palakkad local

ജനവാസ മേഖലകള്‍ ആനപ്പേടിയില്‍ ; പ്രതിരോധ നടപടികള്‍ പേരിലൊതുങ്ങുന്നു



കഞ്ചിക്കോട്:  ജനവാസ കേന്ദ്രങ്ങളിലും ആനകള്‍ ഇറങ്ങുന്നതോടെ ജില്ല ആനപ്പേടിയിലായി. കാട്ടുകൊമ്പന്മാരുടെ കൊലവിളിക്ക് മുമ്പില്‍ ഭയചകിതരായി നില്‍ക്കുകയാണ് മലയോര നിവാസികള്‍. അടുത്തിടെയായി ആനകളുടെ ആക്രമണം വര്‍ദ്ധിച്ചു വരികയാണ്. കഞ്ചിക്കോട്, മലമ്പുഴ, കൊട്ടേക്കാട്, മുണ്ടൂര്‍, കടമ്പഴിപ്പുറം, അട്ടപ്പാടി, വാളയാര്‍ തുടങ്ങി എല്ലായിടങ്ങളിലും കാട്ടാനകളുടെ ശല്യം രൂക്ഷമാണ്. ഏറ്റവും ഒടുവില്‍  പുതുപ്പരിയാരത്ത് റബ്ബര്‍ വെട്ടുകയായിരുന്ന യുവാവിനെയാണ് കാട്ടാന ചവിട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.  പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയായിരുന്നു കാട്ടാന ഇറങ്ങിയത്. കാരക്കാട്ടില്‍ സോളി വര്‍ഗീസാണ് കാട്ടാനയുടെ  ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കാട്ടാനശല്യം രൂക്ഷമായ പ്രദേശത്ത് പ്രതിരോധ നടപടികള്‍ ഇല്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിയെ തടഞ്ഞു വെയ്ക്കുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തിരുന്നു. രാവിലെ ഏഴേകാലോടെ വീടിന് സമീപമുള്ള റബ്ബര്‍തോട്ടത്തില്‍ വെട്ടാനായി പോയപ്പോഴായിരുന്നു ദുരന്തം. കാട്ടാന തോട്ടത്തില്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ ശബ്ദമുണ്ടാക്കി തുരത്തുകയും ചെയ്തു. പിന്നീടാണ് റബ്ബര്‍ വെട്ടാനായി തുടങ്ങിയത്. തോട്ടത്തില്‍ നിന്നും അപ്രത്യക്ഷനായ ആന തിരിച്ചെത്തി യുവാവിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. സംഭവസമയത്ത് കുടെയുണ്ടായിരുന്ന സുഹൃത്ത് വിനോദ് ആനയെ തുരത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. യുവാവിനെ ആക്രമിച്ച ശേഷം ആന കല്ലടിക്കോടന്‍ മലയിലേക്ക് കയറിപ്പോവുകയും ചെയ്തു.പ്രതിരോധ മാര്‍ഗങ്ങളിലെ വീഴ്ചയാണ് കാട്ടാനകള്‍ നാട്ടിലിറങ്ങാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വൈദ്യുതി വേലിയും സംരക്ഷണ ഭിത്തിയും  ഉണ്ടായിട്ടും ഇതൊന്നും പ്രയോജനം ചെയ്യുന്നില്ലെന്നതാണ് സത്യം.  മഴയുടെ ലഭ്യതക്കുറവാണ് കാട്ടാനകള്‍ നാട്ടിലേക്ക് ഇറങ്ങാന്‍ കാരണമാകുന്നതെന്നാണ് വനപാലകരുടെ വിശദീകരണം. നേരത്തെ കിടങ്ങുകള്‍ നിര്‍മ്മിച്ചു കാട്ടാനകളെ നാട്ടില്‍ നിന്നും  അകറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതും മറി കടന്നാണ് കാട്ടാനകള്‍ ഇറങ്ങുന്നത്. കാട്ടാനകളുടെ ആക്രമണത്തില്‍ മരിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു വരികയാണ്. ജില്ലയിലെ മൂന്ന് ഫോറസ്റ്റ് ഡിവിഷനുകളായ മണ്ണാര്‍ക്കാട്, പാലക്കാട്, നെന്മാറ കണക്കുകളില്‍ ഇത് വ്യക്തവുമാണ്. ദുരന്തമുണ്ടായ പുതുപ്പരിയാരം ഞാറക്കോട്ട് പ്രദേശത്ത് കഴിഞ്ഞ കുറെ ദിവസങ്ങളായി കാട്ടാനകള്‍ സൈ്വര്യവിഹാരം നടത്തുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. മൂന്ന് കാട്ടാനകളാണ് ഇവിടെ ഭീതി പരത്തി വിലസുന്നത്. കുടിവെള്ളത്തിനും ഭക്ഷണത്തിനുമായി ആനകള്‍ നാട്ടില്‍ ഇറങ്ങുന്നതോടെ ജനജീവിതം ദുസ്സഹമാവുകയാണ്. ബൈക്കില്‍ പോവുകയായിരുന്ന ഒരാള്‍ കഴിഞ്ഞദിവസം തലനാരിഴയ്ക്കായിരുന്നു രക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ജനവാസമേഖലയിലെ രണ്ടു പ്രദേശങ്ങളില്‍ കാട്ടാനകള്‍ ഇറങ്ങിയത്. ഭീതി പരത്തിയത്. അടുത്തിടെയായി ജനവാസ കേന്ദ്രങ്ങളിലേക്ക്  കാട്ടാനകള്‍ ഇറങ്ങുന്നത് ഭീതിയോടെയാണ് നാട്ടുകാര്‍ കാണുന്നത്. ആനയുടെ അക്രമം ഏതു നിമിഷവും ഉണ്ടാവുമെന്നാണ് ഇവര്‍ ഭയപ്പെടുന്നത്. കഞ്ചിക്കോട് ദേശീയപാതയില്‍ നിന്നു 30 മീറ്റര്‍ മാത്രം അകലെയുള്ള ചടയന്‍കാലായില്‍ ഉള്‍പ്പെടെ പുതുശ്ശരി പഞ്ചായത്തിലെ ആറിടങ്ങളില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് കാട്ടാനകളുടെ ആക്രമണം ഉണ്ടായത്. ജനവാസമേഖലയെ ഭീതിയിലാക്കിയ കാട്ടാനക്കൂട്ടം വീടുകളുടെ മതിലുകളും  പൈപ്പ് ലൈനും കൃഷിയും നശിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it