Alappuzha local

ചെങ്ങന്നൂരിന് സേവനസ്പര്‍ശം ; 635 പരാതികള്‍ തീര്‍പ്പാക്കി



ആലപ്പുഴ: ചുവപ്പുനാടയില്‍ കുരുങ്ങി  പരിഹാരമില്ലാതെ കിടന്ന വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട 635 പരാതികള്‍ക്ക് പരിഹാരം കണ്ട് ചെങ്ങന്നൂരിലെ ജില്ലാ കലക്ടറുടെ സേവനസ്പര്‍ശം പരിപാടി നിരവധി പേര്‍ക്ക് തുണയായി. ചെങ്ങന്നൂര്‍ വൈഎംസിഎ. ഹാളിലൊരുക്കിയ അദാലത്ത് വേദിയില്‍  ചെങ്ങന്നൂര്‍ താലൂക്കിലുള്ളവര്‍ക്കായി നടത്തിയ സേവനസ്പര്‍ശത്തില്‍  ആകെ 717 അപേക്ഷ ലഭിച്ചു. രാവിലെ എട്ടിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ചികിത്സാ ധനസഹായം, ബിപിഎല്‍. ആകാനും തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കു—ന്നതിനുമുള്ള അപേക്ഷകളായിരുന്നു അധികവും. റവന്യൂ, സര്‍വേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം തുടങ്ങിയവുമായി ബന്ധപ്പെട്ട അപേക്ഷകളും ലഭിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യേഗസ്ഥര്‍ പ്രത്യേകം കൗണ്ടറുകളിലായി വേദിക്കുസമീപം തന്നെ ഉണ്ടായിരുന്നു. വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ സ്വീകരിക്കാന്‍ കൗണ്ടര്‍ സജ്ജമാക്കി. പരാതികള്‍ സ്വീകരിച്ച് ഓണ്‍ലൈനായി രേഖപ്പെടുത്തിയശേഷം പരാതിയുമായി ജില്ലാ കലക്ടറെ നേരിട്ട്  സമീപിക്കാന്‍ സംവിധാനമൊരുക്കി. രാവിലെ  9.30ന്  ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍  അപേക്ഷരെ നേരില്‍ക്കണ്ട് പരാതികള്‍ സ്വീകരിച്ചുതുടങ്ങി. തീര്‍പ്പാകാത്ത അപേക്ഷകള്‍ അതത് വകുപ്പുകള്‍ക്ക് കൈമാറി. തുടര്‍ന്ന് വകുപ്പുതല ഉദ്യോഗസ്ഥര്‍ പരാതികളില്‍ എടുത്ത തീരുമാനം നിശ്ചിത ദിവസത്തിനകം ജില്ലാ കലക്ടറെ അറിയിക്കണം. സേവനസ്പര്‍ശം വെബ്‌സൈറ്റില്‍ തല്‍സമയ വിവരം അറിയാനും സംവിധാനമുണ്ട്. അപേക്ഷ നല്‍കാനെത്തിയവര്‍ക്കു ലഘുഭക്ഷണവും കുടിവെള്ളവും ഒരുക്കിയിരുന്നു. മെഡിക്കല്‍ സംഘം സ്ഥലത്തുണ്ടായിരുന്നു. ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍, എഡി.എം. എംകെ. കബീര്‍, ആര്‍ഡിഒ വി രാജചന്ദ്രന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ പി എസ് സ്വര്‍ണമ്മ, ആര്‍ സുകു, ലീഡ് ബാങ്ക് മാനേജര്‍ കെഎസ്. അജു, തഹസില്‍ദാര്‍ പിഎന്‍ സാനു, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.  സേവനസ്പര്‍ശം പരിപാടിയുടെ ഭാഗമായി അക്ഷയ മുഖേന നടത്തിയ ആധാര്‍ എണ്‍റോള്‍മെന്റിലൂടെ ഇതുവരെ 55 പേര്‍ക്ക് ആധാര്‍ സേവനം ലഭ്യമായി. ആധാര്‍ വിവരങ്ങള്‍ തിരുത്താനും പുതിയവ എന്റോള്‍ ചെയ്യാനുമുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
Next Story

RELATED STORIES

Share it