malappuram local

ചെമ്മാട് ടൗണില്‍ അനധികൃത പാര്‍ക്കിങ് പൂര്‍ണമായും നിരോധിക്കാന്‍ തീരുമാനം

തിരൂരങ്ങാടി: ഗതാഗതക്കുരുക്ക് രൂക്ഷമായ ചെമ്മാട് ടൗണിലെ അനധികൃത പാര്‍ക്കിങ് പൂര്‍ണമായും നിരോധിക്കാന്‍ ഇന്നലെ തിരൂരങ്ങാടി നഗരസഭയില്‍ ചേര്‍ന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തില്‍ തീരുമാനം. ചെമ്മാട് ടൗണില്‍ ബ്ലോക്ക് റോഡ് മുതല്‍ കോഴിക്കോട് റോഡ് വരെയുള്ള വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് പൂര്‍ണ്ണമായും എടുത്ത് കളയും. ചെമ്മാട് ബ്ലോക്ക് റോഡ്, ബൈപ്പാസ് റോഡ്, മമ്പുറം, കൊടിഞ്ഞി റോഡ്, മദ്രസ റോഡ് എന്നിവിടങ്ങളില്‍ ഒണ്‍വെ തെറ്റിച്ചോടുള്ള വാഹനങ്ങളെ നിരീക്ഷിക്കാന്‍ സിസിടിവി സ്ഥാപിക്കും. ഒണ്‍വെ തെറ്റിക്കുന്ന വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും യോഗം പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും നിര്‍ദ്ധേശം നല്‍കിയിട്ടുണ്ട്.
കെഎംബിആര്‍ ആക്റ്റ് നിലവില്‍ വന്നതിന് ശേഷം നിര്‍മ്മിക്കപ്പെട്ട കെട്ടിടങ്ങളില്‍ പാര്‍ക്കിംഗ് തരം മാറ്റി ഉപയോഗിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അതിന് നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തും. ചെമ്മാട്, വെന്നിയൂര്‍ ടൗണുകളിലെ ഓട്ടോറിക്ഷ പെര്‍മിറ്റ് നിയന്ത്രിക്കുന്നതിന് നഗരസഭയോട് റഗുലേറ്ററി കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
റോഡ് കയ്യേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കുന്നതിനും ഫുട്പാത്തിലേക്ക് ഇറക്കി കെട്ടിയ കച്ചവടസ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്താനും അത്തരം സ്ഥാപനങ്ങള്‍ അത് ആവര്‍ത്തിക്കുന്നപക്ഷം കടയുടെ ലൈസന്‍സ് റദ്ദാക്കാനുംതീരുമാനിച്ചു.
ഇവ പൂര്‍ണമായും നടപ്പിലാക്കുന്നതിനും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും മോണിട്ടറിങ് സമിതി രൂപീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
നഗരസഭ വൈസ് ചെയര്‍മാന്‍ എം അബ്ദുറഹ്മാന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ കെ ടി റഹീദ, സ്ഥിര സമിതി അധ്യക്ഷന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, വി വി അബു, തഹസീല്‍ദാര്‍ പി ഷാജു, തിരൂരങ്ങാടി സിഐ സിഎം ദേവദാസ്, ജോ. ആര്‍ടിഒ ദിനേഷ് ബാബു, അയ്യൂബ് തലാപ്പില്‍, സിപി അബ്ദുല്‍ വഹാബ്,  എം എന്‍ ഇമ്പിച്ചി, നൗഷാദ് സിറ്റി പാര്‍ക്ക്, സി പി ഇസ്മായീല്‍, കെ രാംദാസ്, മോഹനന്‍ വെന്നിയൂര്‍, കെ. ഗിരീഷ് കുമാര്‍, കക്കടവത്ത് മുഹമ്മദ് കുട്ടി, സലാഹുദ്ധീന്‍ കൊട്ടേക്കാട്ട്, സി പി ഗുഹരാജ്, സിദ്ധീഖ് പനക്കല്‍, മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വ്യാപാരി പ്രതിനിധികളും പങ്കെടുത്തു.
Next Story

RELATED STORIES

Share it