ചൈനീസ് അതിര്‍ത്തിയില്‍ സൈനിക സാന്നിധ്യം ശക്തമാക്കി ഇന്ത്യ

ന്യൂഡല്‍ഹി: ചൈനാ അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നു. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ അരുണാചല്‍ സെക്ടറിലാണ് പട്രോളിങ്ങിനായി കൂടുതല്‍ സൈനികരെ വിന്യസിക്കുന്നത്. ദിബാങ്, ദൗ ദെലെയ്, ലോഹിത് താഴ്‌വര എന്നിവിടങ്ങളിലാണ് സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നത്.
ചൈനീസ് സൈന്യവുമായി നിരന്തരം തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശമാണിത്. അതിര്‍ത്തിയില്‍ സമുദ്രനിരപ്പില്‍ നിന്ന് 17,000 അടി ഉയരത്തിലുള്ള പ്രദേശങ്ങളില്‍ സൈനികനിരീക്ഷണം ശക്തമാക്കാനുള്ള നീക്കമാണ് പുരോഗമിക്കുന്നത്. തന്ത്രപ്രധാനമായ തിബറ്റന്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധവയ്ക്കാനാണ് സൈന്യം തയ്യാറെടുക്കുന്നത്. ഹെലികോപ്റ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് അതിര്‍ത്തിയിലെ ചൈനീസ് സൈനിക നീക്കങ്ങള്‍ നിരീക്ഷിക്കും. കൂടാതെ നദീതീരങ്ങള്‍ കേന്ദ്രീകരിച്ചും ഇന്ത്യ സൈനികവിന്യാസം നടത്തും. ദോക്‌ലാം സംഘര്‍ഷത്തിന് ശേഷം ചൈനീസ് സൈനികനീക്കം ഇന്ത്യ കരുതലോടെ നിരീക്ഷിക്കുന്നുണ്ട്.
ഇത് കൂടുതല്‍ ശക്തമാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ദീര്‍ഘദൂര പട്രോളിങിന്റെ എണ്ണം വര്‍ധിപ്പിക്കും. 30 ദിവസം വരെ നീണ്ടുനില്‍ക്കുന്നതാണ് ദീര്‍ഘദൂര പട്രോളിങ്. ഇന്ത്യ-ചൈനാ നിയന്ത്രണരേഖയുടെ പവിത്രത കാത്തുസൂക്ഷിക്കുക എന്നതാണ് ദൗത്യമെന്ന് സൈനികവൃത്തങ്ങള്‍ പറയുന്നു. 73 ദിവസങ്ങള്‍ നീണ്ടുനിന്ന അതിര്‍ത്തി തര്‍ക്കത്തിന് ശേഷം സിക്കിം സെക്ടറില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചിരുന്നു. എന്നാല്‍ ചൈനീസ് സൈന്യം ദോക്‌ലാമില്‍ പട്രോളിങ് നടത്തുന്നത് നിര്‍ബാധം തുടര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it