ചോദ്യങ്ങളുമായി ആക്ഷന്‍ കൗണ്‍സില്‍

കൊച്ചി: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വന്ന വിധിയില്‍ സഹപാഠികളെന്ന നിലയില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും എന്നാല്‍ ജിഷയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ ആളുകളും ശിക്ഷിക്കപ്പെട്ടു എന്നു പറയാനാവില്ലെന്നും ആക്ഷന്‍ കൗണ്‍സില്‍. നീതിന്യായവ്യവസ്ഥ കല്‍പ്പിക്കുന്ന പരമാവധി ശിക്ഷതന്നെ പ്രതിക്ക് വാങ്ങിക്കൊടുക്കാന്‍ സാധിച്ചത് പ്രോസിക്യൂഷന്റെ വിജയമാണ്. എന്നാല്‍ ജിഷയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ ആളുകളും ശിക്ഷിക്കപ്പെട്ടു എന്നു പറയാനാവില്ല. ജീവിച്ചിരുന്നപ്പോള്‍ സഹപാഠിക്ക് ഒരിക്കലും ലഭിക്കാതിരുന്ന നീതി മരണപ്പെട്ടപ്പോള്‍ ലഭിച്ചതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഈ സംഭവവുമായി ബന്ധപ്പെട്ട മുഴുവന്‍ വസ്തുതകളും തെളിയിക്കപ്പെട്ടിട്ടുണ്ടോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്. കൃത്യത്തിന് പിന്നില്‍ ആസൂത്രിതമായ നീക്കം ഉണ്ടായിരുന്നോ എന്ന് വ്യക്തമാക്കുന്ന ഫലപ്രദമായ അന്വേഷണം നടന്നിട്ടില്ല എന്ന കാര്യത്തില്‍ ഇപ്പോഴും സംശയമുണ്ടെന്നും ജിഷയുടെ സഹപാഠിയും ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനുമായ പി വൈ ഷാജഹാന്‍ പറഞ്ഞു. യഥാര്‍ഥ കുറ്റവാളികള്‍ നമ്മളെ നോക്കി എവിടെയെങ്കിലുമിരുന്ന് ചിരിക്കുന്നുണ്ടോ എന്ന ഭയാശങ്കകള്‍ക്കിടയിലും ഭരണകൂടത്തെയും നീതിന്യായവ്യവസ്ഥയെയും വിശ്വാസത്തിലെടുത്ത് ഈ വിധിയി ല്‍ ആശ്വാസം കണ്ടെത്തുന്നു. അതേസമയം ആക്ഷന്‍ കൗണ്‍സി ല്‍ ചില ചോദ്യങ്ങള്‍ വീണ്ടും ഉന്നയിക്കുകയാണ്. തുറന്നു കിടന്ന വാതിലിലൂടെ അകത്തുകയറാമായിരുന്ന അമ്മ ജനലിലൂടെയാണ് മൃതദേഹം കണ്ടത് എന്ന് പറഞ്ഞത് സംശയം ജനിപ്പിക്കുന്നു, ജിഷ സൂക്ഷിച്ചിരുന്ന പെന്‍ കാമറ വഴി റെക്കോഡ് ചെയ്ത വീഡിയോയിലൂടെ എന്തായിരുന്നു പുറംലോകത്തോട് ജിഷയ്ക്ക് പറയാനുണ്ടായിരുന്നത്?, ജിഷയും അമ്മയും കാലങ്ങളായി തലയ്ക്ക് അരികില്‍ വാക്കത്തി വച്ചിരുന്നത് ആരെ ഭയപ്പെട്ടിട്ട് ? പ്രതി അകത്തായിരിക്കെ ഇത്രയും കാലം എന്തിന് ജിഷയുടെ മാതാവിന്് പോലിസ് പ്രൊട്ടക്ഷന്‍ കൊടുത്തു. മൊഴി മാറ്റിപ്പറയാതിരിക്കാനാണോ എന്ന സംശയവും നിലനില്‍ക്കുന്നു. ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതാണെന്നും ആക്ഷന്‍ കൗ ണ്‍സില്‍ ആവശ്യപ്പെട്ടു. ആക്ഷന്‍ കൗണ്‍സില്‍ ചെയ ര്‍മാന്‍ പി വൈ ഷാജഹാന്‍, വൈസ് ചെയര്‍മാന്‍ അഡ്വ. ലിബിന്‍ സ്റ്റാന്‍ലി, കണ്‍വീനര്‍ അഡ്വ. മുഹമ്മദ് സെബാഹ്, ഭാരവാഹികളായ അഡ്വ. ബിന്‍സി, അഡ്വ. അനു, അഡ്വ. സൗമ്യ, അഡ്വ. മാഹിന്‍ ഹംസ, അഡ്വ. ജെറി വര്‍ഗീസ്, അഡ്വ. കൃഷ്ണകുമാര്‍, അഡ്വ. എബിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം ചേര്‍ന്നത്.
Next Story

RELATED STORIES

Share it