ernakulam local

ചുഴിയും അടിയൊഴുക്കും അപകടക്കെണിയൊരുക്കുന്നു

വൈപ്പിന്‍: വൈപ്പിനിലെ ബീച്ചുകളില്‍ കുളിക്കാനെത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മല്‍സ്യത്തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞദിവസം കുഴുപ്പിള്ളി ബീച്ചില്‍ കുളിക്കാനിറങ്ങി രണ്ട് യുവാക്കളെ കാണാതായിരുന്നു. കടല്‍ക്ഷോഭത്തെതുടര്‍ന്ന് തീരത്തോട് ചേര്‍ന്ന് താര് എന്ന പേരില്‍ അറിയപ്പെടുന്ന ചുഴി വ്യാപകമായാണ് കാണപ്പെടുന്നത്. കടലിലെ സ്വാഭാവിക മാറ്റങ്ങള്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് അറിയാമെങ്കിലും പുറമെ നിന്ന് എത്തുന്നവര്‍ക്ക് ഇതു മനസ്സിലാക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ദൂരെ സ്ഥലങ്ങളില്‍നിന്ന് എത്തി കുളിക്കാനിറങ്ങുന്നവര്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ല. വൈപ്പിനില്‍ ചെറായി ബീച്ചിലും മറ്റു ചില സ്ഥലത്തും മാത്രമേ ലൈഫ് ഗാര്‍ഡിന്റെയും മറ്റും സേവനം നിലവിലുള്ളൂ. മറ്റു സ്ഥലങ്ങളില്‍ ഇത് ഇല്ലാത്ത സ്ഥിതിയാണുള്ളത്. അപകടത്തെകുറിച്ച് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കിയാലും കുളിക്കാനിറങ്ങുന്നവര്‍ ഇത് അവഗണിക്കുകയാണ്. തീരത്തോട് ചേര്‍ന്നാണ് ഇപ്പോള്‍ ചുഴിയും ശക്തമായ അടിയൊഴുക്കും അനുഭവപ്പെടുന്നത്. കുഴുപ്പിള്ളി, ചാത്തങ്ങാട് ബീച്ചുകളില്‍ മുന്നറിയിപ്പ് ബോഡുകളും സ്ഥിരമായി ലൈഫ് ഗാര്‍ഡുകളേയോ  പോലിസിനേയോ നിയമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. കടലില്‍ കുളിക്കാനിറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനോ ഇവരുടെ സുരക്ഷക്കായുള്ള ഉപകരണങ്ങളോ ഇല്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. കടല്‍ക്ഷോഭം അനുഭവപ്പെടുന്ന സമയമായതിനാല്‍ മല്‍സ്യത്തൊഴിലാളികളടക്കം കടലില്‍ ഇറങ്ങാന്‍ ധൈര്യപ്പെടാത്ത സാഹചര്യത്തിലാണ് സന്ദര്‍ശകര്‍ യാതൊരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെ കുളിക്കാനിറങ്ങുന്നത്. ശക്തമായ കടല്‍ക്ഷോഭം അനുഭവപ്പെടുന്നില്ലെങ്കിലും ചുഴിയും അടിയൊഴുക്കും ബീച്ചിലെത്തുന്നവര്‍ക്ക് അപകടക്കെണിയൊരുക്കുകയാണ്.
Next Story

RELATED STORIES

Share it