ചെങ്കുളം പദ്ധതി തകരാറില്‍; പാഴാവുന്നത് ലക്ഷങ്ങളുടെ ജലം

ഇടുക്കി: ചെങ്കുളം പദ്ധതിയുടെ തകരാര്‍ പരിഹരിക്കാത്തതുമൂലം ദിനംപ്രതി പാഴാവുന്നത് ലക്ഷക്കണക്കിനു രൂപയുടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാവുന്ന ജലം. 51.2 മെഗാവാട്ട് ശേഷിയുള്ള ചെങ്കുളം പവര്‍ ഹൗസ് കഴിഞ്ഞ 18 മുതല്‍ അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്തെ പ്രധാന ജലവൈദ്യുത പദ്ധതികളിലൊന്നായ ചെങ്കുളം പദ്ധതിയുടെ സര്‍ജ്  ടാങ്കില്‍ കണ്ടെത്തിയ ചോര്‍ച്ച അടയ്ക്കാന്‍ കഴിയാത്തതാണു പ്രതിസന്ധി തുടരാന്‍ കാരണം.
സര്‍ജിലെ ചോര്‍ച്ച പരിഹരിക്കാനുള്ള ജോലികള്‍ പുരോഗമിക്കുകയാണെന്നാണ് കെഎസ്ഇബി അധികൃതരുടെ വിശദീകരണം. നിലവില്‍ പള്ളിവാസല്‍ പവര്‍ ഹൗസില്‍ ഉല്‍പ്പാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളം പാഴാവുന്ന സാഹചര്യമാണുള്ളത്. പുറം കരാര്‍ നല്‍കാതെ കെഎസ്ഇബിയുടെ സ്വന്തം ജീവനക്കാര്‍ തന്നെയാണ് തകരാര്‍ പരിഹരിക്കാനുള്ള ജോലികള്‍ ചെയ്യുന്നത്. 12 മെഗാവാട്ട് വീതം ശേഷിയുള്ള നാല് ജനറേറ്ററുകളാണ് ചെങ്കുളം പവര്‍ ഹൗസിലുള്ളത്. വിവാദമായ ലാവ്‌ലിന്‍ നവീകരണത്തില്‍ ഉള്‍പ്പെട്ട ചെങ്കുളം പദ്ധതിയുടെ പൂര്‍ണ ഉല്‍പാദനശേഷി 48 മെഗാവാട്ടായിരുന്നു.
നവീകരണത്തിനു ശേഷം ചെങ്കുളം പവര്‍ ഹൗസിന്റെ ഉല്‍പാദനശേഷി വര്‍ധിച്ചുവെന്നും 12.8 മെഗാവാട്ട് വീതമാണ് ഓരോ ജനറേറ്ററിന്റെയും ഇപ്പോഴത്തെ ശേഷിയെന്നുമാണ് കെഎസ്ഇബി അവകാശപ്പെടുന്നത്. ചെങ്കുളം പദ്ധതിയില്‍ വൈദ്യുതോല്‍പാദനത്തിനായി വെള്ളം എത്തുന്നത് ചെങ്കുളം അണക്കെട്ടില്‍ നിന്നാണ്. പള്ളിവാസല്‍ പദ്ധതിയില്‍ ഉല്‍പാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളമാണ് ചെങ്കുളം അണക്കെട്ടില്‍ എത്തുന്നത്. പള്ളിവാസല്‍ പവര്‍ ഹൗസിന്റെ ടെയില്‍ റെയ്‌സിനേക്കാള്‍ 10 മീറ്റര്‍ ഉയരത്തിലാണ് ചെങ്കുളം അണക്കെട്ടിന്റെ സ്ഥാനമെന്നതിനാല്‍ വെള്ളം പമ്പ് ചെയ്താണ് ചെങ്കുളം അണക്കെട്ടില്‍ എത്തിക്കുന്നത്.
ചെങ്കുളം പവര്‍ ഹൗസില്‍ ഉല്‍പ്പാദനം നിലച്ചതിനാല്‍ നിലവില്‍ ചെങ്കുളം അണക്കെട്ട് നിറഞ്ഞുകിടക്കുകയാണ്. അതിനാല്‍ പള്ളിവാസലില്‍ നിന്ന് ഉല്‍പ്പാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളം മുതിരപ്പുഴയാറ്റിലൂടെ പാഴാവുകയാണ്. 37.5 മെഗാവാട്ടാണ് പള്ളിവാസല്‍ പദ്ധതിയുടെ ശേഷി. 5 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്ന് ജനറേറ്ററുകളും 7.5 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്ന് ജനറേറ്ററുകളുമാണ് പള്ളിവാസല്‍ പവര്‍ ഹൗസില്‍ സ്ഥാപിച്ചിരിക്കുന്നത്. ചെങ്കുളം പവര്‍ ഹൗസില്‍ ഉല്‍പാദനത്തിന് ശേഷം പുറന്തള്ളുന്ന വെള്ളം പന്നിയാര്‍ പവര്‍ ഹൗസിലാണ് എത്തുന്നത്. ചെങ്കുളം പദ്ധതി ഷട്ട്ഡൗണിലായതിനാല്‍ ഇപ്പോള്‍ പന്നിയാര്‍ പവര്‍ ഹൗസ് പൂര്‍ണമായും ആശ്രയിക്കുന്നത് പൊന്‍മുടി അണക്കെട്ടിനെയാണ്.
എത്രയും വേഗം ചെങ്കുളത്തെ സര്‍ജ് ടാങ്കിന്റെ തകരാര്‍ പരിഹരിച്ചാല്‍ വേനലില്‍ കേരളത്തിന് കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ സാധിക്കും. എന്നാല്‍, പണി എപ്പോള്‍ തീര്‍ക്കുമെന്നോ, വൈദ്യുതോല്‍പ്പാദനം ആരംഭിക്കുമെന്നോ കെഎസ്ഇബി അധികൃതര്‍ക്ക് നിശ്ചയമില്ല. പുറംകരാര്‍ നല്‍കിയാല്‍ വളരെ വേഗം പണി പൂര്‍ത്തിയാവാറാണു പതിവ്. ലക്ഷങ്ങളുടെ ജലം പാഴാവുമ്പോഴും പദ്ധതി വേഗത്തില്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ അധികൃതര്‍ ശ്രമിക്കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it