malappuram local

ജനപ്രതിനിധികള്‍ ജോലി ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കണം: ജനകീയ കൂട്ടായ്മ

വള്ളുവമ്പ്രം: സാമ്പത്തികമാന്ദ്യം മറികടക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം ഇരട്ടിയിലധികം വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ മാതൃക കാട്ടുകയാണെന്ന് ജനകീയ കൂട്ടായ്മ പരിഹസിച്ചു. കേരളത്തില്‍ നിത്യ ജീവിതത്തിനു വേണ്ടി പാവപ്പെട്ട ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ സര്‍ക്കാര്‍ പൊതുജനത്തിന് മാതൃക കാട്ടേണ്ട സമയത്ത് യാതൊരു മുന്നറിയിപ്പുമില്ലാതെ ജനപ്രതിനിധികള്‍ക്ക് ഇരട്ടിയിലധികം ശമ്പളം വര്‍ധിപ്പിച്ചത് നീതികരിക്കാനാവില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
ജനപ്രതിനിധികള്‍ക്ക് കൊടുക്കുന്ന ശമ്പളത്തിന് തുല്യമായി ഇവര്‍ ജോലി ചെയ്യുന്നുണ്ടോ എന്നുകൂടി പരിശോധിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം വേണം.  ഉയര്‍ന്ന രീതിയില്‍ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരും ഇപ്പോള്‍ ജനപ്രതിനിധികളും കേരള ജനതക്ക് ശാപമായി മാറുകയാണെന്ന് യോഗം വിലയിരുത്തി. വളരെ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ ഒരു ജോലിയും ചെയ്യാതെ സര്‍ക്കാര്‍ ഓഫീസുകളിലെത്തി മടങ്ങി പോകുന്ന അവസ്ഥയാണ്.
ഏതെങ്കിലും ഒരു പാവപ്പെട്ടവന്‍ ഇവരുടെ പക്കലേക്ക് വല്ല ആവശ്യത്തിനും സമീപിച്ചാല്‍ അവര്‍ക്ക് കാര്യങ്ങള്‍ കൃത്യമായി ചെയ്തു കൊടുക്കാതെ എങ്ങിനെ ഇവരെ മടക്കി അയക്കാമെന്നാണ് ഇവര്‍ ചിന്തിക്കുന്നത്. ഇത്തരം ഉദ്യോഗസ്ഥര്‍ക്കാണ് പെന്‍ഷന്‍ പറ്റുമ്പോള്‍  വന്‍ സംഖ്യ സര്‍ക്കാര്‍ പെന്‍ഷനായി നല്‍കി വരുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.  ഒരു ജോലിയും ചെയ്യാതെ  ജനങ്ങളെ വട്ടംകറക്കുന്ന ഉദ്യോഗസ്ഥരെ പൊതുജനം കൈകാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കയാണെന്നും ഇവര്‍ വാങ്ങുന്ന ശമ്പളത്തിന്റെ നാലിലൊന്ന് കിട്ടിയാല്‍ നന്നായി ജോലി ചെയ്യാന്‍ കഴിയുള്ള ഉന്നത വിദ്യാഭ്യാസമുള്ളവര്‍ തെണ്ടി നടക്കുന്ന നാടാണ് കേരളമെന്ന് സര്‍ക്കാര്‍ മനസിലാക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. മുക്കന്‍ അബ്ദുല്‍ റസാഖ്, സുരേഷ്, അബൂബക്കര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it