ചുവപ്പു പോലിസും മിണ്ടാപ്രാണി പ്രതിപക്ഷവും

മധ്യമാര്‍ഗം -  പരമു
വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണം യുഡിഎഫ് ഭരണകാലത്ത് ആയിരുന്നെങ്കിലോ? അക്കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആയിരുന്നെങ്കിലോ?
ഭരണമുന്നണിയെ പിന്താങ്ങുന്ന സാധാരണ ജനങ്ങള്‍ പോലും ഇപ്പോള്‍ ഇങ്ങനെയൊരു ചോദ്യം മനസ്സിലെങ്കിലും ഉന്നയിക്കുന്നുണ്ടാവും. നിരപരാധിയായ ചെറുപ്പക്കാരനെ പോലിസ് മര്‍ദിച്ചുകൊന്ന സംഭവത്തില്‍ സംസ്ഥാനത്തെ പ്രതിപക്ഷത്തിന് ജനകീയ സമരപരമ്പരയ്ക്ക് സാധ്യതയുണ്ടായിരുന്നു. മാധ്യമങ്ങളുടെ ശക്തമായ ഇടപെടലുകള്‍ ഉണ്ടായിട്ടും പ്രതിപക്ഷം വാസ്തവത്തില്‍ സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നില്ല. പ്രസ്താവനകള്‍ ഇറക്കിയും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തും പ്രതിപക്ഷധര്‍മം നിര്‍വഹിക്കുകയാണ് നേതാക്കള്‍ ചെയ്തത്. പ്രതിപക്ഷത്തെ നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാവട്ടെ, ജാഥാ പര്യടനത്തിലായിരുന്നു; ജനങ്ങളെ മുഖാമുഖം കാണുന്ന രാഷ്ട്രീയപ്രവര്‍ത്തനത്തില്‍. പാര്‍ട്ടിയുടെ സമുന്നത നേതാക്കള്‍ തന്നെ ഈ ജാഥയെ അവഗണിക്കുന്നതാണ് കണ്ടത്. ഭരണത്തിനെതിരേ ജനവികാരം ഉണര്‍ത്താനുള്ള ജാഥ നയിക്കുമ്പോഴാണ് ജാഥാനേതാവായ പ്രസിഡന്റിനെ മാറ്റുന്ന കാര്യം അണിയറയില്‍ സജീവമായത്.
കേരളത്തിലെ ഭരണത്തിനും ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കും നാണക്കേടുണ്ടാക്കിയ ശ്രീജിത്ത് വിഷയത്തില്‍ വഴിപാട് സമരം പോലും സംഘടിപ്പിക്കാന്‍ പ്രതിപക്ഷത്തിനായില്ല. കസ്റ്റഡിമരണത്തിനെതിരേ ജനവികാരം ഉണര്‍ന്നത് പ്രതിപക്ഷത്തിന്റെ സഹായംകൊണ്ടല്ല. ശ്രീജിത്തിന്റെ കുടുംബം രംഗത്തിറങ്ങിയത് സര്‍ക്കാരിന് തലവേദനയായി. അമ്മ അനിശ്ചിതകാല നിരാഹാര സമരവും പ്രഖ്യാപിച്ചു. കസ്റ്റഡിമരണം യുഡിഎഫ് ഭരണത്തിലായിരുന്നുവെങ്കില്‍ ഇവിടെ എന്തൊക്കെ കോലാഹലങ്ങള്‍ അരങ്ങേറുമായിരുന്നു. മന്ത്രിമാര്‍ക്ക് വഴിനടക്കാന്‍ കഴിയാതെ വരുമായിരുന്നു. ഹര്‍ത്താലും ലാത്തിച്ചാര്‍ജും ഒഴിഞ്ഞ നേരമുണ്ടാവുമായിരുന്നില്ല. ഇതൊരു രാഷ്ട്രീയ സമരമാക്കി ഉയര്‍ത്തിക്കൊണ്ടുവരാന്‍ എല്‍ഡിഎഫിന് യാതൊരു പ്രയാസവും ഉണ്ടാവുമായിരുന്നില്ല. ഒരുപക്ഷേ, ജനകീയസമരത്തില്‍ സര്‍ക്കാര്‍ തന്നെ നിലംപതിക്കുമായിരുന്നു.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷത്തിന്റെ കൈയില്‍ കിട്ടിയ ആയുധമായിരുന്നു കസ്റ്റഡി കൊലപാതകം. ജനവികാരം സര്‍ക്കാരിനെതിരായി തിരിക്കാന്‍ കഴിയാത്തത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പരാജയമാണ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്നതു മുതല്‍ പോലിസ് തേര്‍വാഴ്ചയ്‌ക്കെതിരേ ചെറുവിരലനക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. ഭരണത്തിന്റെ മധുവിധുകാലത്ത് നിലമ്പൂര്‍ കാട്ടില്‍ രണ്ടു മാവോവാദികളെ പോലിസ് വെടിവച്ചുകൊന്നപ്പോള്‍ പ്രതിപക്ഷം പോലിസിനെ ന്യായീകരിച്ചു. ഭരണമുന്നണിയിലെ നേതാക്കളും ചില ഘടകകക്ഷികളും പ്രതികരിച്ചിട്ടുപോലും പ്രതിപക്ഷം കൊലപാതകത്തില്‍ പ്രതിഷേധിച്ചില്ല. നിലമ്പൂര്‍ വെടിവയ്പ് മുതല്‍ വരാപ്പുഴ കസ്റ്റഡിമരണം വരെയുള്ള പോലിസ് അതിക്രമങ്ങളിലും തുടരെത്തുടരെ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലും ജനകീയമുന്നേറ്റം സംഘടിപ്പിക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു.
കേരളത്തിലെ പോലിസ് സേനയെക്കുറിച്ചു പ്രതിപക്ഷ നേതാക്കള്‍ക്കും വ്യക്തമായി അറിവുള്ളതാണ്. നേരത്തേ തന്നെ കാക്കിക്കുള്ളില്‍ ക്രിമിനലുകളും വിപ്ലവകാരികളും രാഷ്ട്രീയ താല്‍പര്യമുള്ളവരും ഉണ്ടായിരുന്നു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷനേതാവിനും ഇക്കാര്യങ്ങള്‍ അറിയുകയും ചെയ്യാം. ഇടതുമുന്നണി അധികാരത്തില്‍ കയറുകയും സിപിഎം ആഭ്യന്തരവകുപ്പ് കൈയാളുകയും ചെയ്താല്‍ പോലിസ് സേനയെ രാഷ്ട്രീയവല്‍ക്കരിക്കുമെന്ന് അവര്‍ക്കൊക്കെ നന്നായി ബോധ്യവുമുണ്ടായിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ചില ഐപിഎസ് ഉദ്യോഗസ്ഥരെ ഉമ്മന്‍ചാണ്ടി ഭരണകാലത്ത് പ്രധാനപ്പെട്ട വകുപ്പുകളില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. അത്തരക്കാരെ മര്‍മപ്രധാനമായ പദവികളില്‍ അവരോധിച്ചപ്പോള്‍ പ്രതിപക്ഷം ഒരു വിമര്‍ശനവും ഉന്നയിച്ചില്ല. അതിലൊരാളെ ശ്രീജിത്ത് കസ്റ്റഡിമരണത്തിന്റെ അന്വേഷണത്തലവനാക്കിയപ്പോഴും പ്രതികരിച്ചില്ല. ജനാധിപത്യ സംവിധാനത്തില്‍ ഭരണപക്ഷത്തിന്റെ ചെയ്തികളെ തുറന്നുകാട്ടാനുള്ള ധാര്‍മിക ബാധ്യത നിറവേറ്റുന്നതില്‍ പോലും പ്രതിപക്ഷം പരാജയപ്പെട്ടു. പ്രതിപക്ഷത്തിന്റെ നിസ്സംഗമായ നിലപാട് ആഭ്യന്തര വകുപ്പിനും പോലിസ് സേനയ്ക്കും സഹായകമായി.
പതുക്കെപ്പതുക്കെ പോലിസ് സേനയെ ചുവപ്പണിയിക്കാനുള്ള നടപടികളാണ് പിന്നീട് നടക്കുന്നത്. ഇതും കണ്ടില്ലെന്നു നടിക്കുകയാണ് പ്രതിപക്ഷം. സംസ്ഥാനത്തെ പോലിസ് അസോസിയേഷനുകള്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലാക്കിക്കഴിഞ്ഞു. അസോസിയേഷന്റെ ജില്ലാ സമ്മേളനങ്ങളില്‍ രക്തസാക്ഷി മണ്ഡപങ്ങള്‍ സ്ഥാപിച്ചതും പുഷ്പാര്‍ച്ചന നടത്തിയതും ഇന്‍ക്വിലാബ് വിളിച്ചതും ചുവപ്പ് തോരണങ്ങളാല്‍ അലങ്കരിക്കപ്പെട്ടതും വിവാദമായിരിക്കുകയാണല്ലോ. 1979ല്‍ പോലിസിന്റെ ക്ഷേമം ലക്ഷ്യമാക്കിയാണ് സംസ്ഥാന പോലിസ് സേനയ്ക്ക് സംഘടനാ സ്വാതന്ത്ര്യം നല്‍കിയത്. അതിന്റെ സദുദ്ദേശ്യം അട്ടിമറിക്കപ്പെട്ടു. അസോസിയേഷന്‍ നേതാക്കളാണ് വാസ്തവത്തില്‍ പോലിസ് സേനയെ നിയന്ത്രിക്കുന്നത്. സേനയില്‍ അച്ചടക്കം തകര്‍ക്കപ്പെട്ടു. ഇത്തരത്തിലൊരു സാഹചര്യത്തിലാണ് പോലിസ് ചുവക്കുന്നതായി സര്‍ക്കാരിന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയത്. ഭരണമുന്നണിയുടെയും സര്‍ക്കാരിന്റെയും അറിവോടെയും സമ്മതത്തോടെയും നടക്കുന്ന ഈ ചുവപ്പിക്കല്‍ പ്രതിപക്ഷത്തിനും അറിവുള്ളതാണ്. പോലിസിലെ പല ഉന്നതരുമായും പ്രതിപക്ഷ നേതാക്കള്‍ക്കും അവിഹിതബന്ധങ്ങളുണ്ട്. അവരുടെ താല്‍പര്യങ്ങളും സംരക്ഷിക്കപ്പെടണമല്ലോ.                                                          ി
Next Story

RELATED STORIES

Share it