ചെങ്കോട്ട തകര്‍ന്നു

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളിലെ ഫലം പുറത്തുവന്നപ്പോള്‍ ബിജെപി സഖ്യത്തിനു മുന്നേറ്റം. 25 വര്‍ഷം ചെങ്കോട്ടയായി നിലയുറപ്പിച്ച മണിക് സര്‍ക്കാരിന്റെ ത്രിപുരയില്‍ ഇടതുപക്ഷത്തെ പാടേ തകര്‍ത്തുകൊണ്ടാണ് ബിജെപി അധികാരം പിടിച്ചെടുത്തത്. ത്രിപുരയ്ക്കു പുറമേ നാഗാലാന്‍ഡിലും ബിജെപി സഖ്യം മുന്നേറ്റം നടത്തി. മേഘാലയയില്‍ ബിജെപിക്ക് സീറ്റുകളില്‍ വര്‍ധന ഉണ്ടായെങ്കിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി.
സ്വതന്ത്ര സംസ്ഥാനമെന്നതടക്കം തീവ്ര ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയെന്ന ഗോത്രവര്‍ഗ പാര്‍ട്ടി (ഐടിഎഫ്പി)യുമായി ചേര്‍ന്ന് സിപിഎമ്മിന്റെ പരമ്പരാഗത കോട്ടകളില്‍ പോലും കടന്നുകയറിയാണ് ത്രിപുരയില്‍ ബിജെപി അധികാരത്തിലെത്തുന്നത്. സഖ്യത്തിലൂടെ സംസ്ഥാനത്തെ നഗരമണ്ഡലങ്ങള്‍ക്കു പുറമേ ഗോത്രമേഖലകളിലും ബിജെപി ആധിപത്യം ഉറപ്പിക്കുകയായിരുന്നു.
ധന്‍പൂര്‍ മണ്ഡലത്തില്‍ മല്‍സരിച്ച മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പോലും ഒരു ഘട്ടത്തില്‍ പിന്നോട്ടുപോയെങ്കിലും പിന്നീട് വിജയം സ്വന്തമാക്കി. 5441 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.   ആകെയുള്ള 60 അംഗ നിയമസഭയില്‍ തിരഞ്ഞെടുപ്പ് നടന്ന 59 സീറ്റുകളില്‍ 43 എണ്ണം ബിജെപി സഖ്യം നേടിയപ്പോള്‍ ഭരണകക്ഷിയായിരുന്ന സിപിഎം നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന് 16 സീറ്റുകളാണ് നേടാനായത്. ഫലസൂചനകള്‍ വന്ന ആദ്യ മണിക്കൂറുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നെങ്കിലും സിപിഎം പിന്നീട് പിന്തള്ളപ്പെടുകയായിരുന്നു.
കഴിഞ്ഞ തവണ 10 സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ്സിന് ഒരു സീറ്റു പോലും നേടാനായില്ല. കോണ്‍ഗ്രസ്സിന്റെ വോട്ടുവിഹിതത്തിലും സംസ്ഥാനത്ത് കാര്യമായ ചോര്‍ച്ചയുണ്ടായി. 2013ല്‍ 36.5 ശതമാനം വോട്ടു നേടി 10 സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ് ഇത്തവണ നേടിയത് 1.84 ശതമാനം വോട്ടുകളാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍, സിപിഎമ്മിന്റെ വോട്ടുവിഹിതത്തില്‍ കാര്യമായ ചോര്‍ച്ച ഉണ്ടായിട്ടില്ല. ഇതിനു പുറമേ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഏഴ് എംഎല്‍എമാര്‍ മല്‍സരിച്ച സീറ്റുകളിലും ബിജെപി വിജയം കണ്ടു. 31 സീറ്റുകളാണ് ഇത്തവണ ഇടതുപക്ഷത്തിനു സംസ്ഥാനത്ത് നഷ്ടമായത്.
സിപിഎമ്മിനു പുറമേ സിപിഐ, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി എന്നിവര്‍ അടങ്ങിയ മുന്നണി 56 സീറ്റില്‍ മല്‍സരിച്ചപ്പോള്‍ സിപിഎമ്മിനു മാത്രമാണ്  പ്രതിനിധികളുള്ളത്. കഴിഞ്ഞ തവണ സിപിഐയുടെ ഒരു പ്രതിനിധി സഭയിലുണ്ടായിരുന്നു. ജെപിഎഫ്ടി മല്‍സരിച്ച 9 സീറ്റുകളില്‍ 7ലും ബിജെപി സഖ്യം വിജയം കണ്ടു. ചാരിലം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് ഇവിടത്തെ വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു. മാര്‍ച്ച് 15നാണ് ഇവിടെ വോട്ടെടുപ്പ് നടക്കുക.
തിരഞ്ഞെടുപ്പ് നടന്ന മറ്റൊരു സംസ്ഥാനമായ നാഗാലാന്‍ഡില്‍ നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍ഡിപിപി)- ബിജെപി സഖ്യം ഭരണത്തിലേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുപാര്‍ട്ടികളും ചേര്‍ന്ന് 29 സീറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്.
ഭരണകക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ട്(എന്‍പിഎഫ്) 29 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 60 സീറ്റുകളുള്ള നാഗാലാന്‍ഡ് നിയമസഭയില്‍ കോണ്‍ഗ്രസ്സിന് ഒരു സീറ്റ് പോലും നേടാനായില്ല.
അതേസമയം, ചരിത്രവിജയം കരസ്ഥമാക്കിയ ത്രിപുരയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് കുമാര്‍ ദേബ് മുഖ്യമന്ത്രിയാവും. നാഗാലാന്‍ഡില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട നെയ്ഫ്യൂ റിയോയെയാണ് ബിജെപി സഖ്യം മുഖ്യമന്ത്രി സ്ഥാനത്തേക്ക് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, മേഘാലയയില്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
Next Story

RELATED STORIES

Share it