ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്; ചൂല്‍ ചിഹ്നം അനുവദിച്ചില്ല; ആം ആദ്മി പാര്‍ട്ടി ഹൈക്കോടതിയില്‍

കൊച്ചി: ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥിക്ക് പാര്‍ട്ടി ചിഹ്നം അനുവദിക്കാത്തതിനെതിരേ ആം ആദ്മി പാര്‍ട്ടി ഹൈക്കോടതിയില്‍. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് തിരഞ്ഞെടുപ്പു കമ്മീഷന്‍ അനുവദിച്ചിട്ടുള്ള “ചൂല്‍’’ചിഹ്നമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയെങ്കിലും തള്ളിയെന്നാണു ഹരജിയില്‍ പറയുന്നത്. ഇതുമൂലം തങ്ങളുടെ സ്ഥാനാര്‍ഥിക്ക് മറ്റേതെങ്കിലും സ്വതന്ത്രചിഹ്നം സ്വീകരിക്കേണ്ടി വരുമെന്നും സ്വന്തം ചിഹ്നം അനുവദിക്കാന്‍ ഉത്തരവിടണമെന്നുമാണു ഹരജിയിലെ ആവശ്യം. ഡല്‍ഹിയില്‍ സംസ്ഥാന പാര്‍ട്ടിയാണെങ്കിലും ആം ആദ്മിക്ക് കേരളത്തില്‍ അംഗീകാരമില്ലെന്നു ഹരജി പരിഗണിക്കവേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. എങ്കിലും തിരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിച്ച് മൂന്നു ദിവസത്തിനകം അപേക്ഷ നല്‍കിയാല്‍ പാര്‍ട്ടിചിഹ്നം അനുവദിക്കാന്‍ വകുപ്പുണ്ട്. എന്നാല്‍, ഈ ചട്ടം പാലിക്കാതെ ഒട്ടേറെ ദിവസങ്ങള്‍ക്ക് ശേഷമാണ് ചിഹ്നം അനുവദിക്കാനുള്ള അപേക്ഷ നല്‍കിയതെന്നും കമ്മീഷന്‍ വ്യക്തമാക്കി. തുടര്‍ന്ന് സിംഗിള്‍ബെഞ്ച് ഹരജി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ചയാണ്. അന്നുതന്നെയാണ് സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിക്കുന്നത്.
Next Story

RELATED STORIES

Share it