malappuram local

ചേലേമ്പ്രയില്‍ വീട് തകര്‍ന്നു; മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു

പള്ളിക്കല്‍/വേങ്ങര: ഇന്നലെ പെയ്ത കനത്ത മഴയില്‍ ചേലേമ്പ്ര, വേങ്ങര, ഭാഗങ്ങളില്‍ നാശനഷ്ടം. ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്തില്‍ നിര്‍മാണത്തിലിരിക്കുന്ന വീട് തകര്‍ന്നു. വേങ്ങര കോട്ടക്കല്‍ റോഡിലെ പാലാണിയില്‍ മഴ കനത്തതോടെ കുന്നിടിഞ്ഞു വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ചേലേമ്പ്ര കിന്‍ഫ്രയുടെ ചുറ്റുമതിലും തകര്‍ന്നിട്ടുണ്ട്.  ചേലേമ്പ്ര ചാലീപറമ്പില്‍ നീലാട്ടു പുറായി മനോജിന്റെ വീടാണ് തകര്‍ന്നു വീണത്.
രണ്ട്— വര്‍ഷമായി നിര്‍മാണ പ്രവര്‍ത്തനത്തിലായിരുന്നു വീട്. മേല്‍ക്കൂരയുടെ നിര്‍മാണം നടത്തിയിരുന്നില്ല. ആഴ്ചകളായി ഉണ്ടായ മഴയില്‍ വെള്ളം ഇറങ്ങിയാണ് അപകടം ഉണ്ടായത്. നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വീടിന്റെ സണ്‍—സൈഡും പടുത്ത ചുമരുകളും പൂര്‍ണമായും തകര്‍ന്നു പോയിട്ടുണ്ട്. വീട് പുനര്‍ നിര്‍മിക്കണമെങ്കില്‍ തകര്‍ന്നു വീഴാതെ അവശേഷിക്കുന്ന ഭാഗംകൂടെ പൊളിച്ചുമാറ്റിയെ പുനര്‍ നിര്‍മാണം സാധ്യമാവൂ. ഇതിനു ഇനിയും ലക്ഷങ്ങള്‍ ചെലവഴിക്കണം. വേങ്ങരയില്‍ ഇന്നലെ രാവിലെ ഏഴിനാണ്  കുന്നിടിഞ്ഞത്.
ജുമാമസ്ജിദ് ഖബറിസ്ഥാന്റെ സ്ഥലമായ കണ്ണച്ചംമലയുടെ റോഡിനോടു ചേര്‍ന്നുളള ഭാഗമാണ് നിലംപൊത്തിയത്. ബുധനാഴ്ച രാത്രിയില്‍ ഭാഗികമായി വിളളല്‍ സംഭവിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ മഴയില്‍ റോഡിലേയ്ക്ക് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഉടനെ നാട്ടുകാര്‍ മഹല്ല് ഖാസിയേയും വേങ്ങര പോലിസിനെയും വില്ലേജ് ഓഫിസറേയും വിവിരമറിയിച്ചു.
ഉടനെ രണ്ടു എക്‌സ്‌കവേറ്ററും ടിപ്പര്‍ ലോറികളും സ്ഥലത്തെത്തി മണ്ണ് നീക്കം ചെയ്തു തുടങ്ങി. കുന്നിന്റെ മുകളില്‍ അപകടാവസ്ഥയിലുളള പാറകളും മരങ്ങളും നീക്കം ചെയ്തു. പുഴച്ചാല്‍ വഴി പോലിസ് ഗതാഗതം നിയന്ത്രിച്ചു. വൈകിട്ട് അഞ്ചോടെ വൈദ്യുതിയും രാത്രി ഒന്‍പതോടെ ഗതാഗതവും പൂര്‍വ സ്ഥിതിയിലായി. പറപ്പൂര്‍ വില്ലേജ് ഓഫിസര്‍ സുരേഷ് കുമാര്‍, തിരൂരങ്ങാടി തഹസില്‍ദാര്‍ പി ഷാജു, വേങ്ങര എസ്‌ഐ സംഗീത് പുനത്തില്‍, പറപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കാലൊടി ബഷീര്‍ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
Next Story

RELATED STORIES

Share it