ചോരക്കുഞ്ഞിന്റെ ഹൃദയതാളം വീണ്ടെടുക്കാന്‍ 374 കിമീ താണ്ടിയത് അഞ്ചു മണിക്കൂറിനകം

മഞ്ചേരി: പ്രസവിച്ച് 12 മണിക്കൂര്‍ മാത്രം പ്രായമായ കുഞ്ഞിന്റെ ഹൃദയതാളം വീണ്ടെടുക്കാന്‍ മഞ്ചേരിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള “ട്രാഫിക്’ മോഡല്‍ യാത്ര വിജയം. ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതി പ്രവര്‍ത്തകരും ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരും പോലിസും ഓള്‍ കേരള ഡ്രൈവേഴ്‌സ് ഫ്രീക്കേഴ്‌സ് സംഘടനാ പ്രവര്‍ത്തകരും കൈകോര്‍ത്തപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് നാലു മണിക്കൂര്‍ 55 സെക്കന്‍ഡ് കൊണ്ട് കുഞ്ഞുമായി ആംബുലന്‍സ് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്കുള്ള 374 കിമീ ദൂരം ഓടിയെത്തി.
ചൊവ്വ രാവിലെ 11ന് തുവ്വൂര്‍ സ്വദേശിനിക്കു പിറന്ന പെണ്‍കുഞ്ഞിനാണ് ഗുരുതരമായ ഹൃദ്രോഗം കണ്ടെത്തിയത്. സിസേറിയനിലൂടെ പുറത്തെടുത്ത കുട്ടിയുടെ ഹൃദയമിടിപ്പ് 60ന് താഴെയായിരുന്നു. ജീവന്‍ രക്ഷിക്കാന്‍ അടിയന്തര ചികില്‍സ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് ഹൃദയരോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ചികില്‍സ ഉറപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതി പ്രയോജനപ്പെടുത്താന്‍ തീരുമാനമായത്. പദ്ധതിയുടെ ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ. എ ഷിബുലാല്‍, കോഓഡിനേറ്റര്‍ ദേവീദാസന്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട് ഹൃദ്യം ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി.
വിദഗ്ധ ചികില്‍സയ്ക്ക് തിരുവനന്തപുരം ശ്രീചിത്തിര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എത്തിക്കാനാണ് നിര്‍ദേശം ലഭിച്ചത്. കോഴിക്കോട് നിന്ന് വെന്റിലേറ്റര്‍ ഘടിപ്പിച്ച പ്രത്യേക ആംബുലന്‍സുമെത്തി. കുട്ടിയോടൊപ്പം യാത്ര തിരിക്കാനുള്ള പ്രത്യേക ആരോഗ്യസംഘത്തെ ഇതിനകം തയ്യാറാക്കിയിരുന്നു. പോലിസുമായി ബന്ധപ്പെട്ട് റോഡില്‍ ഗതാഗതസൗകര്യങ്ങള്‍ ഉറപ്പുവരുത്താനും ധാരണയായി.
ഡ്രൈവര്‍മാരുടെ സംഘടനയായ ഓള്‍ കേരള ഡ്രൈവേഴ്‌സ് ഫ്രീക്കേഴ്‌സ് പ്രവര്‍ത്തകരും സഹായഹസ്തവുമായെത്തി. പത്തനംതിട്ട സ്വദേശിയായ ഡ്രൈവര്‍ ശ്രീജിത്താണ് ആംബുലന്‍സ് ഓടിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്.
ചൊവ്വാഴ്ച രാത്രി 11.45ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് പുറപ്പെട്ട വാഹനം പ്രതികൂല കാലാവസ്ഥ മറികടന്ന് പുലര്‍ച്ചെ 4.40ന് തിരുവനന്തപുരത്തെ ശ്രീചിത്തിര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെത്തി. പേസ്‌മേക്കര്‍ ഘടിപ്പിച്ചശേഷം കുഞ്ഞിനെ ക്രിട്ടിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. വഴിമധ്യേ പോലിസിന്റെയും ഡ്രൈവേഴ്‌സ് ഫ്രീക്കേഴ്‌സിന്റെയും കൃത്യമായ ഇടപെടലുകള്‍ യാത്രയ്ക്ക് തുണയായി. കൃത്യസമയത്ത് ചികില്‍സ നല്‍കാനായതിനാല്‍ കുരുന്നുജീവന്‍ ഹൃദയതാളം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കളും ദൗത്യത്തിനു പിന്നില്‍ അക്ഷീണം പ്രവര്‍ത്തിച്ചവരും.
ജനനസമയത്ത് സങ്കീര്‍ണമായ ഹൃദയരോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് ഹൃദ്യം പദ്ധതി വഴി സൗജന്യ ചികില്‍സയാണ് ആരോഗ്യ വകുപ്പ് ഉറപ്പാക്കുന്നത്. ഹൃദയസംബന്ധിയായ അസുഖങ്ങള്‍ കാരണം എട്ടുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണം പൂര്‍ണമായും ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Next Story

RELATED STORIES

Share it