Alappuzha local

ചുങ്കത്തെ അനധികൃത മദ്യവില്‍പന ശാല നഗരസഭ അടച്ചുപൂട്ടി : ജനകീയ സമരം വിജയിച്ചു



ആലപ്പുഴ: ചുങ്കത്ത് മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ അനധികൃത ബില്‍ഡിങില്‍ 35 ദിവസമായി തുറന്ന് പ്രവര്‍ത്തിച്ചിരുന്ന ബീവറേജ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റ് ഇന്നലെ നഗരസഭാ അധികൃതര്‍ പൂട്ടി. നടപടി ക്രമങ്ങളുടെ ഭാഗമായി ദിവസങ്ങള്‍ക്ക് മുമ്പ് ബീവറേജസ് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. നാടകീയ രംഗങ്ങള്‍ക്കാണ് ഇന്നലെ സാക്ഷ്യംവഹിച്ചത്. രാവിലെ മുതല്‍ ആഹ്ലാദം പങ്കുവയ്ക്കാനായി മദ്യ വില്‍പന കേന്ദ്രത്തിന് സമീപത്തെ സമര വേദിയിലേക്ക് ജനകീയ സമിതി പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങിയിരുന്നു. 11  മണിയോടെ നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ ഭരണ സമിതിയംഗങ്ങള്‍ എത്തിയെങ്കിലും ബന്ധപ്പെട്ട നഗരസഭ ഉദ്യോഗസ്ഥര്‍ എത്തിയില്ല. നഗരസഭ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെല്ലാം രാവിലെ മുതല്‍ സ്ഥലത്തില്ലാത്തതിനാല്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് കൈമാറി സ്ഥാപനം സീല്‍ ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ വൈകി. ഇതിനിടെ ബീവറേജ് ജീവനക്കാരും 15 ഓളം പോലിസുകാരും അകത്തുനിന്നും ഗേറ്റ് പൂട്ടുകയും ചെയ്തു. തുടര്‍ന്ന് ജില്ലാ പോലിസ് സൂപ്രണ്ട് അടക്കമുള്ള ഉേദ്യാഗസ്ഥരുമായി മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് സംസാരിക്കുകയും എംപി അടക്കമുള്ളവരെ തല്‍സ്ഥിതി ബോധ്യപ്പെടുത്തി. പോലിസ് ഉദേ്യാഗസ്ഥരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പോലിസുകാര്‍ കോംപൗണ്ടിന് വെളിയില്‍ വരികയും ബീവറേജസിലെ രണ്ടു ജീവനക്കാര്‍ പുറത്തിറങ്ങാന്‍ കൂട്ടാക്കാതിരിക്കുകയും ചെയ്തു. ഇതോടെ മുനിസിപ്പാലിറ്റി തീരുമാനം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു എന്ന് ബോധ്യമായ മുനിസിപ്പല്‍ ചെയര്‍മാന്‍ സ്വന്തം നിലയില്‍ ഗേറ്റ് പുറത്തു നിന്നു പൂട്ടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമ പ്രശ്‌നങ്ങളും താന്‍ ഏറ്റെടുക്കുന്നതായും ചെയര്‍മാന്‍ വ്യക്തമാക്കി. ഒരു മണിക്കൂറിന് ശേഷം കോംപൗണ്ടിനുള്ളില്‍ അകപ്പെട്ട രണ്ടു ജീവനക്കാര്‍ക്ക് അസ്വസ്ഥത അനുഭവിക്കുന്നതായി കാണിച്ച് ഫയര്‍ ഫോഴ്‌സിനെ വിവരമറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പോലിസും ചേര്‍ന്ന് പൂട്ട്‌പോളിച്ച് ഇരുവരെയും ഇവിടെ നിന്ന് മാറ്റി. അതേസമയം കച്ചവടത്തിനായി തുറന്നു എന്ന് കരുതി ജനകീയ സമര സമിതി അംഗങ്ങള്‍ മദ്യശാലയ്ക്ക് മുമ്പില്‍ തടിച്ചുകൂടുകയും പോലിസ് അവരെ കാര്യം പറഞ്ഞു മനസ്സിലാക്കി തിരിച്ചയക്കുകയും ചെയ്തു. നിലവില്‍ അനധികൃത മദ്യശാല പൂട്ടിയ നിലയിലാണ്. ഇന്നു മുതല്‍ മദ്യ ശാല അടഞ്ഞുകിടക്കുമെന്നാണ് പറയുന്നത്. ഔട്ട്‌ലെറ്റ് നിലനിര്‍ത്തണമെന്നാവാശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ഇന്ന് പരിഗണനയ്ക്ക് എടുക്കുമെന്നും അറിയുന്നു. മദ്യ വില്‍പന കേന്ദ്രം അടച്ചുപൂട്ടിയെങ്കിലും രണ്ടു ദിവസത്തിനകം തുറക്കാനുള്ള സാഹചര്യമൊരുങ്ങുമെന്നും പ്രദേശവാസികള്‍ ഭയപ്പെടുന്നു. ബീവറേജ് ജീവനക്കാരെ അകത്തിട്ട് പൂട്ടിയ സംഭവത്തിലും മദ്യ വില്‍പനശാലയ്‌ക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചതിനും ജനകീയ സമിതി അംഗങ്ങളെ പ്രതി ചേര്‍ത്ത് ആലപ്പുഴ സൗത്ത് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ടൗണില്‍ ബാന്‍ഡ് മേളങ്ങളോടെ ആഹ്ലാദ പ്രകടനം നടത്തി. ടി എ വാഹിദ്, സുനീര്‍ ഇസ്മായില്‍, റിനാഷ് മജീദ്, ഇലയില്‍ സൈനുദീന്‍, അഡ്വ. ബിന്ദു, വൈ ഫൈസല്‍, സുധീര്‍ കല്ലുപാലം, മുജീബ് കലാം, സനല്‍ ശരീഫ്, ജമീല്‍, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് റഹിയാനത്ത് സൂധീര്‍, സീനത്ത് ബീവി നേതൃത്വം നല്‍കി. 35 ദിവസം നീണ്ട സമരത്തില്‍ ജനകീയ സമിതിക്കൊപ്പം നിരവധി പാര്‍ട്ടികളും മദ്യ ശാലയ്‌ക്കെതിരേ സമരവുമായി രംഗത്തുവന്നിരുന്നു. തുടക്കത്തില്‍ വിമണ്‍ ഇന്ത്യമൂവ്‌മെന്റ് ലഹരിക്കെതിരേ സ്ത്രീ ശബ്ദം എന്ന പേരില്‍ വിവിധ വനിത രാഷ്ട്രീയ നേതാക്കളെ അണിനിരത്തി സംഘടിപ്പിച്ച സമരം സ്ത്രീ ജനങ്ങളെ സമരത്തിലേക്ക് ആകര്‍ഷിച്ചു. കോണ്‍ഗ്രസ്, എസ്ഡിപിഐ, എസ് യുസിഐ, മദ്യ വിരുദ്ധ സമിതി, ആംആദ്മി പാര്‍ട്ടി, പിഎംഎംവൈ, മാസ്‌ക്, കെവിവിഇഎസ്, മുസ്്‌ലിം ലീഗ്, വെല്‍ഫെയര്‍പാര്‍ട്ടി, പിഡിപി എന്നിവരുടെ പ്രവര്‍ത്തകരും സമരവുമായി രംഗത്തുവന്നിരുന്നു. ഭരണകക്ഷിയായ സിപിഎം തുടക്കം മുതല്‍ സമരവുമായി സഹകരിച്ചിരുന്നില്ല.
Next Story

RELATED STORIES

Share it