ജനറല്‍ സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ക്ക് എക്‌സ്പ്രസ് ട്രെയിനില്‍ 6 കംപാര്‍ട്ടുമെന്റുകള്‍

കൊല്ലം: ജനറല്‍ ടിക്കറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ക്കും വേണ്ടി മെയില്‍, എക്‌സപ്രസ് ട്രെയിനുകളില്‍ ഏറ്റവും കുറഞ്ഞത് ആറ് ജനറല്‍ കംപാര്‍ട്ടുമെന്റുകളെങ്കിലും അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി രജന്‍ ഗോഹൈന്‍ അറിയിച്ചു. ഈ സൗകര്യം രാജധാനി, ശതാബ്ദി, ദുരന്തോ ട്രെയിനുകളില്‍ ലഭ്യമാക്കില്ല. സീസണ്‍ ടിക്കറ്റുകാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതായി പകല്‍സമയത്ത് കൂടുതല്‍ സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ ഡി-റിസര്‍വ്ഡ് കോച്ചുകളായി മാറ്റും. ഡി-റിസര്‍വ്ഡ്  കോച്ച് അനുവദിക്കണമെന്ന എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ നിവേദനം പരിഗണിച്ച് ചെന്നൈ - എഗ്മൂര്‍ കൊല്ലം 16723ാം നമ്പര്‍ അനന്തപുരി എക്‌സ്പ്രസില്‍ തെങ്കാശി മുതല്‍ കൊല്ലം വരെ എസ്11, എസ്12 എന്നീ രണ്ടു കോച്ചുകളും കൊല്ലം - ചെന്നൈ എഗ്മൂര്‍ 16724ാം നമ്പര്‍ അനന്തപുരി എക്‌സപ്രസിന് കൊല്ലം മുതല്‍ നാഗര്‍കോവില്‍ വരെ എസ് 12 കോച്ചും ഡി റിസര്‍വ്ഡ് ആയി ഓടിക്കാനും ഉത്തരവ് നല്‍കിയതായി കേന്ദ്ര റയില്‍വേ മന്ത്രി അറിയിച്ചു.  അടിസ്ഥാന സൗകര്യ വികസനം നടത്തി  കൂടുതല്‍ ട്രെയിന്‍ കൊല്ലത്തുനിന്ന് ആരംഭിക്കുന്നതിന് കേന്ദ്ര റയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൂന-എറണാകുളം, ദന്‍ബാദ്-ആലപ്പി, അജ്മീര്‍-എറണാകുളം മരുസാഗര്‍ എക്‌സ്പ്രസ്, ടീഗാര്‍ഡന്‍ എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ കൊല്ലത്തേക്ക് ദീര്‍ഘിപ്പിക്കുന്നതിനും കൊല്ലം-മുംബൈ, കൊല്ലം-ബിലാസ്പൂര്‍, കൊല്ലം-കച്ചേഗുഡ, കൊല്ലം-പോണ്ടിച്ചേരി, കൊല്ലം-രാമേശ്വരം, കൊല്ലം-കോയമ്പത്തൂര്‍, കൊല്ലം-മധുര തുടങ്ങിയ പുതിയ ട്രെയിനുകള്‍ക്കുള്ള നിര്‍ദേശങ്ങളും റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
Next Story

RELATED STORIES

Share it