malappuram local

ചെറുപുഴയെ സംരക്ഷിക്കാന്‍ കര്‍മപരിപാടി

പുഴക്കാട്ടിരി: കൈയേറ്റംമൂലം നീരൊഴുക്കു കുറഞ്ഞ് നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ജില്ലയിലെ ചെറുപുഴയെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും കൂട്ടായ ശ്രമം തുടങ്ങി. കിലയുടെ സാങ്കേതിക സഹായത്തോടെ പുഴക്കാട്ടിരി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചെറുപുഴ തണ്ണീര്‍തട സംരക്ഷണ പദ്ധതിക്കുള്ള കര്‍മപരിപാടി ആസൂത്രണം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കിലയില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ പുഴസംരക്ഷണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഹരിതകേരളം മിഷന്‍ കണ്‍സല്‍ട്ടന്റ് പ്രഫ. പി കെ രവീന്ദ്രന്‍ സംസാരിച്ചു.
കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍ ആമുഖാവതരണം നടത്തി. കോ-ഓഡിനേറ്റര്‍ എം രേണുകുമാര്‍ ശില്‍പശാലയ്ക്കു നേതൃത്വം നല്‍കി. സുരക്ഷിതമായ കുടിവെള്ളം, വൃത്തിയുള്ള മനോഹരമായ ചെറുപുഴ, നെല്‍കൃഷി വികസനം, വിനോദസഞ്ചാര പ്രോല്‍സാഹനം എന്നിവയാണ് ആദ്യഘട്ട പ്രവര്‍ത്തനത്തിലെ കര്‍മപരിപാടികള്‍. തുടര്‍പ്രവര്‍ത്തനങ്ങളും ശില്‍പശാല ആസൂത്രണം ചെയ്തു. കൃഷി, തൊഴില്‍ സാധ്യതകള്‍, വിനോദസഞ്ചാരം, പുഴസംരക്ഷണവും പുനരുജ്ജീവനവും, പ്രചാരണ ബോധവല്‍ക്കരണ പ്രവര്‍ത്തനം, പിന്തുണാസംവിധാനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് മൂന്നു ഗ്രൂപ്പുകളായിതിരിഞ്ഞു ചര്‍ച്ച നടത്തി. കില എക്സ്റ്റഷന്‍ ഫാക്കല്‍റ്റി ബീന സണ്ണി ഗ്രൂപ്പു ചര്‍ച്ചകള്‍ക്കു നേതൃത്വം വഹിച്ചു. പുഴക്കാട്ടിരി, അങ്ങാടിപ്പുറം, മക്കരപ്പുറം, കൂട്ടിലങ്ങാടി, കുറുവ ഗ്രാമപ്പഞ്ചായത്തുകളിലേയും മങ്കട ബ്ലോക്ക് പഞ്ചായത്തിലേയും പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍ എന്നിവരാണ് ശില്‍പശാലയില്‍ പങ്കെടുത്തത്. പുഴക്കാട്ടിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി കെ ജയറാമിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
Next Story

RELATED STORIES

Share it