ernakulam local

ജനറല്‍ ആശുപത്രി പേ വാര്‍ഡ്; അഴിമതി നടന്നതായി ഓഡിറ്റ് വിഭാഗം

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയുടെ സമീപത്തുള്ള നഗരസഭയുടെ പേ വാര്‍ഡിന്റെ വരവ് ചെലവ് കണക്കുകളില്‍ വന്‍ അഴിമതി നടന്നതായി ജില്ലാ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം കണ്ടെത്തിയതിനെ തുടര്‍ന്ന് വകുപ്പ് തല അന്വേഷണത്തിനുത്തരവായി.
2005 ലാണ് 44 മുറികളോടെ ജനറല്‍ ആശുപത്രിക്ക് സമീപത്തായി പേ വാര്‍ഡ് കോംപ്ലക്‌സ് നഗരസഭ നിര്‍മിച്ചത്. നല്ല നിലയില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന പേ വാര്‍ഡ് പിന്നീട് അധികൃതരുടെ അനാസ്ഥയും പിടിപ്പ് കേടും മൂലം നഷ്ടത്തിലായി. രോഗികളെ കിടത്തി ചികിത്സിച്ച് വന്നിരുന്ന ഇവിടേയ്ക്ക് രോഗികള്‍ എത്താതെയുമായി. മുറികളുടെ ശുചിത്വമില്ലായ്മയും അറ്റകുറ്റപ്പണികളുടെ കുറവും ഇവിടേക്കുള്ള രോഗികളുടെ വരവ് കുറയാന്‍ കാരണമായി.
ഇവിടെ മുറിയില്‍ കിടക്കുന്ന രോഗികളെ പരിശോധിക്കാന്‍ ഇടക്ക് ഡോക്ടര്‍മാര്‍ സാങ്കേതികത്വം ചൂണ്ടിക്കാട്ടി വൈമനസ്യം കാട്ടിയിരുന്നു. ശക്തമായ പ്രതിഷേധമുയര്‍ന്നതോടെയും ആശുപത്രി കെട്ടിടങ്ങള്‍ പൊളിച്ച് പണി ആരംഭിക്കുകയും ചെയ്തതോടെയായിരുന്നു വീണ്ടും ഇവിടെ കിടത്തിയ രോഗികള്‍ക്കരികിലേക്ക് ഡോക്ടര്‍മാര്‍ എത്തി തുടങ്ങിയത്.
കണക്കിലെ കള്ളകളികള്‍ മൂലം പേ വാര്‍ഡ് അടച്ച് പൂട്ടുകയും ചെയ്തു. വാര്‍ഡിന്റെ ചുമതലക്കാരനായി വന്ന നഗരസഭയിലെ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്റെ ബന്ധു പണവുമായി മുങ്ങിയിട്ടും നഗരസഭാ അധികൃതര്‍ ചെറുവിരല്‍ പോലും അനക്കിയില്ല.
പേ വാര്‍ഡിന്റെ ദൈനംദിനമുള്ള വരുമാനം നടത്തിപ്പുകാരന്‍ നഗരസഭയില്‍ അടച്ചിരുന്നുമില്ല. ഇതേ തുടര്‍ന്ന് നഗരസഭ പ്രതിപക്ഷം പരാതിയുമായി രംഗത്ത് വന്നതിനെ തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. 2016-17 വര്‍ഷം പേ വാര്‍ഡ് വാടകയ്ക്ക് കൊടുത്ത വകയില്‍ ലഭിച്ച യാതൊരു തുകയും ബാങ്കില്‍ നിക്ഷേപിച്ചിട്ടില്ലെന്നും ഓരോ ദിവസത്തെയും കളക്ഷന്‍ നഗരസഭാ, ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി എന്നിവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ അടക്കാതെ ചുമതലക്കാരന്‍ കൈവശം വച്ചത് നഗരസഭ അക്കൗണ്ട് ചട്ടം 21ന്റെ ലംഘനമാണന്ന് ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടി.
നഗരസഭാ ചട്ടം ലംഘിച്ച് ഗവണ്‍മെന്റ് അനുമതിയില്ലാതെ ബൈലോയുണ്ടാക്കി 25 ലക്ഷത്തോളം രൂപ തട്ടിപ്പ് നടത്താന്‍ കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കും ഭരണ നേതൃത്വത്തിനുമെതിരേ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് പ്രതിപഷനേതാവ് കെ എ അബ്ദുള്‍ സലാം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it