍ സാമ്പത്തികവും സാമൂഹികപരമായും പിന്നാക്കം നില്‍ക്കുന്ന ബിഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള തീര്‍ത്ഥാടകരോട് ചെയ്യുന്ന വിവേചനമായിരിക്കുമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തത്. അതേസമയം, നറുക്കെടുപ്പ് അഖിലേന്ത്യാതലത്തില്‍ ആക്കിയാല്‍ ഇത്തരത്തിലുള്ള വിവേചനം എന്ന ആരോപണം ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് കേരള ഹജ്ജ് കമ്മിറ്റി പുതിയ സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കിയത്. കരിപ്പൂര്‍ വിമാനത്താവളത്തെ കേരളത്തില്‍ നിന്നുള്ള സ്ഥിരം എംബാര്‍ക്കേഷന്‍ പോയിന്റാക്കണമെന്ന മുന്‍ ആവശ്യവും സംസ്ഥാനം ആവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ തകരാറിനെ തുടര്‍ന്ന് താല്‍ക്കാലികമായാണ് നെടുമ്പാശ്ശേരിയെ കേരളത്തില്‍ നിന്നുള്ള ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി നിശ്ചയിച്ചത്. എന്നാല്‍, നെടുമ്പാശ്ശേരിയില്‍ തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക സൗകര്യങ്ങളില്ലെന്നും, കേരളത്തിലെ തീര്‍ത്ഥാടകരില്‍ 83 ശതമാനവും മലബാറില്‍ നിന്ന് ഉള്ളവരായതിനാലും, കരിപ്പൂര്‍ വിമാനത്താവളത്തിനു സമീപത്ത് സംസ്ഥാന സര്‍ക്കാര്‍ അഞ്ചര കോടി ചെലവഴിച്ച് തീര്‍ത്ഥാടകര്‍ക്കു മാത്രമായി ഹജ്ജ്ഹൗസ് നിര്‍മിച്ചിട്ടുണ്ടെന്നും കേരളം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുസ്‌ലിം ജനസംഖ്യാ അനുപാതം ഹജ്ജ് ക്വാട്ടക്ക് മാനദണ്ഡമാക്കുന്ന കേന്ദ്ര തീരുമാനം നീതിയുക്തമല്ലെന്നു കണക്കുകള്‍ നിരത്തി കേരളം വിശദമാക്കി. ഓരോ രാജ്യങ്ങള്‍ക്കും സൗദി അറേബ്യ ക്വാട്ട നിശ്ചയിക്കുന്നത് മുസ്‌ലിം ജനസംഖ്യയുടെ അടിസ്ഥാനത്തിലാണെന്നും ഈ നയം വിവേചനരഹിതവും നീതിയുക്തവുമാണെന്നും ക്രമക്കേടിനു സാധ്യത കുറവാണെന്നും ചൂണ്ടിക്കാട്ടിയാണ് നേരത്തേ കേരളത്തിന്റെ ആവശ്യത്തെ കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ എതിര്‍ത്തത്. അപേക്ഷയ്ക്ക് അനുസരിച്ച് ക്വാട്ട വേണമെന്ന കേരളത്തിന്റെ ആവശ്യം കച്ചവട താല്‍പര്യമാണെന്നത് അടക്കമുള്ള ആരോപണവും കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it