malappuram local

ജനപ്രതിനിധികളും പ്രതിക്കൂട്ടില്‍

തിരൂര്‍: തിരൂര്‍ ഗവ. ജില്ലാ ആശുപത്രിയിലെ പദ്ധതി തട്ടിപ്പുകളില്‍ ജനപ്രതിനിധികളും പ്രതിക്കൂട്ടിലാവുന്നു. പദ്ധതികളിലെ തട്ടിപ്പുകളില്‍ ഉദ്യോഗസ്ഥരെ മാത്രം പഴിചാരുന്ന സമീപനം ശരിയല്ലെന്നാണ് ഇപ്പോള്‍  തെളിഞ്ഞിരിക്കുന്നത്. എല്ലാ പരാതികളും ആശുപത്രി ജീവനക്കാരില്‍ കെട്ടിവെക്കാനാണ് ജനപ്രതിനിധികള്‍ ഇത്  വരെ ശ്രമിച്ചത്.  ജനപ്രതിനിധികളുടെ  അലസതയും അലംഭാവവും ചര്‍ച്ചയാവാതിരിക്കാനാണ് എംഎല്‍എ  മമ്മുട്ടി ഉള്‍പ്പെടെയുള്ളവര്‍ ഈ ആരോപണം ഉന്നയിക്കുന്നതെന്നാണ് പുതിയ വിവരം.  2013ല്‍ ഉദ്ഘാടനം ചെയ്ത അരക്കോടി രൂപ ചെലവില്‍ നിര്‍മിച്ച മലിനജല ശുദ്ധീകരണ പ്ലാന്റില്‍ ഇതുവരേയും ഒരുതുള്ളി മലിനജലം ശുദ്ധീകരിച്ചിട്ടില്ല. അനുബന്ധ ഉപകരണങ്ങളും സൗകര്യങ്ങളും ഏര്‍പ്പെടുത്താതാണ് കാരണം. കാറ്റും മഴയും കൊണ്ട് ദ്രവിക്കാനാണ് എംഎല്‍എ ഫണ്ടില്‍നിന്ന് ഭീമമായ തുക ഉപയോഗിച്ച് നിര്‍മിച്ച പ്ലാന്റിന്റെ വിധി. ജനകീയ കൂട്ടായ്മയില്‍ 11 വര്‍ഷം മുമ്പ് നിര്‍മിച്ച അഞ്ചു നിലകെട്ടിടം നശിച്ചു തീരാറായിയെന്നതാണ് സത്യം. എംപി, എംഎല്‍എ ഫണ്ടുകള്‍ക്കു പുറമേ നാട്ടുകാരില്‍നിന്നും വിദ്യാര്‍ഥികളില്‍നിന്നും വരെ കോടികള്‍ പിരിച്ചെടുത്തു നിര്‍മിച്ച കെട്ടിടത്തിന്റെ ഒന്നാംനില മാത്രമാണ് ഭാഗികമായെങ്കിലും ഉപയോഗിക്കുന്നത്. അനുബന്ധ സൗകര്യങ്ങളും ഉപകരണങ്ങളും വൈദ്യുതിയും ഇല്ലാത്തതിനാല്‍ ഈ കെട്ടിടം നശിച്ചുകൊണ്ടിരിക്കുകയാണ്. ഈ കെട്ടിടത്തിലെ സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ആശുപത്രിയിലെ പഴകി ദ്രവിച്ച കെട്ടിടങ്ങളിലാണ് പ്രസവ വാര്‍ഡും മറ്റ് വാര്‍ഡുകളും പ്രവര്‍ത്തിക്കുന്നത്. അണുബാധയ്ക്കുവരെ തിയറ്ററുകളില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. പ്രാഥമികാവശ്യങ്ങള്‍ക്കുവരെ പുതിയ കെട്ടിടത്തില്‍ സൗകര്യങ്ങളുണ്ടാക്കിയിട്ടില്ല.  കെട്ടിടം ലഭ്യമല്ലാത്തതിനാല്‍ നിരവധി രോഗികളെ ദിവസവും കോഴിക്കോട്ടേയ്ക്കു റഫര്‍ ചെയ്യുകയാണ്. ഉള്ള കെട്ടിടം ഉപയോഗപ്പെടുത്താതെ ലിഫ്റ്റിനെച്ചൊല്ലിയാണ് ഇപ്പോള്‍ തര്‍ക്കം നടന്നുകൊണ്ടിരിക്കുന്നത്.  കെട്ടിടം പൂര്‍ണമായും ഉപയോഗപ്പെടുത്താനുള്ള യാതൊരു ശ്രമവും എംപിയുടേയും എംഎല്‍എയുടെയും നടത്തിപ്പുകാരായ  ജില്ലാ പഞ്ചായത്തിന്റെയും ആശുപത്രി വികസന സമിതിയുടേയും ഭാഗത്തുനിന്നും  ഉണ്ടായിട്ടില്ല. 25 ലക്ഷം രൂപ പ്ലാന്‍ ഫണ്ടില്‍നിന്നും ഉപയോഗിച്ച് നിര്‍മിച്ച ഹൃദ്രോഗ തീവ്ര പരിചരണ വിഭാഗം നിര്‍മാണം തുടങ്ങിയിട്ടില്ല. 25 ലക്ഷം രൂപ മുടക്കി നിര്‍മിക്കേണ്ട ഡി അഡിക്്ഷന്‍ സെന്ററും യാഥാര്‍ഥ്യമായിട്ടില്ല. മദ്യമയക്കുമരുന്ന് അടിമകളെ ചികില്‍സിക്കാന്‍  തിരൂര്‍ ഗവ. ആശുപത്രിയില്‍ സൗകര്യങ്ങളില്ല. അബ്ദുറബ് ഉദ്ഘാടനം ചെയ്ത ആശുപത്രിയിലെ ശുദ്ധജല പരിചരണ വാര്‍ഡ് യഥേഷ്ടം ഫണ്ട് ലഭിച്ചിട്ടും തുടങ്ങിയിട്ടില്ല. പ്ലാന്‍ ഫണ്ട് ലഭിച്ച മറ്റൊരു പദ്ധതിയായ രക്തകോശ വിതരണ പദ്ധതിയും യാഥാര്‍ഥ്യമായിട്ടില്ല. ഇതിനായി കൊണ്ടുവന്ന 50 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ഇപ്പോഴും പെട്ടിയില്‍ വിശ്രമിക്കുകയാണ്. പലപ്പോഴും പര്‍ച്ചേയ്‌സ് കമ്മിറ്റി യോഗം ചേരുകയോ അംഗീകാരം നല്‍കുകയോ ചെയ്യാതെ ആശുപത്രിയിലേയ്ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതായും പരാതിയുയര്‍ന്നിട്ടുണ്ട്. വലിയ കമ്മിഷന്‍ മോഹിച്ചാണ് ഇപ്രകാരം ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്.ജനപ്രതിനിധികള്‍ യഥാസമയം ഇടപെടാത്തതിനാലും ശ്രദ്ധിക്കാത്തതിനാലുമാണ് ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ മുരടിക്കുന്നതും യാഥാര്‍ഥ്യമാകാത്തതെന്നും പരാതി ഉയരുമ്പോള്‍ ആശുപത്രി ജീവനക്കാരെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് ജനപ്രതിനിധികള്‍ ശ്രമിക്കുന്നത്. ഇതംഗീകരിക്കാനാവില്ലെന്നാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്. ജനപ്രതിനിധികളുടെ തെറ്റുകള്‍ മറയ്ക്കാനുള്ള മറയായി ജീവനക്കാരെ മാറ്റരുതെന്നും അവര്‍ വാദിക്കുന്നു.
Next Story

RELATED STORIES

Share it