ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്മുന്നണികള്‍ക്ക് ജീവന്‍മരണ പോരാട്

ടംഎ   ജയകുമാര്‍

ചെങ്ങന്നൂര്‍: അഡ്വ. കെ കെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പിന് വഴിതെളിഞ്ഞ ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം മുന്നണികള്‍ക്ക് ജീവന്‍ മരണ പോരാട്ടം. ഫലം എന്തായാലും മുന്നണികളില്‍ വന്‍ പൊട്ടിത്തെറിക്ക് വഴിവയ്ക്കും. യുഡിഎഫിന്റെ മണ്ഡലമായിരുന്ന ചെങ്ങന്നൂര്‍ കഴിഞ്ഞതവണ ഇടത്തേക്കു ചരിഞ്ഞത് കെകെആറിന്റെ വ്യക്തി വിജയത്തിനപ്പുറം ഇടതുപക്ഷത്തിനും പ്രത്യേകിച്ച് സിപിഎമ്മിനും ആത്മവിശ്വാസം വര്‍ധിപ്പിച്ചിരുന്നു. അത് നിലനിര്‍ത്താന്‍ ആയില്ലെങ്കില്‍ സിപിഎമ്മിനെ ഏറെ ദോഷകരമായി ബാധിക്കും. എന്നാല്‍, കൈവിട്ടുപോയ ചെങ്ങന്നൂര്‍ എങ്ങിനെയും തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.  വോട്ടു കുറഞ്ഞാല്‍ അത് സ്വാധീനക്കുറവിന്റെ ലക്ഷണമായി തിരിച്ചറിയും. കഴിഞ്ഞതവണ ഒപ്പംനിന്ന ബിഡിജെഎസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഇക്കുറി കലാപം ഉയര്‍ത്തി രംഗത്തുണ്ട്. ചെങ്ങന്നൂരില്‍ ഏറെ സ്വാധീനമുള്ള മാണി കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം മുമ്പ് തന്നെ മാണി ബന്ധം ഉപേക്ഷിച്ച് ഇടതുപക്ഷത്തേക്ക് ചേക്കേറിയിട്ടുണ്ട്.  കെ എം മാണി കൂടി ഇടതുപക്ഷത്തേക്ക് എത്താനുള്ള സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല.മൂന്ന് മുന്നണികളിലും സ്ഥാനാര്‍ഥി നിര്‍ണായക ചര്‍ച്ച സജീവമാണ്. എല്‍ഡിഎഫില്‍ സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, ബുധനൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ പി  വിശ്വംഭരപ്പണിക്കര്‍, മുന്‍ എംപി സി എസ് സുജാത എന്നിവരുടെ പേരുകളാണ് നിലവില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ജില്ലാ സെക്രട്ടറി മല്‍സരിക്കുന്നതില്‍ ഭിന്നാഭിപ്രായമുണ്ട്. കേരളത്തില്‍ നിലവിലുള്ള 14 ജില്ലാ സെക്രട്ടറിമാരില്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള പ്രമുഖനാണ് സജി ചെറിയാന്‍. പാര്‍ട്ടിയില്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത് വന്‍ സാധ്യതകളാണ്. ജില്ലയില്‍ തന്നെ ഒരു മുതിര്‍ന്ന നേതാവ് സജി ചെറിയാന്റെ സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി കിണഞ്ഞ്് ശ്രമിക്കുന്നുണ്ട്്. തനിക്ക്് ഭീഷണിയായി വളരാന്‍ സാധ്യതയുള്ളിടത്ത് ഇദ്ദേഹത്തെ മുളയിലെ നുള്ളുക എന്ന രഹസ്യ അജണ്ടയുടെ ഭാഗമാണെന്ന്്് നിരീക്ഷകര്‍ പറയുന്നു. യുഡിഎഫില്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍എ പി സി വിഷ്ണുനാഥിന്റെ പേരാണ് ഒന്നാമതായി ഉയരുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയുടെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി വിഷ്ണുനാഥ് മല്‍സരിക്കുന്നതിനെ കുറിച്ച് ചര്‍ച്ച സജീവമാണ്. മുന്‍ മാവേലിക്കര എംഎല്‍എ എം മുരളി, പ്രസി. അഡ്വ. ഡി വിജയകുമാര്‍, സി എബി കുര്യാക്കോസ്, അഡ്വ. ജ്യോതി വിജയകുമാര്‍ എന്നിവരുടെ പേരും സജീവമാണ്. പി സി വിഷ്ണുനാഥിനാണ് കൂടുതല്‍ വിജയസാധ്യതയെന്ന് എതിര്‍പക്ഷത്തെ കോണ്‍ഗ്രസ്സുകാരും രഹസ്യമായി സൂചിപ്പിക്കുന്നു.യുഡിഎഫിലെ തൊഴുത്തില്‍കുത്തും മറ്റ് അഭ്യന്തരപ്രശ്‌നങ്ങളുമാണ് കഴിഞ്ഞ തവണ വിഷ്ണുനാഥിനെ തറപറ്റിച്ചത്. ബിജെപിയില്‍ കഴിഞ്ഞതവണ മല്‍സരിച്ച അഡ്വ. പി എസ് ശ്രീധരന്‍പിള്ള തന്നെ മതിയെന്ന അഭിപ്രായമാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്. എന്നാല്‍, ശ്രീധരന്‍പിള്ള കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം നടത്തിയ പരാമര്‍ശങ്ങള്‍ സഖ്യ കക്ഷിയായ ബിഡിജെഎസിനെയും പാര്‍ട്ടിയിലെ ഒരു വിഭാഗത്തേയും ഒരുപോലെ വേദനിപ്പിച്ചിരുന്നു.   മറ്റാരെങ്കിലും മല്‍സരിക്കണമെന്ന  നിര്‍ദേശവും ബിജെപിയില്‍ ഉയര്‍ന്നിട്ടുണ്ട്. ബിഡിജെഎസ് മണഡലം കമ്മിറ്റി പിള്ളയ്‌ക്കെതിരേ അതൃപ്തി സംസ്ഥാന നേതൃത്വത്തെ ഇതിനകം  അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം പോലും നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് ബിജെപി സംസ്ഥാന നേതൃത്വം.
Next Story

RELATED STORIES

Share it