kozhikode local

ചുരത്തില്‍ പരസ്യബോര്‍ഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും



കോഴിക്കോട്: താമരശേരി ചുരത്തില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ യു.വി. ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം തീരുമാനിച്ചു. ചുരത്തിന് ഇരുവശങ്ങളിലുമായി സ്ഥാപിച്ചിരിക്കുന്ന പരസ്യബോര്‍ഡുകള്‍ പരിസ്ഥിതിയ്ക്കും ഗതാഗതത്തിനും ദോഷം വരുത്തുന്നുണ്ട്. പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് പഞ്ചായത്ത് അനുവദിച്ചിരിക്കുന്ന ലൈസന്‍സ് കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് നിരോധനം നടപ്പിലാക്കാനാണ് തീരുമാനം. പരസ്യ ബോര്‍ഡുകള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്നതിനാല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നും പരിസ്ഥിതിയ്ക്ക് ദോഷം വരുത്തുന്നുവെന്നും ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിരുന്നു. ചുരത്തിനോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ ചട്ടങ്ങള്‍ പാലിക്കാതെ കെട്ടിട നിര്‍മ്മാണം നടത്തുന്നത് കര്‍ശനമായി തടയും. പരിസ്ഥിതി സംരക്ഷണം മുന്നില്‍ കണ്ട് കെട്ടിട നിര്‍മ്മാണം നിയന്ത്രിക്കുന്നതിനും നടപടിയുണ്ടാകും. വര്‍ഷകാലത്ത് അപകടങ്ങള്‍ സംഭവിക്കാതിരിക്കുന്നതിനായി മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് പി.ഡബ്ല്യു.ഡി വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി. റോഡിന് കേട് സംഭവിക്കാതിരിക്കാനായി അധികഭാരം കയറ്റുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കും. 3,5,6,7,8 വളവുകള്‍ക്ക് വീതി കൂട്ടുന്നതിനായുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. ട്രൈബല്‍ വകുപ്പില്‍ നിന്ന് ഇതിനായുള്ള അനുമതി ലഭ്യമായിട്ടുണ്ട്. ചുരത്തിലെ മാലിന്യ നിക്ഷേപം കര്‍ശനമായി നിരീക്ഷിച്ച് ശക്തമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുവാനും തീരുമാനമായി. എഡിഎം ടി ജനില്‍കുമാര്‍, പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ കെ നന്ദകുമാര്‍, ആര്‍ടിഒ സി ജെ പോള്‍സണ്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it