ernakulam local

ജനവാസ മേഖലയിലെ എല്ലുപൊടി കമ്പനി അടച്ചു പൂട്ടണമെന്ന്‌

പെരുമ്പാവൂര്‍: അസഹ്യമായ മലിനീകരണം സൃഷ്ടിക്കുന്ന വെങ്ങോല ഗ്രാമപ്പഞ്ചായത്തിലെ പെരുമാനിയില്‍ ജനവാസമേഖലയില്‍ സ്ഥാപിച്ചിട്ടുള്ള എല്ലുപൊടി കമ്പനി അടച്ചുപൂട്ടണമെന്നും പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കരുതെന്നും പരിസ്ഥിതി സംരക്ഷണ കര്‍മ സമിതി കേന്ദ്രകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വ്യവസായ യൂനിറ്റിന് പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കിയാല്‍ പെരുമ്പാവൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസിനു മുന്നില്‍ കര്‍മസമിതി അനിശ്ചിതകാലസമരം തുടങ്ങുമെന്ന് ചെയര്‍മാന്‍ വര്‍ഗീസ് പുല്ലുവഴി അറിയിച്ചു. സ്ഥാപനത്തില്‍ നിന്നുളള ദുര്‍ഗന്ധം രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന 300ല്‍ അധികം കുടുംബങ്ങളുടെ സ്വസ്ഥജീവിതത്തിന് ഭീഷണിയാണ്.  ഈച്ചയുടെ ശല്യം മൂലം ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത  സാഹചര്യവുമുണ്ട്.
ഒരു വര്‍ഷം മുമ്പ് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മൂവാറ്റുപുഴ ആര്‍ഡിഒ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുവാന്‍ ഉത്തരവിട്ടിരുന്നെങ്കിലും സ്ഥാപനത്തിനുളളില്‍ എല്ലും തോലും നെയ്യും സംഭരിച്ചുവച്ചത് രണ്ടു പ്രാവശ്യം കമ്പനി ഉടമയും പരിസരവാസികളുമായി വലിയ സംഘര്‍ഷത്തിന് ഇടയാക്കിയതാണ്. ഇപ്പോള്‍ പ്രവര്‍ത്തനാനുമതി പുതുക്കുന്നതിന് ഉടമ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ സമീപിച്ചിരിക്കുകയാണ്. വെങ്ങോല ഗ്രാമപ്പഞ്ചായത്ത് കഴിഞ്ഞ വര്‍ഷം സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. കേരള നിയമസഭ പാസ്സാക്കിയ നെല്‍വയല്‍ തണ്ണീര്‍ത്തട ഭേദഗതി റദ്ദ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഈ മാസം 28ന് താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ വര്‍ഗീസ് പുല്ലുവഴിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം കെ ശശിധരന്‍പിളള, ടി എ വര്‍ഗീസ്, എം ജി സുനില്‍കുമാര്‍, എം എ സുനി, പി രാമചന്ദ്രന്‍നായര്‍, ജോയി വെള്ളാക്കുളം, ഔഗേന്‍ സി പോള്‍, രാജ് വി പീറ്റര്‍, വി പി സുരേഷ്, കെ മാധവന്‍നായര്‍, വി വേലപ്പന്‍, വി എന്‍ രാമന്‍നായര്‍, പി സി റോക്കി, വി രവീന്ദ്രന്‍, ബേബിനാഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it