Kottayam Local

ചെറുവള്ളി എസ്റ്റേറ്റ് - വിമാനത്താവളം: തീരുമാനം സാധ്യതാ പഠനത്തിനു ശേഷം



എരുമേലി: എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ് ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം ആവുമോയെന്നതില്‍ വൈകാതെ തന്നെ തീരുമാനമാവും. ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന സാധ്യതാ പഠനമാണ് വിമാനത്താവളം എവിടെയാണെന്ന് അന്തിമമായി തീരുമാനിക്കുക. പക്ഷെ വഴിമുടക്കിയായി എസ്റ്റേറ്റിനെതിരെയുളള സര്‍ക്കാര്‍ കേസുകള്‍ മാറുമോയെന്നാണ് ആശങ്ക. പദ്ധതിക്കെന്ന പേരില്‍ ചെറുവള്ളിക്കായി ഒരു ഏജന്‍സി കോടികള്‍ ചെലവിട്ടത് മുന്‍നിര്‍ത്തി മറ്റേതെങ്കിലും അന്താരാഷ്ട്ര കമ്പനിക്ക് സാധ്യതാ പഠനചുമതല നല്‍കാനാണ് നീക്കം. ഇന്നലെയാണ് സംസ്ഥാന മന്ത്രിസഭായോഗം പദ്ധതിക്ക് അനുമതി നല്‍കിയത്. രാജു എബ്രഹാം എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന്റെ തീരുമാന പ്രകാരം ഗതാഗത വകുപ്പ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ സമര്‍പ്പിച്ച റിപോര്‍ട്ട് ഇന്നലെ മന്ത്രിസഭ അംഗീകരിച്ചു. റിപോര്‍ട്ടിലെ നിര്‍ദേശ പ്രകാരം ചെറുവള്ളി, കുമ്പഴ, ളാഹ എസ്റ്റേറ്റുകളാണ് ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിക്കു വേണ്ടി പരിഗണിക്കുന്നത്. ഇതിലേതാണ് അനുയോജ്യം എന്നറിയാന്‍ സാധ്യതാ പരിശോധന നടത്തും. പരിശോധനയില്‍ പരിസ്ഥിതി ആഘാതമുണ്ടോയെന്നും നിര്‍മാണത്തിന് ചെലവ് കുറവാണോയെന്നും അനുയോജ്യമായ ഗതാഗത സൗകര്യമുണ്ടോയെന്നുമാണു പരിശോധിക്കുക. ഇതിനായി രാജ്യാന്തര നിലവാരമുള്ള കമ്പനിയാണ് പഠനം നടത്തുക. കമ്പനിയെ തീരുമാനിക്കുന്നതിന്  സംസ്ഥാന വ്യവസായ കോര്‍പറേഷന് ചുമതല നല്‍കി. വിമാനത്താവള നിര്‍മാണ പഠനരംഗത്ത് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കമ്പനിയെയാണ് തിരഞ്ഞെടുക്കുക. വിദേശമലയാളി സംഘടനക്ക് വേണ്ടി ചെറുവളളി എസ്റ്റേറ്റ് അനുകൂലമാണെന്ന് പറഞ്ഞ കമ്പനിയെ ഒഴിവാക്കിയാകും പഠനം നടത്തുക. ഇത് പഠനം സുതാര്യവും പക്ഷപാതരഹിതവുമാക്കാനാണെന്ന് പറയുന്നു . സാധ്യതാ പഠനത്തില്‍ ചെറുവളളിയെ തിരഞ്ഞടുത്തെങ്കില്‍ മാത്രമാണ് പ്രതീഷക്ക് ഉറപ്പ് ലഭിക്കുക. ചെറുവളളിക്കെതിരെയുളള കേസുകള്‍ കമ്പനിയുടെ പഠനത്തില്‍ വിലയിരുത്തും .ഇത്രയും കാലവും അനധികൃത ഭൂമിയായി കണ്ട് ചെറുവളളി എസ്റ്റേറ്റ്  ഏറ്റെടുക്കാന്‍ നടപടികളിലേക്ക് എത്തിയ സര്‍ക്കാരിന് ഇനി എസ്റ്റേറ്റ് കെ പി യോഹന്നാന്റേതാണന്ന് അംഗീകരിച്ച് വിമാനതാവളത്തിനായി ധാരണയുണ്ടാക്കാന്‍ നിയമപരമായി കഴിയുമോയെന്നുളളതാണ് പ്രസക്തമായ വിഷയം. നിയമവൃത്തങ്ങള്‍ ആകാംഷയോടെ ഉറ്റുനോക്കുന്ന ഈ വിഷയം മാത്രമാണ് നിലവില്‍ ചെറുവള്ളിയെ പ്രതികൂലമാക്കുന്നത്. പരിസ്ഥിതിക്ക് ആഘാതമില്ലാത്ത വിധം കുന്നുകളും മലഞ്ചെരുവുകളുമില്ലാത്ത ചെറുവള്ളിയില്‍ റണ്‍വേ ഉള്‍പ്പെടെ വിമാനത്താവള നിര്‍മാണത്തിനു ചെലവ് കുറവാണെന്നാണ് പ്രാഥിമികമായ വിലയിരുത്തല്‍. ഇത് മുന്‍നിര്‍ത്തി എസ്റ്റേറ്റ് വില കൊടുത്ത് വാങ്ങി സൗജന്യമായി സര്‍ക്കാരിനു നല്‍കാന്‍ വിദേശമലയാളികളുടെ ഒരു സംഘടന തയ്യാറാണ്. അങ്ങനെ നടത്തുന്ന പക്ഷം വിമാനത്താവള നിര്‍മാണവും നടത്തിപ്പും ഈ ഏജന്‍സിക്ക് നല്‍കേണ്ടിവരും.ഏജന്‍സിക്ക് എസ്റ്റേറ്റ് കൈമാറാന്‍ ബിലീവേഴ്‌സ് ചര്‍ച്ച് സമ്മതിക്കുകയും വേണം. നിലവില്‍ നെടുമ്പാശ്ശേരി വിമാനത്താവളം നിര്‍മിച്ചത് പോലെ സിയാല്‍ മാതൃകയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ അന്താരാഷ്ട്രാ നിലവാരമുള്ള വിമാനത്താവളം ശബരിമലക്ക് അടുത്ത് നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മാസങ്ങള്‍ക്ക് മുമ്പ് പമ്പയില്‍ നടത്തിയ ശബരിമല അവലോകനയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇത് വിമാനത്താവള നിര്‍മാണത്തിന് മുതല്‍ മുടക്കാന്‍ സ്വകാര്യ കമ്പനികള്‍ക്കുള്ള മുന്നറിയിപ്പുകൂടിയായിരുന്നു. മധ്യ തിരുവിതാംകൂറിന്റെ അവസാന പ്രതീക്ഷയായിരുന്ന ആറന്മുള വിമാനത്താവളം നടക്കില്ലെന്ന് ഉറപ്പായതോടെ ശബരിമല കേന്ദ്രീകരിച്ച് പുതിയ വിമാനത്താവള പദ്ധതിക്ക് നീക്കം ആരംഭിച്ചത് വിദേശമലയാളികളില്‍ പ്രതീക്ഷ വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ്. നിലവില്‍ എരുമേലി, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഹെലിപ്പാടുകള്‍ ഉണ്ട്. വിമാനത്താവളം യാഥാര്‍ത്ഥ്യമായാല്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകള്‍ക്ക് വന്‍വികസന സാധ്യതയാണ് തുറക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റില്‍ രൂക്ഷമായ തൊഴില്‍സമരത്തിന് ഇതോടെ പരിഹാരമാകുകയും തൊഴിലാളികളെ ഏറ്റെടുത്ത് തൊഴില്‍ സുരക്ഷിതത്വം ഉറപ്പാകുകയും ചെയ്യും.
Next Story

RELATED STORIES

Share it