thrissur local

ജങ്ഷന്‍ വികസിപ്പിക്കാതെ അപ്രോച്ച് റോഡ് നിര്‍മാണം അശാസ്ത്രീയം

തൃശൂര്‍: പൂത്തോള്‍ ജംഗ്ഷന്‍ വികസനം ഒഴിവാക്കിയുള്ള ദിവാന്‍ജിമൂല മേല്‍പ്പാലം അപ്രോച്ച് റോഡ് നിര്‍മ്മാണം നഗരത്തില്‍ പട്ടാളം റോഡിലേതിനേക്കാള്‍ വലിയ കുപ്പികഴുത്ത് സൃഷ്ടിക്കുമെന്ന് ആക്ഷേപം. അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ അംഗീകരിക്കുന്നതിനുള്ള അജണ്ട ചര്‍ച്ചയിലായിരുന്നു റോഡ് നിര്‍മ്മാണത്തിലെ പാളിച്ച ചര്‍ച്ചയായത്. മേല്‍പ്പാലത്തിന്റെ കിഴക്കും പടിഞ്ഞാറും സ്ഥലമെടുത്തു വികസിപ്പിക്കാനാണ് കൗണ്‍സില്‍ തീരുമാനം.
അതിനുള്ള വിലപോലും ജില്ലകളക്ടര്‍ നിശ്ചയിച്ചത് കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തതാണ്. കിഴക്കുഭാഗത്തെ 9 സെന്റ് സ്ഥലം സെന്റിന് 48 ലക്ഷം രൂപ വില വെച്ച് കോര്‍പ്പറേഷന്‍ വാങ്ങിയിട്ടുണ്ട്. അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് പടിഞ്ഞാറ് ഭാഗം സ്ഥലമെടുപ്പ് നിര്‍ദ്ദേശം മറച്ചുവെച്ച് കിഴക്കുഭാഗം മാത്രം അജണ്ട കുറിപ്പിലെഴുതിയ ഓഫീസ് നടപടി തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പ്രസാദ് പറഞ്ഞു. പടിഞ്ഞാറ്  ഭാഗം സ്ഥലമെടുപ്പ് ഉപേക്ഷിച്ചോ എന്ന മേയര്‍ വ്യക്തമാക്കണമെന്ന് പ്രസാദ് ആവശ്യപ്പെട്ടു.
അതേസമയം, കുപ്പികഴുത്തുണ്ടാകില്ലെന്നും ജംഗ്ഷന്‍ വികസനം തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്നും മുന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി. ഗതാഗതം കൂടുതല്‍ സുഗമാക്കാനാണ് ജംഗ്ഷന്‍ വികസന നിര്‍ദ്ദേശം. പാട്ടുരായ്ക്കല്‍ ജംഗ്ഷന്‍, അത്താണി മേല്‍പ്പാലം, ചെമ്പിശ്ശേരി മേല്‍പ്പാലം എന്നിവിടങ്ങളിലൊന്നും  അധികം വീതിയില്ലെന്നും അവിടെയൊന്നും കുപ്പികഴുത്തില്ലാതെ സുഗമമായ ഗതാഗതമുണ്ടെന്നും വര്‍ഗ്ഗീസ് കണ്ടംകുളത്തി വിശദീകരിച്ചു.
പൂത്തോള്‍ ജംഗ്ഷന്‍ വികസനത്തിന് പൂത്തോള്‍ ഭാഗത്ത് സ്ഥലമെടുക്കാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്ന് കണ്ടംകുളത്തി വ്യക്തമാക്കി.കിഴക്ക് ഭാഗത്തു സെന്റിന് 48 ലക്ഷം രൂപയാണ് കളക്ടര്‍ നിശ്ചയിച്ച വില. തൊട്ട് പടിഞ്ഞാറ് ഭാഗത്താകട്ടെ ആദ്യം 3.8 ലക്ഷവും രണ്ടാമത് 7ലക്ഷവുമാണ് കളക്ടര്‍ നിശ്ചയിച്ച വില. ഇതില്‍ ഉടമക്ക് യോജിപ്പില്ല. സ്ഥലമെടുപ്പ് ഒഴിവാക്കിയ സാഹചര്യം കണ്ടംകുളത്തി വിശദീകരിച്ചു. 18 സെന്റാണ് പൂത്തോള്‍ ഭാഗത്തു ജംഗ്ഷന്‍ വികസനത്തിനാവശ്യം.
എന്നാല്‍ ജംഗ്ഷന്‍ വികസനം ഒഴിവാക്കി, നിലവിലുള്ള റോഡില്‍ നാലുവരിപ്പാത ഒരുക്കുന്നത് പട്ടാളം റോഡിനേക്കാള്‍ വലിയ കുപ്പികഴുത്ത് പൂത്തോള്‍ ജംഗ്ഷനില്‍ സൃഷ്ടിക്കുമെന്ന് പ്രസാദ് ചൂണ്ടിക്കാട്ടി. ജംഗ്ഷന്‍ വികസനത്തിന് സ്ഥലം വിട്ടുനല്‍കാന്‍ സ്ഥലം ഉടമ തയ്യാറാണ്. വിലയെ സംബന്ധിച്ച് മാത്രമേ തര്‍ക്കമുള്ളൂ. വില തര്‍ക്കം പരിഹരിച്ച് സ്ഥലമെടുത്തു തന്നെ അപ്രോച്ച് റോഡ് നിര്‍മ്മിക്കണമെന്ന് പ്രസാദ് ആവശ്യപ്പെട്ടു. വില തര്‍ക്കം കോടതി വഴി പരിഹരിക്കാന്‍ ഉടമക്ക് അവസരം നല്‍കിയും പ്രശ്‌നം പരിഹരിക്കാനാകും.
സ്ഥലമെടുപ്പ് നടത്താതെ അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതു കോര്‍പ്പറേഷന് വന്‍ നഷ്ടമുണ്ടാക്കുമെന്ന് പ്രസാദ് ചൂണ്ടിക്കാട്ടി. നിലവിലുള്ള റോഡിരികില്‍ വന്‍ സംരക്ഷണഭിത്തിയാണ് കെട്ടേണ്ടിവരുന്നത്. ഭാവിയില്‍ ജംഗ്ഷന്‍ വികസനത്തിന് സ്ഥലം ഏറ്റെടുത്ത ശേഷം പുതിയൊരു സംരക്ഷണഭിത്തി ഇറക്കി കെട്ടേണ്ടിവരും. അതു ഇരട്ടി ചിലവാണ് കോര്‍പ്പറേഷനുണ്ടാക്കുന്നതെന്ന് പ്രസാദ് അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it