Alappuzha local

ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ മാതൃ-ശിശു സംരക്ഷണ ബ്ലോക്കും ഡയാലിസിസ് യൂനിറ്റും തുറന്നു

ആലപ്പുഴ: ചെങ്ങന്നൂര്‍ ജില്ല ആശുപത്രിയില്‍ 13 കോടി രൂപ എന്‍എച്ച്എം ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച  മാതൃശിശു സംരക്ഷണ ബ്ലോക്കിന്റെയും 1.12 കോടി രൂപയുടെ കിഫ്ബി ഫണ്ടുപയോഗിച്ചുള്ള ഡയാലിസിസ് യൂനിറ്റിന്റെയും ഉദ്ഘാടനം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
പുതുതലമുറ രോഗങ്ങള്‍ ആരോഗ്യമേഖലയ്ക്ക് വെല്ലുവിളി ഉയര്‍ത്തി വര്‍ധിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ജീവിതശൈലിയുമായി ബന്ധപ്പെട്ട ഈ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു. മഴക്കാല രോഗങ്ങളും മറ്റു പകര്‍ച്ച വ്യാധികളും തടയുന്നതിനുള്ള ആരോഗ്യ ജാഗ്രത കാംപയിന്‍ നാടാകെ ഏറ്റെടുക്കണം.
ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരു കോടി ചെലവില്‍ മോര്‍ച്ചറി നിര്‍മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. 50 കിടക്കകള്‍ ഉള്ള മാതൃശിശു സംരക്ഷണ ബ്ലോക്കില്‍ അള്‍ട്രാ സൗണ്ട് സ്‌കാനിങ് ഉള്‍പ്പെടെ 1.8 കോടി രൂപയുടെ ഉപകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. താഴെത്ത നിലയില്‍  ഗൈനോക്കോളജി, പീഡിയാട്രിക് ഒ പി, പി പി യൂനിറ്റ്, ഒന്നാം നിലയില്‍ ലേബര്‍ റൂം, ഓപറേഷന്‍ തിയേറ്റര്‍, റിക്കവറി റൂം, നവജാതശീശുസംരക്ഷണ യൂനിറ്റ് അള്‍ട്രാ സൗണ്ട് സ്‌കാനിങ്, മുകളിലത്തെ നിലയില്‍ മാതൃ-ശിശു സംരക്ഷണ വാര്‍ഡുകളും ശുചിമുറികളും പ്രവര്‍ത്തിക്കുന്നു.
കുടിവെള്ള സംവിധാനം, സിസിടിവി കാമറ, അഗ്നി രക്ഷ സംവിധാനം കേന്ദ്രീകൃത ഒക്‌സിജന്‍ സംവിധാനവും ഡേകെയര്‍, കീമോതെറാപ്പി സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. എട്ടു കിടക്കകള്‍ ഉള്ള ഡയാലിസിസ് യൂനിറ്റില്‍ ഏഴുപേര്‍ക്ക് ഒരേ സമയം  ഡയാലിസിസ് നടത്താനാവും. കൊടിക്കുന്നില്‍ സുരേഷ് എംപി അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര്‍ നഗരസഭാധ്യക്ഷന്‍ ജോണ്‍ മുളങ്കാട്ടില്‍, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ സുധാമണി, ജില്ല പഞ്ചായത്തംഗങ്ങളായ വി വേണു, ജെബിന്‍ പി വര്‍ഗീസ, ആര്‍എംഒ ഡോ. ഷിന്റോ രാജപ്പന്‍ എന്നിവരും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും വിവിധ രാഷ്ട്രിയ പാര്‍ട്ടി ഭാരവാഹികളും സംബന്ധിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വസന്തദാസ് റിപോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രേസി ഇത്താക്ക് കെ നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it