thiruvananthapuram local

ജനകീയ സമരം : തുമ്പ കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം നിലച്ചു



കഴക്കൂട്ടം: ഭൂഗര്‍ഭ ജലചൂഷണത്തിനും പാഴ്ജല സംസ്‌ക്കരണത്തിലെ അലംഭാവത്തിനുമെതിരെ ജനം സംഘടിച്ചതോടെ തുമ്പ കിന്‍ഫ്രാ അപ്പാരല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം നിലച്ചു. ഇന്നലെ രാവിലെ ആറോടെ തുമ്പ കിന്‍ഫ്രാ സംയുക്ത സമരസമിതിയുടെയും തുമ്പ ഇടവകയുടെയും ആഭിമുഖ്യത്തില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങള്‍ കിന്‍ഫ്രാ പാര്‍ക്കിന്റെ പ്രധാന കവാടം ഉപരോധിച്ച് കൊണ്ടായിരുന്നു സമരത്തിന് തുടക്കം കുറിച്ചത്. ഇതോടെ രാവിലെ മുതല്‍ ഇവിടെ എത്തിയ നൂറ് കണകണക്കിന് ജീവനക്കാരാണ് പാര്‍ക്കിനുള്ളില്‍ പ്രവേശിക്കാനാകാതെ പുറത്തായത്. വിവിധ വ്യവസായശാലകള്‍ക്ക് ഇതരസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ട് വന്ന വിവിധ സാധനങ്ങള്‍ അടങ്ങുന്ന നിരവധി ലോറികളും പാര്‍ക്കിനുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല.  വിവിധ രാജ്യങ്ങളിലേക്ക് കയറ്റി വിടേണ്ട ഗാര്‍മെന്റ്‌സ് ഉല്‍പന്നങ്ങളടങ്ങുന്ന ചരക്ക് വാഹനങ്ങള്‍ പാര്‍ക്കിനുള്ളിുല്‍ നിന്നും പുറത്തിറങ്ങാനും കഴിഞ്ഞിട്ടില്ല. മെഡിക്കല്‍ കോളജ് ആശുപത്രി ഉള്‍പ്പെടെ വിവിധ ആശുപത്രിയിലേക്ക് കിന്‍ഫ്രയില്‍ നിന്ന് പോവേണ്ട ഓക്‌സിജന്‍ സിലിണ്ടറുകളുടെ വിതരണവും താറുമാറായി.  രാത്രി സബ്കലക്ടറുമായുള്ള ചര്‍ച്ചയെത്തുടര്‍ന്ന് സമരം താര്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. പഞ്ചായത്ത് അധികൃതര്‍ നല്‍കിയ സ്റ്റോപ് മെമ്മോയുടെ അടിസ്ഥാനത്തില്‍ ജല ചുഷണം നടത്തുന്ന കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും. ബുധനാഴ്ച്ച കലക്ടറേറ്റില്‍ സമരസമിതിയുമായി ചര്‍ച്ച നടത്തും. കിന്‍ഫ്ര നടത്തി വരുന്ന അമിതമായ ഭൂഗര്‍ഭ ജലചൂഷണത്തിന് പ്രദേശവാസികള്‍ നടത്തിവരുന്ന സമരം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും സമരം ശക്തിയാര്‍ജിച്ചത് ഇന്നലെയാണ്.  വിവിധ തരത്തിലുള്ള 80 ഓളം വ്യവസായ സ്ഥാപങ്ങളാണ് കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കുന്നത്.  അനധികൃതമായി ഭൂഗര്‍ഭ ജലം ചൂഷണം ചെയ്യുന്ന കിന്‍ഫ്രക്ക് ഉള്ളിലുള്ള നാല് ഭീമന്‍ കിണറുകളിലെ പമ്പിങ് അവസാനിപ്പിച്ച് അവ മണ്ണിട്ട് മൂടുക, പാഴ്ജല സംസ്‌ക്കരണ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുക, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പാര്‍ക്കിനുള്ളിലെ എല്ലാ വ്യവസായ സ്ഥാപനങ്ങളും അടിയന്തരമായി അടച്ച് പൂട്ടുക, ലൈന്‍സന്‍സ് ഇല്ലാത്തതും അനധികൃതമായി പ്രവര്‍ത്തിക്കുന്ന വരുണ കുപ്പിവെള്ള കമ്പനി അടച്ച് പൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരസമിതി പ്രക്ഷോഭം നടത്തുന്നത്. ഉപരോധസമരം തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ റവ. ഫാദര്‍ ആര്‍ ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ്, കഠിനംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ വാഹിദ്, ജില്ലാ പഞ്ചായത്ത് അംഗം എം ജലീല്‍ കഠിനംകുളം ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ റൊളു തോല്‍, അഡ്വ. ജോസ് നിക്കോളാസ്, ഫെലിക്‌സ്,രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കന്മാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it