malappuram local

ചോക്കാട് 40 സെന്റില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി

കാളികാവ്: വ്യാജ തേന്‍ നിര്‍മ്മാണ കേന്ദ്രമെന്നു സംശയം. ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി. 21 ബാരലുകളില്‍ പഞ്ചസാര ലായനി കലക്കി വെച്ചത് കണ്ടെടുത്തു. ആരോഗ്യ വകുപ്പിന്റെയോ പഞ്ചായത്തിന്റെയോ അനുമതിയില്ലാതെയാണു കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
നാല്‍പത് സെന്റ് കെട്ടുങ്ങല്‍ റോഡില്‍ ആളൊഴിഞ്ഞ പ്രദേശത്താണു കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ജില്ലാ ഫുഡ് സെഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുകുണന്‍, വണ്ടൂര്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ കെ ജസീല, നിലമ്പൂര്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ എസ് ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ചോക്കാട് പിഎച്ച്‌സി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ഗിരീഷ് കുമാര്‍ കാളികാവ് പോലിസ് ഓഫിസര്‍മാര്‍, വനം വകുപ്പ് അധികൃതര്‍ എന്നിവരും വിട് പരിശോധിച്ചു. മുവ്വായിരത്തോളം ലിറ്റര്‍ പഞ്ചസാര ലായനിയാണു വീടിനുള്ളില്‍ സൂക്ഷിച്ചിരുന്നത്. ഏതാനും ലിറ്റര്‍ തേനും വീടിനുള്ളില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. യാതൊരു അനുമതിയുമില്ലാതെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നു നാട്ടുകാര്‍ ആരോപിച്ചു. ഈ സമയത്ത് തേനീച്ചകള്‍ക്ക് ഭക്ഷണം നല്‍കുന്ന സമയമല്ലെന്നും മാരകമായ രാസ വസ്തുക്കള്‍ ചേര്‍ത്ത് വ്യാജ തേന്‍ നിര്‍മ്മിക്കുകയാണു ചെയ്യുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. പഞ്ചസാര ലായനി കലക്കി വെച്ച ബാരലുകളില്‍ ഒരു ഉറുമ്പു പോലും ഇല്ലാത്തതും  നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. വൃത്തിഹീനമായ സ്ഥലത്ത് പഞ്ചസാര ലായനി തിളപ്പിച്ച് കുറുക്കിയെടുത്ത് ഫെവിക്കോളും  മാരകമായ കെമിക്കലുകളും ചേര്‍ത്ത് വ്യാജ തേന്‍ നിര്‍മ്മിക്കുന്ന കേന്ദ്രങ്ങള്‍ സംസ്ഥാനത്തിനകത്തും പുറത്തും ധാരാളമുണ്ട്. ഒരു കിലോ തേനിന് 80  മുതല്‍ 100 രൂപ നിരക്കിലാണ് ഇത്തരം കേന്ദ്രങ്ങളില്‍ നിന്ന് തേന്‍ ഹോള്‍ സെയിലായി വില്‍ക്കുന്നത്.
ഇരുനൂറ് രൂപയെങ്കിലും വേണം ഒറിജിനല്‍ തേനിന്. എന്നാല്‍ വ്യാജ തേന്‍ നൂറ്റി അമ്പത് രൂപയില്‍ താഴെ മാത്രമാണ്. വില.അടുത്ത മാസങ്ങളില്‍ തേനീച്ചകള്‍ക്കു ഭക്ഷണം നല്‍കുന്നതിനുള്ള ലായനിയാണ് ഇതെന്ന് ഉടമയായ വരമ്പന്‍ പൊട്ടി സ്വദേശി വള്ളിക്കാടന്‍ ഷഫീഖ്,പുത്തന്‍വീട്ടില്‍ ഉണ്ണി പറഞ്ഞു. ലായനിയുടെ സാമ്പിളുകളും തേനിന്റെ സാമ്പിളും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. പരിശോധനകള്‍ക്ക്് ശേഷമേ വ്യാജ തേനാണോ എന്നു പറയാനാകൂ എന്ന് അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it