thrissur local

ജനക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്

റ്തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ നാല് ജനക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്. മൊത്തം 121.65 കോടി രൂപ വരുമാനവും 121.31 കോടി രൂപ ചെലവും 34.07 ലക്ഷം രൂപ മിച്ചവുമുളള ബജറ്റാണ് വൈസ് പ്രസിഡന്റ് കെ പി രാധാകൃഷ്ണന്‍ അവതരിപ്പിച്ചത്. പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമത്തിനായി 22.52 കോടി രൂപയും വകയിരുത്തുന്നതാണ് ബജറ്റ്.
സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളായ ഹരിതകേരളം, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവക്ക് പ്രാധാന്യം നല്‍കി ഓരോ മേഖലയ്ക്കും പ്രത്യേക തുക ചെലവഴിക്കും. സൗരോര്‍ജ്ജ പദ്ധതി, നീര്‍ത്തടാധിഷ്ഠിത വികസനം, സമഗ്രവികസനം, കൃഷിയിട പരിസ്ഥിതിക സംരക്ഷണം മുതലായവയ്ക്കായി ഹരിതകേരളം പദ്ധതിയില്‍ മൊത്തം 12 കോടി രൂപയാണ് വകയിരുത്തുന്നത്. കൃഷിയിടങ്ങളിലെ പാരിസ്ഥിതിക സംരക്ഷണം, രാസ കീടനാശിനി നിയന്ത്രണം എന്നിവ—ക്കായി 50 ലക്ഷം രൂപ ചെലവില്‍ ഫാര്‍മേഴ്‌സ്  ഫീല്‍ സ്‌കൂളും ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തും. പ്ലാസ്റ്റിക് ഫ്രഡിങ് യൂണിറ്റ് പ്രവര്‍ത്തനത്തിനും കളക്ഷന്‍ സെന്റര്‍ സ്ഥാപിക്കാനും 10 ലക്ഷം വകയിരുത്തും. പാതയോരത്തും പൊതു സ്ഥലങ്ങളിലും 15 ലക്ഷം ഫലവൃക്ഷതൈകള്‍ നടും. ജില്ലയില്‍ രണ്ടിടത്ത് ജൈവ വൈവിധ്യ പാര്‍ക്ക് സ്ഥാപിക്കുന്നതിനായി ഒരു കോടി രൂപ വകയിരുത്തും.ജില്ലയിലെ സമഗ്ര കോള്‍ വികസ പരിപാടിക്കായി ഒരു കോടി രൂപ വിഹിതം നല്‍കും. സമഗ്ര നീര്‍ത്തട വികസന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ 50 ലക്ഷം രൂപ വകയിരുത്തും. ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 25 ലക്ഷം രൂപ വകയിരുത്തും. ആര്‍ദ്രം പദ്ധതിക്കായി 4 കോടി രൂപ ചെലവഴിക്കും. ഇതിന്റെ ഭാഗമായി ആയൂര്‍വേദ-ഹോമിയോ ചികിത്സാ മേഖലയില്‍ 3.85 കോടി രൂപയുടെ വിപുലീകരണം പ്രവര്‍ത്തനങ്ങള്‍ നടത്തും.
ഭിന്നശേഷി കുട്ടികളുടെ പുനരധിവാസത്തിനായി  ജില്ലാ, ഏര്‍ളി ഡിറ്റേഷന്‍ സെന്റര്‍, എന്‍ ഐ പി എം ആര്‍ എന്നിവയുടെ സേവനം പ്രയോജനപ്പെടുത്തും. ലൈഫ് മിഷന്‍ പദ്ധതിക്കായി ബജറ്റില്‍ 14 കോടി രൂപ വകയിരുത്തും. തോട്ടം മേഖലയിലെ തൊഴിലാളികളെ പുനരധിവാസിപ്പിക്കാനായി 1.50 കോടി രൂപ വകയിരുത്തി ആയുഷ്മാന്‍ തോട്ടം തൊഴിലാളി അധിവാസ പദ്ധതി നടപ്പാക്കും.എല്ലാ വിദ്യാലയങ്ങളെയും ഭിന്നശേഷി സൗഹൃദമാക്കാന്‍ 25 ലക്ഷം വകയിരുത്തും. ജില്ലാ പഞ്ചായത്തിന്റെ വിജ്ഞാന്‍ സാഗറില്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അക്കാദമി പ്രവര്‍ത്തനമാരംഭിക്കും. മൊത്തം നാല് കോടി രൂപയാണ് വിദ്യാഭ്യാസ മേഖലയ്ക്കായി മാറ്റിവച്ചിട്ടുളളത്. സാമൂഹ്യ സൂരക്ഷാ പദ്ധതിക്കായി മൊത്തം 6 കോടി രൂപയാണ് വകയിരുത്തിയിട്ടുളളത്.
കുടിവെളള സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം 83 പൊതുകുളങ്ങളെ സംരക്ഷിക്കുന്ന പദ്ധി നടപ്പാക്കും. ജല സംരക്ഷണ ബോധവല്‍ക്കരണത്തിനായി 4 കോടി രൂപ മാറ്റിവെയ്ക്കും. കലാ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം വകയിരുത്തും. കായിക മേഖലയുടെ പരിപോഷണം ലക്ഷ്യമിട്ട് കളിസ്ഥലങ്ങള്‍ ഒരുക്കാന്‍ 50 ലക്ഷം രൂപ വകയിരുത്തും. ക്ലബുകളുടെ പ്രോത്സാഹനത്തിനും സ്റ്റേഡിയങ്ങളുടെ നവീകരണങ്ങള്‍ക്കുമായി 40 ലക്ഷം രൂപയും വകയിരുത്തും. റോഡുകള്‍, പാലങ്ങള്‍, പൊതുകെട്ടിടങ്ങള്‍ എന്നിവയ്ക്കായി 40 കോടി രൂപ മാറ്റിവെയ്ക്കും.
വിനോദ സഞ്ചാര മേഖലയ്ക്ക് ഒരു കോടി രൂപ വിനിയോഗിക്കും. പട്ടികജാതി-വര്‍ഗ്ഗ ക്ഷേമത്തിനായി അനുവദിച്ച 22.52 കോടി രൂപയില്‍ ആദിവാസി ക്ഷേമം ഉറപ്പുവരുത്തുന്നതിനായുളള പദ്ധതിയും ആവിഷ്‌ക്കരിക്കും. മത്സ്യത്തൊഴിലാളികളെ ഇന്‍ഷൂര്‍ ചെയ്യുന്നതിനായി 50 ലക്ഷം രൂപ വകയിരുത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ബജറ്റ് സമ്മേളനത്തിന്റെ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ജെന്നി ടീച്ചര്‍, മഞ്ജുള അരുണന്‍, എം പത്മിനി ടീച്ചര്‍, കെ ജെ ഡിക്‌സണ്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ ബ്ലോക്ക് പ്രസിഡണ്ടുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി എസ് മജീദ് പങ്കെടുത്തു.
Next Story

RELATED STORIES

Share it