Kottayam Local

ചോദ്യബാങ്ക് തയ്യാറായില്ല; എംജിയിലെ ബിരുദപരീക്ഷകള്‍ നീളുന്നു

കോട്ടയം: യഥാസമയം ചോദ്യബാങ്ക് തയ്യാറാക്കാന്‍ കഴിയാത്തതുമൂലം എംജി സര്‍വകലാശാലയിലെ ബിരുദപരീക്ഷകള്‍ അനിശ്ചിതമായി നീളുന്നു. 2017 നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി പൂര്‍ത്തിയാവേണ്ട ഒന്നാംവര്‍ഷ ബിഎ, ബിഎസ്‌സി, ബികോം പരീക്ഷകളാണ് അധികൃതരുടെ അനാസ്ഥമൂലം അവതാളത്തിലായിരിക്കുന്നത്. പരീക്ഷകള്‍ കൃത്യസമയത്ത് നടക്കാത്തതുമൂലം എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള 250 കോളജുകളിലെ 50,000 ഓളം വരുന്ന വിദ്യാര്‍ഥികളാണ് ദുരിതത്തിലായിരിക്കുന്നത്. പരീക്ഷാ സമ്പ്രദായത്തില്‍ എംജി സര്‍വകലാശാല നടപ്പാക്കിയ പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ചോദ്യബാങ്ക് സമ്പ്രദായം കൊണ്ടുവന്നത്. ഫീസ് ഉള്‍പ്പടെയുള്ള നടപടിക്രമങ്ങളെല്ലാം സര്‍വകലാശാല നവംബര്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതുപ്രകാരം ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ ആദ്യ സെമസ്റ്റര്‍ പരീക്ഷയ്ക്ക് ഓണ്‍ലൈനായി ഫീസും അപേക്ഷയും സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍, ഓണ്‍ലൈന്‍ സംവിധാനം തകരാറിലായതോടെ നവംബറില്‍ ആരംഭിക്കേണ്ട പരീക്ഷ അനിശ്ചിതത്വത്തിലായി. ഓണ്‍ലൈന്‍ വിഭാഗത്തിലെ ജീവനക്കാരും പരീക്ഷാഭവനിലെ ജീവനക്കാരും തമ്മിലുള്ള തര്‍ക്കങ്ങളും ഓണ്‍ലൈന്‍ തകരാറ് പരിഹരിക്കുന്നതിന് തടസ്സമായെന്നും ആക്ഷേപമുയര്‍ന്നിരുന്നു. ഓണ്‍ലൈന്‍ സംവിധാനത്തിലെ തകരാറും ചോദ്യബാങ്ക് തയ്യാറാവാത്തതും കണക്കിലെടുത്ത് ബിരുദപരീക്ഷകള്‍ ജനുവരിയിലേക്ക് മാറ്റി. ജനുവരി 23ന് ആരംഭിച്ച പരീക്ഷയില്‍ രണ്ടെണ്ണം കഴിഞ്ഞശേഷം വീണ്ടും മുടങ്ങിയിരിക്കുകയാണ്. ഫെബ്രുവരി അഞ്ചിന് പരീക്ഷ നടത്താന്‍ ആദ്യം നിശ്ചയിച്ചെങ്കിലും ഇപ്പോള്‍ 19 ലേക്ക് മാറ്റാനാണ് തീരുമാനം. ഒന്നാം സെമസ്റ്റര്‍ പരീക്ഷ നടക്കുന്നതിനിടെ രണ്ടാം സെമസ്റ്റര്‍ ക്ലാസുകള്‍ ആരംഭിക്കണമെന്ന അനൗദ്യോഗിക നിര്‍ദേശവും സര്‍വകലാശാല അധ്യാപകര്‍ക്ക് നല്‍കിയിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വേനലവധി നഷ്ടപ്പെടുത്തി ഏപ്രില്‍, മെയ് മാസങ്ങളില്‍ അടുത്ത സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. പരീക്ഷ കൃത്യസമയത്ത് നടക്കാത്തതിനാല്‍ ഫലപ്രഖ്യാപനവും അനന്തമായി നീണ്ടുപോവാനാണ് സാധ്യത. ഇത് വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തെ പ്രതികൂലമായി ബാധിക്കും. ബിരുദപരീക്ഷകള്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയി സര്‍വകലാശാല വിദ്യാര്‍ഥികളെ വലയ്ക്കുകയാണെന്ന് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെപിടിഎ) എംജി സര്‍വകലാശാല റീജ്യനല്‍ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ചോദ്യബാങ്ക് എന്ന് തയ്യാറാവുമെന്നതിന് സര്‍വകലാശാല കൃത്യമായ മറുപടി നല്‍കുന്നില്ല. ബിരുദ, ബിരുദാനന്തര കോഴ്‌സുകളുടെ കാലപരിധി ചാന്‍സിലര്‍കൂടിയായ ഗവര്‍ണര്‍ വ്യക്തമായി സര്‍വകലാശാലകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതെല്ലാം പൂര്‍ണമായും ലംഘിക്കുന്ന തരത്തിലാണ് കോഴ്‌സുകളുടെ നടത്തിപ്പ്. പിജി പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി ചോദ്യപേപ്പര്‍ അയച്ചുകൊടുക്കുന്ന സംവിധാനവും കുറ്റമറ്റതല്ല. കോളജുകളില്‍ ചോദ്യപേപ്പറുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് കയറുന്നതിന് മുമ്പും ചോരാനുള്ള സാധ്യതകളേറെയാണ്. സ്വാശ്രയ സ്ഥാപനങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ധാരാളം നടക്കാറുണ്ട്. നേരത്തെ കര്‍ശന സുരക്ഷാസംവിധാനങ്ങളോടെയായിരുന്നു ഓരോ കോളജുകളിലും സര്‍വകലാശാല ചോദ്യപേപ്പറുകളെത്തിച്ചിരുന്നത്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് പുതിയ പരിഷ്‌കാരം കൊണ്ടുവന്നത്. പരീക്ഷാ സമ്പ്രദായങ്ങളിലെ അപാകതകള്‍ സംബന്ധിച്ച് എംജി വൈസ് ചാന്‍സലര്‍ കൃത്യമായ മറുപടികള്‍ നല്‍കാറില്ലെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി. കെപിസിടിഎ ജില്ലാ പ്രസിഡന്റ് പ്രഫ. റോണി ജോര്‍ജ്, എംജി റീജ്യനല്‍ കമ്മിറ്റി സെക്രട്ടറി ഡോ.കെ എ ബെന്നി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it