ചെങ്കോട്ട; വ്യവസ്ഥകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഇന്ത്യയിലെ സുപ്രധാന ചരിത്ര സ്മാരകവും അഭിമാന സ്തംഭവുമായ ചെങ്കോട്ട ഇനി സ്വകാര്യ കമ്പനിയുടെ പരസ്യ പ്രചാരണ കേന്ദ്രമാവും. പ്രമുഖ കമ്പനിയായ ഡാല്‍മിയ ഗ്രൂപ്പ് ചെങ്കോട്ടയുടെ പരിപാലന ചുമതല ഏറ്റെടുക്കുമ്പോള്‍ തയ്യാറാക്കിയ കരാര്‍ പ്രകാരം ചെങ്കോട്ടയില്‍ നടക്കുന്ന എല്ലാ സാംസ്‌കാരിക പരിപാടികളിലും പൊതുജനങ്ങള്‍ക്ക് ദൃശ്യമാവുന്ന സ്ഥലങ്ങളിലും ഡാല്‍മിയ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് നെയിം പ്രദര്‍ശിപ്പിക്കാം. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് ലഭിച്ചാല്‍ ഡാല്‍മിയ ഗ്രൂപ്പിന് ചെങ്കോട്ടയിലെത്തുന്ന സന്ദര്‍ശകരില്‍ നിന്നു സന്ദര്‍ശക ഫീസ് ഈടാക്കാം.
എന്നാല്‍, ഇങ്ങനെ ലഭിക്കുന്ന വരുമാനം ചെങ്കോട്ടയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി തന്നെ വിനിയോഗിക്കണം. ഭാഗിക വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഡാല്‍മിയ ഗ്രൂപ്പിന് ഇവിടെ നിന്നു ചാര്‍ജ് ഈടാക്കാം.
ഇതിനു പുറമേ ശൗചാലയം ഉള്‍പ്പെടെ ഇവിടെ നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കും പണം ഈടാക്കാവുന്നതാണ്. വരുമാനവും ചെലവും പരിശോധിക്കാന്‍ ഡാല്‍മിയ ഗ്രൂപ്പും കേന്ദ്ര പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും സാംസ്‌കാരിക മന്ത്രാലയം പ്രതിനിധികളും ഉള്‍പ്പെട്ട സമിതി രൂപീകരിക്കും.
Next Story

RELATED STORIES

Share it