kannur local

ചുടല-കുറ്റിക്കോല്‍ ബൈപാസ്: അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ചു

തളിപ്പറമ്പ്: ചുടല-കുറ്റിക്കോ ല്‍ ബൈപാസിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ സ്ഥിതിവിവരണ കണക്കുകളുടെ അന്തിമ റിപോര്‍ട്ട് ദേശീയപാത അതോറിറ്റിക്ക് സമര്‍പ്പിച്ചു. തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ദേശീയപാത സ്ഥലം ഏറ്റെടുക്കല്‍ വിഭാഗം ഡെപ്യൂട്ടി കലക്്ടര്‍ മാവില നളിനിയാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. മെയ് 31നകം അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്ന് കലക്്ടര്‍ കര്‍ശന നിര്‍ദേശം നല്‍കിയതിനാല്‍ തലേന്ന് തന്നെ സമര്‍പ്പിക്കുകയായിരുന്നു. നഷ്ടപ്പെടുന്ന ഭൂമിയുടെ കൃത്യമായ വിവരണങ്ങളിലും സ്‌കെച്ചുമാണ് അന്തിമ റിപോര്‍ട്ടിലുള്ളത്. പ്രത്യേക ദൂതന്‍ മുഖേന കഴിഞ്ഞ ദിവസമാണ് റിപോര്‍ട്ട് കോഴിക്കോട്ടെ എന്‍എച്ച്‌ഐ മേഖലാ ഓഫിസില്‍ സമര്‍പ്പിച്ചത്.
ഇന്നോ നാളെയോ റിപോര്‍ട്ട് ഡല്‍ഹിയിലെ എന്‍എച്ച്‌ഐ കേന്ദ്ര ഓഫിസിലെത്തിക്കും. ഒരാഴ്ചയ്ക്കകം ഗസറ്റ് വിജ്ഞാപനം ഇറങ്ങും. മലയാളത്തിലെ രണ്ടു പ്രമുഖ ദിനപത്രങ്ങളില്‍ ത്രിഡി നോട്ടിഫിക്കേഷന്‍ പ്രസിദ്ദീകരിക്കുന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുകയും ഭൂമി സര്‍ക്കാരിന്റേതാവുകയും ചെയ്യും. പിന്നെ നഷ്ടപരിഹാര തുക വിതരണം മാത്രമാണ് ബാക്കിയാവുക. ഇതിനു മുന്നോടിയായി ഭൂമി നഷ്ടപ്പെടുന്ന മുഴുവന്‍ പേരെയും മുഖാമുഖത്തിന് വിളിക്കും.
അവര്‍ക്ക് സമ്മതമില്ലെങ്കിലും ഭൂമിയേറ്റെടുക്കല്‍ നടപ്പാക്കും. നഷ്ടപരിഹാരം ഓഫിസില്‍ നിന്ന് കൈപ്പറ്റാന്‍ തയ്യാറാവാത്തവരുടെ തുക പയ്യന്നൂര്‍ സബ് കോടതിയില്‍ നിക്ഷേപിക്കും. കേസ് നടപടി പൂര്‍ത്തിയാവുമ്പോള്‍ കോടതി തുക നല്‍കും. തുകയുടെ കാര്യത്തില്‍ മാത്രമേ കേസ് പരിഗണിക്കുകയുള്ളൂ.
അതേസമയം, തളിപ്പറമ്പിലെ ദേശീയപാത സ്ഥലം ഏറ്റെടുക്കല്‍ ഡപ്യൂട്ടി കലക്്ടര്‍ക്ക് കീഴിലെ രണ്ട് തഹസില്‍ദാര്‍മാരുടെ ഓഫിസുമായി ഇതിനകം 306 പേര്‍ക്ക് ഭൂമിയുടെ നഷ്ടപരിഹാരം വിതരണം ചെയ്ത് കഴിഞ്ഞു. സെന്റിന് രണ്ടര ലക്ഷം മുതല്‍ നാലു ലക്ഷം വരെയാണ് നഷ്ടപരിഹാരമായി നിശ്ചയിച്ചത്. വെള്ളൂര്‍ മുതല്‍ വളപട്ടണം വരെയുള്ള ഭൂമി ഏറ്റെടുത്തുകൊണ്ട് നേരത്തേ ത്രിഡി നോട്ടിഫിക്കേഷന്‍ ഇറക്കിയിരുന്നു. ഇതിനു ശേഷം അലൈന്‍മെന്റ് മാറ്റി പാപ്പിനിശ്ശേരി തുരുത്തി, കീഴാറ്റൂര്‍ ബൈപാസ് ഒഴികെയുള്ള സ്ഥലത്തെ ഉടമകള്‍ക്കാണ് നഷ്ടപരിഹാരം നല്‍കിയത്. 300ഓളം പേരുടെ ഹിയറിങ് പൂര്‍ത്തിയാക്കി തുക നിശ്ചയിച്ചിട്ടുണ്ട്. ഈ തുകയും ഉടന്‍ വിതരണം ചെയ്യും.
Next Story

RELATED STORIES

Share it